Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജപാളയം രാജ

RAMCO-raja പി.ആർ. രാമസുബ്രഹ്മണ്യരാജ

ആ പാതയോരത്ത്, വാകപ്പൂക്കൾ കളമൊരുക്കിയ മതിൽക്കെട്ടിനപ്പുറം രാമമന്ദിരം ഉണർന്നു. ശിൽപചാരുത മുറ്റിനിൽക്കുന്ന വിശാലമായ പൂമുഖം കടന്ന് അകത്തു ചെല്ലുമ്പോൾ പൂജാമുറിയിൽ, ശൃംഗേരി മഠത്തിൽനിന്നു കൊണ്ടുവന്ന വിഘ്നേശ്വര വിഗ്രഹത്തിനും സാളഗ്രാമത്തിനും മുന്നിൽ തൊഴുകൈകളോടെ ഒരാൾ. പരുത്തിയോളം വെളുത്ത മുടിയിഴകൾ വെള്ളിവെളിച്ചം പോലെ. പുരികമധ്യേ തൊട്ട ചന്ദനക്കുറിയിൽനിന്നു വിശാലമായ നെറ്റിത്തടത്തിലേക്കുയരുന്ന നേർത്ത കുങ്കുമവര. വലതുകൈയിൽ മൂന്നു വിരലുകളിലായി സ്വർണമോതിരങ്ങൾ മുഖത്തോളം തിളങ്ങി. പൂജാമുറി വിട്ടിറങ്ങിവന്നത് പി.ആർ.രാമസുബ്രഹ്മണ്യ രാജ. ചന്ദനനിറത്തിലെ പരുത്തിത്തുണിയിൽ തീർത്ത സഫാരി സ്യൂട്ടിനുള്ളിൽ നേർത്തൊരു പുഞ്ചിരിയുമായി നാട്ടുകാരുടെ സ്വന്തം പിആർആർ. പ്രതിവർഷം ആറായിരം കോടി രൂപയുടെ വിറ്റുവരവുള്ള രാംകോ ഗ്രൂപ്പിന്റെ ചെയർമാൻ.

വിശ്വാസം കൊണ്ടു മലയാളികൾക്കു പരിചിതമായ– ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ (രാജ്യത്തെ അഞ്ചാമത്തെ) സിമന്റ് കമ്പനിയായ രാംകോ സിമന്റ്സിനു പുറമെ രാംകോ ഇൻ‍ഡസ്ട്രീസ്, രാജപാളയം മിൽസ്, രാംകോ സിസ്റ്റംസ് തുടങ്ങി എട്ടു സ്ഥാപനങ്ങളുടെ ചെയർമാൻ. ഒരു ഡസനോളം മറ്റു സ്ഥാപനങ്ങളുടെ ഡയറക്ടർ. സിമന്റ്, നൂൽ, റൂഫിങ് ഷീറ്റ്, ഇഷ്ടികകൾ, സോഫ്ട്‌വെയർ, കാറ്റിൽനിന്നു വൈദ്യുതി തുടങ്ങിയ രംഗങ്ങളിലായി ഇരുപത്തയ്യായിരത്തോളം പേർക്കു നേരിട്ടു തൊഴിൽ നൽകുന്ന ബിസിനസ് സാമ്രാജ്യത്തിന്റെ അധിപൻ. എൺപതു വയസ്സ് പൂർത്തിയായതിന്റെ നിറവിലാണ് തമിഴ് ആണി മാസത്തിൽ സിംഹരാശിയിൽ മകം പിറന്ന ഈ

രാജ– രാജപാളയം രാജ...

കൊല്ലം– തിരുമംഗലം ദേശീയപാതയിൽ മധുരയ്ക്ക് 87 കിലോമീറ്റർ ഇപ്പുറം രാജപാളയം. പട്ടണമധ്യത്തിലെ വസതിയിൽ രാമസുബ്രഹ്മണ്യ രാജ പുലർച്ചെ നാലരയ്ക്ക് ഉണർന്നു. കൃത്യം ഏഴിനു രാമമന്ദിരത്തിന്റെ പൂമുഖത്ത്. നാട്ടുകാരുടെ സങ്കടങ്ങൾ കേൾക്കാൻ രാവിലെയും വൈകിട്ടും ഓരോ മണിക്കൂർ. കല്യാണത്തിന്, ചികിൽസയ്ക്ക്, വീടുവയ്ക്കാൻ, പഠനത്തിന്.... അങ്ങനെ സഹായം തേടി ഓരോരുത്തർ വരും. വരുന്നവരൊക്കെ കയ്യും മനസ്സും നിറഞ്ഞേ മടങ്ങൂ. ജോലി ആവശ്യപ്പെട്ടു നൂറുകണക്കിനു പേർ വരും. അതിനു മാത്രം രാജയ്ക്ക് ഒരു ഡിമാൻഡ് ഉണ്ട്– കമ്പനിയിലെ ഒരു ടെസ്റ്റ് പാസാകണം.. സഹായം വേറെ, ജോലി വേറെ.

