Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ദിരയുടെ മകൾ; ദൈവത്തിന്റെയും

90-COVER-KEERTHI-THREE-8-col കീർത്തിയും അമ്മ ഇന്ദിരയും.

 ഒരു പൂമൊട്ടു പറിച്ചെറിയുന്നത്ര നിസ്സാരമായാണ് പേരറിയാത്ത ആ അമ്മ സ്വന്തം ഗർഭത്തിലെ കുഞ്ഞിനെ കൊന്നത്. പെറ്റമ്മയുടെ കണ്ണിൽ, മാസംതികയാതെ പുറത്തെടുത്ത കുഞ്ഞ് മരിച്ചു. ആശുപത്രി രേഖകളിൽ, ഗർഭഛിദ്രം നടത്തിയ മാംസപിണ്ഡമായി അവൾ ആശുപത്രിക്കു പിന്നിലെ മണ്ണിൽ ലയിച്ചു. പക്ഷേ, ദൈവം അവൾക്കു രണ്ടാം ജന്മവുമായി ആശുപത്രി വരാന്തയിലേക്ക് അന്നേരം കയറിവരുന്നുണ്ടായിരുന്നു; ഇന്ദിരയുടെ രൂപത്തിൽ.

ഗർഭഛിദ്രത്തിന്റെ മാലിന്യമായി കുഴിച്ച‍ുമൂടാൻ ആശുപത്രി ജീവനക്കാരൻ കൊണ്ടുപോയ വളർച്ചയെത്താത്ത ഭ്രൂണത്തിൽനിന്നു മകളെ കണ്ടെത്തിയ ഒരമ്മ. മാവേലിക്കര തെക്കേക്കര വാത്തികുളം പറങ്ങോടിയിൽ ഇന്ദിരയും (62) ഇരുപതുവർഷം മുൻപ് അവർ കണ്ടെത്തി ജീവനും ജീവിതവും നൽകി വളർത്തിയെടുത്ത മകൾ കീർത്തിയും ഇപ്പോഴും അതിജീവനത്തിനുവേണ്ടിയുള്ള പോരാട്ടത്തിലാണ്.

മറുപിറവി

1996 ഡിസംബർ ആറ്. സഹോദരി തങ്കമ്മയുടെ മകൾ ഗംഗ ആശുപത്രിയിൽ പ്രസവിച്ച വിശേഷമറിഞ്ഞാണ് ഇന്ദിര ആലപ്പുഴ ജില്ലയിലെ ഒരു താലൂക്ക് ആശുപത്രിയിലെത്തിയത്. തിരക്കുള്ള ആശുപത്രി വരാന്തയിലൂടെ പുറത്തേക്കു നടന്നുപോകുന്ന ആശുപത്രി ജീവനക്കാരന്റെ കയ്യിലെ ബക്കറ്റിലേക്ക് മറ്റുള്ളവർ അറപ്പോടെ ഉറ്റുനോക്കുന്നതു കണ്ട് ഇന്ദിരയും ഒന്നുനോക്കി.

ബക്കറ്റിൽ ഒരു മാംസപിണ്ഡം. ചോരപുരണ്ട ഒരു കുഞ്ഞിന്റെ രൂപം. ഇന്ദിരയുടെ തലയിലേക്കു രക്തം ഇരച്ചുകയറി. അയാളുടെ പിന്നാലെ നടന്നു. ആശുപത്രിയുടെ പിന്നിൽ, പുതിയതായി കുഴിച്ച ഒരു കുഴിയുടെ അരികിൽ അയാൾനിന്നു. പിന്നാലെ ഇന്ദിരയും. ആ മാംസപിണ്ഡം അയാൾ കുഴിയിലേക്കു സാവധ‍ാനമിട്ടു.

‘ഇന്നലെ അബോർഷൻ നടന്നതാ, ചാപിള്ള–’ മരവിച്ച മനഃസാക്ഷിയുടെ ശബ്ദം ആ ആശുപത്രി ജീവനക്കാരനിൽനിന്ന് ഇന്ദിര കേട്ടു. എവിടെയോ കൊളുത്തിവലിച്ച ഒരു സംശയം തീർക്കാൻ ഇന്ദിര കുഴിയിൽക്കിടന്ന കുഞ്ഞുശരീരത്തിന്റെ കാലിൽ വെറുതെയൊന്നു തൊട്ടു.

ചൂടുള്ള ശരീരത്തിന്റെ സ്പർശമേറ്റതും തണുത്ത ആ കുഞ്ഞുകാലുകൾ ഒന്നു വിറച്ചു. ആ വിറയൽ ഇന്ദിരയുടെ കൈകളിലൂടെ ഹൃദയത്തിലേക്കു തരംഗമായെത്തി–‘ഇതിനു ജീവനുണ്ട്...’ അറിയാതെതന്നെ ഒരു ശബ്ദം നാവിലേക്കെത്തി. ആശുപത്രി ജീവനക്കാരൻ ആശയക്കുഴപ്പത്തിലായി.