പിആർആറിനെ പിന്നെ നഗരത്തിലെ രാജപാളയം മിൽസിലെ ഓഫിസ് മുറിയിൽ കാണാം. സഹായിയായി പ്രൈവറ്റ് സെക്രട്ടറി ജി. അനന്തകൃഷ്ണൻ ഒപ്പം. രാജ്യമാകെ വ്യാപിച്ചുകിടക്കുന്ന ബിസിനസിന്റെ തിരക്കുകൾക്കു നടുവിലിരുന്ന് പിആർ രാമസുബ്രഹ്മണ്യ രാജ രാംകോയുടെ കഥ പറഞ്ഞു. രാജപാളയം എന്ന കൊച്ചുപട്ടണത്തിൽനിന്നു രാംകോ ഗ്രൂപ്പിനെ രാജ്യത്തെ മുൻനിര കമ്പനികളിലൊന്നാക്കി വളർത്തിയ അഞ്ചര പതിറ്റാണ്ടോളം നീളമുള്ള കഥ... അസാധ്യമെന്നു ബിസിനസ് ലോകം മുദ്രകുത്തിയ പദ്ധതികൾ ഏറ്റെടുത്തു വിസ്മയവിജയം കൊയ്തതിന്റെ കഥ...

രാജപാളയത്തിന്റെ സ്വന്തം പിഎസിആർ

രാജപാളയം പട്ടണത്തിലെവിടെ നോക്കിയാലും ഈ നാലക്ഷരങ്ങൾ കാണാം– പിഎസിആർ. രാംകോ ഗ്രൂപ്പിന് അടിത്തറ പാകിയ പിഎസി രാമസ്വാമി രാജ. ഇപ്പോഴത്തെ ചെയർമാൻ പി.ആർ.രാമസുബ്രഹ്മണ്യ രാജയുടെ പിതാവ്. പശ്ചിമഘട്ട മലനിരകൾക്കു ചാരെ ഈ ഗ്രാമത്തെ ഇന്നു കാണുന്ന വ്യവസായ– വാണിജ്യ നഗരമാക്കി മാറ്റിയ കഥ പിഎസിആർ കുടുംബത്തിന്റെ ചരിത്രം കൂടിയാണ്.

കൃഷി പ്രധാന വരുമാനമാർഗമായി കണ്ടിരുന്ന കുടുംബത്തിൽ ബിസിനസിൽ ആദ്യം കളം മാറിച്ചവിട്ടിയത് പഞ്ചായത്ത് പ്രസിഡന്റായും രാജപാളയം നഗരസഭാ ചെയർമാനായും പ്രവർത്തിച്ച പിഎസിആർ ആണ്. രാജപാളയത്തെ വിശാലമായ പരുത്തിപ്പാടങ്ങളിലെ വിളവ് മധുരയിലെയും മറ്റും മില്ലുകൾ കൊണ്ടുപോകാതെ ഇവിടെത്തന്നെ നൂലാക്കി മാറ്റിയാലോ എന്നു ചിന്തിച്ച പിഎസിആർ സ്പിന്നിങ് മില്ലിനെക്കുറിച്ചു പഠിക്കാൻ ഇംഗ്ലണ്ടിലേക്കു വണ്ടികയറി. മടങ്ങിയെത്തി 1938ൽ രാജപാളയം മിൽസ് എന്ന പേരിൽ പബ്ലിക് ലിമിറ്റഡ് കമ്പനി തുടങ്ങി. എന്താണ് ഓഹരി എന്നുപോലും നാട്ടുകാർക്ക് അറിയാതിരുന്ന കാലത്ത്, അഞ്ചുലക്ഷം രൂപയുടെ ഓഹരികൾ വിറ്റഴിച്ചായിരുന്നു തുടക്കം!

മില്ലു തുടങ്ങാൻ ഓഹരിയെടുത്തു പിഎസിആറിൽ നാട്ടുകാർ അർപ്പിച്ച വിശ്വാസത്തിന്റെ അടിത്തറയിലാണ് രാംകോ ഗ്രൂപ്പ് പടുത്തുയർത്തപ്പെട്ടത്. 1961ൽ മദ്രാസ് സിമന്റ് ലിമിറ്റഡ് (ഇപ്പോഴത്തെ രാംകോ) എന്ന പേരിൽ സിമന്റ് കമ്പനി തുടങ്ങി. മഞ്ഞ പ്രതലത്തിൽ നീല അക്ഷരങ്ങളിൽ ‘രാംകോ’ എന്ന എഴുത്തും ശ്രീ വില്ലിപുത്തൂർ ആണ്ടാൾ ക്ഷേത്രഗോപുരത്തിന്റെ മാതൃകയിൽ ലോഗോയും പിന്നീട് രാജ്യത്തിന്റെ യശസ്സിന്റെ ഭാഗമായി.
തൊട്ടടുത്ത വർഷം പിഎസിആർ അന്തരിച്ചു. മദ്രാസ് ജനറൽ ആശുപത്രിയിൽ മരണത്തെ മുഖാമുഖം കാണുന്ന നിമിഷങ്ങളിലൊന്നിൽ തന്നെ അടുത്തുവിളിച്ചു പിതാവ് പറഞ്ഞ വാക്കുകൾ ഇന്നും രാമസുബ്രഹ്മണ്യ രാജയുടെ കാതുകളിലുണ്ട്– ‘ഓഹരി ഉടമകൾക്കു വേണ്ടിയാകണം ഇനി നിന്റെ ജീവിതം...’

ആ വാക്കിന്റെ വഴിയേ...

മദ്രാസ് ലയോള കോളജിൽനിന്ന് ഊർജതന്ത്രത്തിൽ ബിരുദം നേടി പുറത്തിറങ്ങിയപ്പോൾ മകൻ പിആർആറിനു പിതാവ് പിഎസിആർ നല്ലൊരു ‘പണി’ കൊടുത്തു. ‘കൊച്ചുമുതലാളി’യായി രാജപാളയം മില്ലിൽ വേണമെങ്കിൽ കറങ്ങി നടക്കാമായിരുന്ന രാമസുബ്രഹ്മണ്യ രാജയ്ക്കു ചെന്നൈയിലെ ബ്രിട്ടിഷ് ടെക്സ്റ്റൈൽ മില്ലിൽ അപ്രന്റീസ് ആയി ജോലി. കാക്കി നിക്കറും ഷർട്ടും ധരിച്ചു സാധാരണ തൊഴിലാളികളോടൊപ്പം പുലർച്ചെ മുതൽ അധ്വാനം. ഭക്ഷണവും ഉറക്കവും തൊഴിലാളികൾക്കൊപ്പം. അങ്ങനെ ഒന്നരവർഷം.

ഭാവിയിൽ ഒരു മില്ല് നടത്തണമെങ്കിൽ സാധാരണ തൊഴിലാളിയുടെ പണിമുതൽ പഠിക്കണമെന്ന പിതാവിന്റെ വാശി രാമസുബ്രഹ്മണ്യ രാജയ്ക്കു പിന്നീട് വലിയ മൂലധനമായി. പിതാവ് മരിക്കുമ്പോൾ രാമസുബ്രഹ്മണ്യ രാജയ്ക്ക് വയസ്സ് 27. രാജപാളയം മില്ലും രാംകോ സിമന്റ്സും ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ ഉത്തരവാദിത്തം മുഴുവൻ തലയിലേറ്റേണ്ടിവന്ന ആ യുവാവ് പിന്നീട് അദ്ഭുതങ്ങൾ തന്നെ സൃഷ്ടിച്ചു. ഒരേസമയം പരുത്തിയോളം മൃദുവായ നയവും സിമന്റിനോളം ഉറപ്പുള്ള നിശ്ചയദാർഢ്യവുമായിരുന്നു കൈമുതൽ. പിതാവിന്റെ വാക്കുകൾ ഏറ്റെടുത്തു മുന്നോട്ടുപോയ രാമസുബ്രഹ്മണ്യ രാജ രാംകോ ഗ്രൂപ്പിന്റെ വളർച്ച ചുരുങ്ങിയ കാലം കൊണ്ട് ഇരട്ടിയല്ല, പത്തിരട്ടിയാക്കി.