‘ഈ കുഞ്ഞിനെ എനിക്കുതരുമോ?’– അമ്മയാകാൻ വെമ്പുന്ന ഇന്ദിരയുടെ മനസ്സിലെ ചോദ്യം ആശുപത്രി ജീവനക്കാരനെ വീണ്ടും കുഴപ്പത്തിലാക്കി.

‘ചത്തെന്നു ഡോക്ടർമാർ പറഞ്ഞ കുഞ്ഞാ, നിങ്ങളായിട്ടു കുഴപ്പമുണ്ടാക്കരുത്. കുഴിച്ചിടാൻ ഇതിന്റെ തള്ള എനിക്കു 200 രൂപ തന്നിട്ടുണ്ട്’– ജീവനക്കാരന്റെ ശബ്ദം ചാപിള്ളയായി പുറത്തുവന്നു.

‘എനിക്കു കുഞ്ഞുങ്ങളില്ല, ഞാനെടുത്തോളാം, പുറത്താരുമറിയില്ല’ കയ്യിലുണ്ടായിരുന്ന 200 രൂപ കൂടി ജീവനക്കാരന്റെ കയ്യിൽ പിടിപ്പിച്ചതോടെ ഇന്ദിരയ്ക്ക് ഒരു മകൾ ജനിച്ചു.
‌‌
മനസ്സിലേന്തിയ ഗർഭം

ശല്യമൊഴിവാക്കാൻ, പിറക്കുന്നതിനു മുൻപേ അമ്മ കൊല്ലാനേൽപിച്ച കുഞ്ഞിനെയും കൊണ്ട് എന്തുചെയ്യണമെന്നറിയാതെ ഇന്ദിര മുന്നോട്ടുനടന്നു. ഭർത്താവ് സേതുനാഥക്കുറുപ്പിന്റെ പെങ്ങൾ ശ്രീദേവിയുടെ വീട്ടിലെത്തി. അവിടെ സേതുനാഥക്കുറുപ്പ് ഉറക്കത്തിലാണ്. ഭർത്താവിന്റെ പെങ്ങളോടു കാര്യങ്ങൾ പറഞ്ഞു. അവർ സഹോദരനെ വിളിച്ചുണർത്തി വിവരമറിയിച്ചു.
‘കുഞ്ഞ് ആണോ പെണ്ണോ?’– ദേഷ്യംകൊണ്ടു ചുവന്ന കണ്ണുകളടച്ചു കുറുപ്പിന്റെ ചോദ്യം.

‘പെണ്ണാണ്’– പെങ്ങളുടെ മറുപടിക്കു കുറ‍ുപ്പിന്റെ ഉത്തരം ഒരു ആട്ടായിരുന്നു. ‘അതിനെയും എടുത്തുകൊണ്ട് എങ്ങോട്ടെന്നുവച്ചാൽ ഇറങ്ങിക്കോളാൻ പറഞ്ഞേക്ക്’ എന്നു പറഞ്ഞ് സേതുനാഥക്കുറുപ്പ് കുഞ്ഞിനെ കാണാൻപോലും കൂട്ടാക്കിയില്ല.

ഓട്ടോറിക്ഷ പിടിച്ച് അടുത്തുള്ള സ്വകാര്യ ആശുപത്രികളിലെല്ലാം ഇന്ദിര കയറിയിറങ്ങി. ‘മാസം തികയാതെ അമ്മ ഉപേക്ഷിച്ച കുഞ്ഞിനെയും കൊണ്ട് ഇവിടേക്കുവന്നാൽ പൊലീസിനെക്കൊണ്ടു പിടിപ്പിക്കും’– എല്ലായിടത്തും ഒരേ പല്ലവി. കുഞ്ഞിനു കൊടുക്കാൻ ഒരിറ്റു ചൂടുവെള്ളം ചോദിച്ചതിന്റെ പേരിൽ കടകളിൽ നിന്നുപോലും ആട്ടിയിറക്കി. ഒടുവിൽ ഓട്ടോറിക്ഷാ ഡ്രൈവർക്കു മനസ്സലിഞ്ഞു. അയാൾക്കു പരിചയമുള്ള ഒരു ശിശുരോഗ വിദഗ്ധനുണ്ട്. അവിടെ കൊണ്ടിറക്കി.