‘പിതാവിനു നൽകിയ ഉറപ്പ് പാലിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഞാൻ തയാറല്ലായിരുന്നു...’ രാജപാളയം മിൽസിന്റെ 10 രൂപയുടെ ഓഹരിക്കു ഓഹരി വിപണിയിൽ 489 രൂപയായതു ചൂണ്ടിക്കാട്ടി രാമസുബ്രഹ്മണ്യ രാജ പറഞ്ഞു. രാജപാളയം മില്ല് തുടങ്ങുമ്പോൾ കേവലം 12,300 തക്ലികൾ ഉണ്ടായിരുന്നത് ഇന്നു 4.25 ലക്ഷമായി. ടെക്സ്റ്റൈൽസ് വിഭാഗത്തിൽ നിന്നുമാത്രമുള്ള വാർഷിക വിറ്റുവരവ് 1400 കോടി. നൂൽ വ്യവസായത്തിൽ ആധുനികീകരണത്തിനു വിത്തു പാകിയ രാജ പരുത്തി നേരിട്ടു നൂലാക്കി മാറ്റുന്ന (ഓപ്പൺ എൻഡ് യാൺ) സാങ്കേതികവിദ്യ രാജ്യത്ത് ആദ്യം അവതരിപ്പിച്ചു. കയറ്റുമതി മാത്രം ലക്ഷ്യമിട്ടു ദക്ഷിണേന്ത്യയിൽ ആദ്യത്തെ സ്പിന്നിങ് മില്ലും (രാജപാളയം സ്പിൻടെക്സ്റ്റ്) സ്ഥാപിച്ചു.

ജപ്പാനിലെ മിറ്റ്സുബിഷി കോർപറേഷൻ പ്രതിവർഷം 75 കോടിയുടെ നൂലാണ് ഇവിടെനിന്നു വാങ്ങുന്നത്. അഞ്ചര പതിറ്റാണ്ടു മുൻപു പിഎസിആർ സിമന്റ് കമ്പനി തുടങ്ങുമ്പോൾ ഉൽപാദനശേഷി പ്രതിവർഷം 66,000 ടൺ ആയിരുന്നത് ഇന്നു 11 ദശലക്ഷം ടൺ. വാർഷിക വിറ്റുവരവ് 60 ലക്ഷത്തിൽനിന്നു 3700 കോടിയായി. സിമന്റ് ഉൽപാദനത്തിൽ നിലവിലുണ്ടായിരുന്ന വെറ്റ് പ്രോസസിങ് സിസ്റ്റത്തിനു പകരം ഡ്രൈ പ്രോസസ് സാങ്കേതികവിദ്യയും ഫ്ലൈ ആഷിൽനിന്നു സിമന്റ് ഉൽപാദിപ്പിക്കുന്ന സാങ്കേതികവിദ്യയും അവതരിപ്പിച്ചതു രാമസുബ്രഹ്മണ്യ രാജയുടെ വിപ്ലവകരമായ ചുവടുവയ്പായിരുന്നു.

ഉൽപാദനം ഇരട്ടിയായതിനു പുറമെ ഇന്ധനച്ചെലവും മലിനീകരണവും കുറയ്ക്കാനായി. അനവധി അവാർഡുകളും ഈ പരീക്ഷണങ്ങൾക്കു ലഭിച്ചു. ആസ്ബസ്റ്റോസ് ഷീറ്റുകൾ ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നു വാദമുയർന്നതോടെ കൃത്രിമ നാരുകൾ ഉപയോഗിച്ചു നോൺ– ആസ്ബസ്റ്റോസ് ഷീറ്റുകൾ ആദ്യമായി വിപണിയിലിറക്കി മിടുക്കു കാട്ടി. കൽക്കരി അധിഷ്ഠിത താപവൈദ്യുത നിലയങ്ങളും കാറ്റാടിയന്ത്രങ്ങളും സ്ഥാപിച്ച് ഏകദേശം 200 മെഗാവാട്ട് വൈദ്യുതി കമ്പനി സ്വയം ഉൽപാദിപ്പിക്കുമ്പോൾ രാജയ്ക്കു സിമന്റ് വ്യവസായത്തിലെ ‘പരീക്ഷണരാജാവ്’ എന്ന പേരും വീണു.

90-ramco-alone ‘എന്റെ സ്ഥാപനങ്ങളിൽ ഇതുവരെ പണിമുടക്ക് ഉണ്ടായിട്ടില്ല. അതിന്റെ ആവശ്യവും വന്നിട്ടില്ല...’

മുതലാളിയും തൊഴിലാളി നേതാവും

‘എന്റെ സ്ഥാപനങ്ങളിൽ ഇതുവരെ പണിമുടക്ക് ഉണ്ടായിട്ടില്ല. അതിന്റെ ആവശ്യവും ഇവർക്കു വന്നിട്ടില്ല...’ രാജപാളയം മില്ലിലെ തൊഴിലാളികൾക്കിടയിൽ അവരിലൊരാളെപ്പോലെ നിന്നു രാമസുബ്രഹ്മണ്യ രാജ പറയുന്നു. ‘എല്ലാ വർഷവും പൊങ്കൽ ദിവസം ഞാൻ തൊഴിലാളികളോടും അവരുടെ കുടുംബാംഗങ്ങളോടും കമ്പനിയുടെ സ്ഥിതി വിവരിക്കും. അവർക്കു പറയാനുള്ളത് സ്വാതന്ത്ര്യത്തോടെ പറയാം. ഇവിടെ ഈ മില്ലിൽ മൂന്നു യൂണിയനുകളുണ്ട്. പ്രധാന തീരുമാനങ്ങളെടുക്കും മുൻപ് അവരുമായും ചർച്ച ചെയ്യും. അവരാരും ഇതുവരെ ഒന്നും ചോദ്യം ചെയ്തിട്ടില്ല. അവരുടെ ഏതു കാര്യത്തിലും ഞാൻ ഇടപെടും. ഫലത്തിൽ ഞാനാണ് ഇവിടെ യൂണിയൻ ലീഡർ’ – രാജപാളയം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് സ്ഥാനത്ത് 50 വർഷം പൂർത്തിയാക്കിയ രാജ സംതൃപ്തിയോടെ ചിരിച്ചു.

വിശ്വാസം, സിമന്റുറപ്പ് പോലെ

ഇതിനിടയ്ക്കു രാമസുബ്രഹ്മണ്യ രാജ പേരിൽ മാറ്റം വരുത്തി. സംഖ്യാജ്യോതിഷ വിദഗ്ധന്റെ ഉപദേശപ്രകാരം ഇംഗ്ലിഷ് പേരിൽ ചില അക്ഷരങ്ങൾ കൂട്ടിച്ചേർത്ത് P.R Ramasubrahmaneya Rajha എന്നാക്കി. രാജ കടുത്ത ഈശ്വരവിശ്വാസിയാണ്. തമിഴ്നാട്ടിൽ രാജയുടെ സംഭാവന എത്താത്ത സംരംഭങ്ങൾ ചുരുക്കം. ക്ഷേത്രങ്ങളുടെ നിർമാണം മുതൽ പുനരുദ്ധാരണം വരെ രാജ സ്പോൺസർ ചെയ്തിട്ടുണ്ട്. സ്വാമി ചിന്മയാനന്ദന്റെ ദർശനങ്ങളിൽ ആകൃഷ്ടനായിരുന്നു പിഎസിആർ. പിഎസിആറിന്റെ ക്ഷണം സ്വീകരിച്ചു സ്വാമി പലതവണ രാജപാളയത്തെത്തിയിട്ടുണ്ട്. പിഎസിആറിന്റെ മരണശേഷം രാമസുബ്രഹ്മണ്യ രാജയ്ക്ക് ആധ്യാത്മികബലം നൽകിയതും സ്വാമിയായിരുന്നു. ‘കുടുംബത്തിലെ പ്രധാന ആധ്യാത്മിക ഗുരു സ്വാമിയായിരുന്നു. എനിക്ക് അദ്ദേഹം കത്തുകൾ എഴുതുമായിരുന്നു. സ്വാമിയുടെ നിർദേശപ്രകാരമാണ് രാജപാളയത്ത് ഞങ്ങൾ ചിന്മയ സ്കൂളുകൾ തുടങ്ങിയത്’ – രാജ പറയുന്നു.

മൂത്തമകൻ പിആർ െവങ്കട്ട രാമരാജ (പിആർവി) എന്ന അൻപത്തിയാറുകാരനാണ് രാംകോ സിസ്റ്റംസിന്റേതുൾപ്പെടെയുള്ള ചുമതല. പെൺമക്കളായ നളിന രാമലക്ഷ്മിയും ശാരദാ ദീപയും ടെക്സ്റ്റൈയിൽസ് മേഖലയിൽ പിതാവിനെ സഹായിക്കുന്നു. ബിസിനസിനെക്കുറിച്ചും സാമൂഹിക ജീവിതത്തെക്കുറിച്ചും രാമസുബ്രഹ്മണ്യരാജയ്ക്കു സ്വന്തം തത്വശാസ്ത്രമുണ്ട്. ‘എന്തു ബിസിനസ് ചെയ്താലും സമൂഹത്തിനു നമ്മളെക്കൊണ്ട് എന്താണ് ഉപയോഗം എന്നു സ്വയം ചോദിച്ചു കൊണ്ടേയിരിക്കുക. സമൂഹത്തിനു ഗുണമില്ലെങ്കിൽ പണമുണ്ടാക്കിയിട്ടെന്തു കാര്യം... ? രാജ ചോദിക്കുന്നു. അതിനു തെളിവായി രാജപാളയത്തും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലും തലയുയർത്തി നിൽപുണ്ട്, ഒരുപിടി സന്നദ്ധ സ്ഥാപനങ്ങൾ.

രാജ അമരക്കാരനായ വിവിധ ട്രസ്റ്റുകൾക്കു കീഴിൽ എൻജിനീയറിങ് കോളജ്, പോളി ടെക്നിക്കുകൾ, ഐടിഐകൾ, സ്കൂളുകൾ, വേദപാഠശാലകൾ, ട്രൈബൽ ഹോസ്റ്റൽ, ആശുപത്രികൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സ്ഥാപനങ്ങളും ക്ഷേത്രങ്ങളും. വേദപാഠശാലയുടെയും ക്ഷേത്രകാര്യങ്ങളുടെയും നിയന്ത്രണം ഭാര്യ ആർ.സുദർശനത്തിനാണ്.
ഈ വിജയത്തിനു പിന്നിലെ രഹസ്യമെന്തെന്നൊരു പതിവുചോദ്യം ചോദിച്ചാൽ മറുപടിക്കു മൈക്രോസോഫ്ട് സ്ഥാപകൻ ബിൽ ഗേറ്റ്സിന്റെ വാക്കുകൾ രാജ കടമെടുക്കും: ‘കഠിനാധ്വാനം, അർപ്പണം, പിന്നെ ഭാഗ്യം...’ രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ശ്രീലങ്കയിലുമൊക്കെ ഫാക്ടറികളുള്ള രാജ ഭൂരിഭാഗം സമയവും യാത്രയിലാകും.

ഓരോ നാട്ടിലെത്തുമ്പോഴും പുതുതലമുറ സംരംഭകർ രാജയെ പൊതിയും. അവരോടു രാജ ഒന്നേ പറയാറുള്ളൂ: ‘അർപ്പണബോധത്തോടെ അത്യധ്വാനം ചെയ്യുക, ഭാവിക്കുവേണ്ടി റിസ്കെടുക്കാൻ തയാറാവുക, വ്യത്യസ്തമായി ചിന്തിക്കുക. മറ്റുള്ളവർക്കു സ്ഥാപനത്തെക്കുറിച്ചുള്ള വിശ്വാസം കാത്തുസൂക്ഷിക്കാൻ വിയർപ്പൊഴുക്കുക. വിജയത്തിന് അതിനപ്പുറം ഒന്നും വേണ്ട...’ മടങ്ങാനൊരുങ്ങുമ്പോൾ, ടൂറിനു പോകാൻ കൊതിക്കുന്ന കുട്ടിയെപ്പോലെ രാമസുബ്രഹ്മണ്യ രാജ കേരളത്തിന്റെ പ്രകൃതിഭംഗിയെക്കുറിച്ചു വാതോരാതെ പറഞ്ഞു. ‘അഴകാർന്ന ഊര്... ഗോഡ്സ് ഓൺ കൺട്രി...’ യാത്രാമൊഴിക്കൊടുവിൽ, പഞ്ഞിക്കെട്ടിൽ തൊട്ടതുപോലെ ഹസ്തദാനം. ഉറച്ച ബന്ധമെന്നോണം അതു പതിയെ മുറുകി.