കുഞ്ഞിനെ ഡോക്ടർ വിശദമായി പരിശോധിച്ചു. മാസംതികയാതെ ജനിച്ച കുഞ്ഞായതിനാൽ ജീവൻ രക്ഷിക്കുന്ന കാര്യം കഷ്ടമാണ്. ഭാരം ഒരുകിലോഗ്രാം മാത്രം. ഇൻകുബേറ്ററിൽ കിടത്തണം. പക്ഷേ, അതിനു പണമെവിടെ?

ഒടുവിൽ ഡോക്ടർ സഹായം ചെയ്തു. തന്റെ ആശുപത്രിയിൽ തന്നെ ശിശുരോഗ വിഭാഗത്തിൽ ഒരു പ്രത്യേകമുറി കുട്ടിക്കായി ഒരുക്കി. അവിടെ ഗ്ലൂക്കോസ് ഡ്രിപ് മാത്രം നൽകി 10 ദിവസം അതീവ സുരക്ഷിതമായി കുഞ്ഞിനെ പരിപാലിച്ചു. പത്താംദിവസം ആശുപത്രിയിൽനിന്നു വീട്ടിലേക്ക്...

പത്തുദിവസത്തെ ആശുപത്രി ചികിൽസ കഴിഞ്ഞുള്ള ദിവസങ്ങൾ അതികഠിനമായിരുന്നു. അന്നു ഗ്ല‍ൂക്കോസ് ഡ്രിപ് നൽകിയിരുന്നതു ചില്ലു കുപ്പിയിലായിരുന്നു. അതിൽ ചൂടുവെള്ളം നിറച്ചു കുഞ്ഞിന്റെ രണ്ടുവശങ്ങളിലും കാലിലും ഇന്ദ‍ിര ചൂടുനൽകിക്കൊണ്ടിരുന്നു. ഇടവേളകളിൽ കൃത്യമായി ഈ പരിചരണത്തോടൊപ്പം അഞ്ചുദിവസത്തിലൊരിക്കൽ ആശുപത്രിയിലെത്തിച്ചു പരിശോധിക്കണം.

ഗർഭം നശിപ്പിക്കാൻ വേണ്ടി ചെയ്തതായതിനാൽ കുഞ്ഞിന്റെ ശരീരത്തിലെ പൊക്കിൾക്കൊടി ഉൾപ്പെടെയുള്ളവ വേണ്ടവിധം മുറിക്കുകയും പരിചരണം നൽകുകയും ചെയ്തിരുന്നില്ല. അതിനാൽ കാറ്റു തൊടുകപോലും ചെയ്യാതെ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയും വീട്ടിൽ പരിചരിക്കുകയും ചെയ്യുകയെന്നത് ശ്രമകരമായ ദൗത്യമായിരുന്നു ഇന്ദിരയ്ക്ക്.

120 ദിവസം കണ്ണും കരളും കുഞ്ഞിൽമാത്രം അർപ്പിച്ച് ഇന്ദിര കാവലിരുന്നു. കുഞ്ഞിന് ഓരോ അഞ്ചു ദിവസം കൊണ്ട് അഞ്ചു ഗ്രാമിൽ കൂടുതൽ ഭാരം ഉണ്ടാകരുതെന്ന കർശന നിർദേശം ഡോക്ടർ നൽകിയിരുന്നു. 120 ദിവസം കഴിഞ്ഞാണു വായിലൂടെ നേരിട്ടു വെള്ളം നൽകിത്തുടങ്ങിയതുപോലും.

കാർത്തികയിലെ കീർത്തി

ആട്ടിയിറക്കിയെങ്കിലും സേതുനാഥക്കുറുപ്പ് കുഞ്ഞിനെക്കാണാൻ വന്നു. കണ്ടുകണ്ടു കുഞ്ഞിനെ സ്നേഹിക്കാൻ തുടങ്ങി... ഇന്ദിരയ്ക്കു കുഞ്ഞിനെ കിട്ടുന്നതിന്റെ തലേന്നായിരുന്നു അവളുടെ ജനനം. കാർത്തിക നക്ഷത്രം. കാർത്തികജാതർ കീർത്തിമാന്മാരായിരിക്കുമെന്ന വിശ്വാസത്തിൽ സേതുനാഥക്കുറുപ്പിന്റെ സഹോദരി പേരിട്ടു; കീർത്തി. പിറക്കാതെപോയ സ്വന്തം മകളെ കീർത്തിയിൽ കണ്ട സേതുനാഥക്കുറുപ്പ് പേരിൽ ചേലുള്ളൊരു തിരുത്തു വരുത്തി–കീർത്തി എസ്.കുറുപ്പ്.

120 ദിവസത്തെ തീവ്രപരിചരണവും കീർത്തിയുടെ ജീവിതത്തിൽ കാര്യമായ മാറ്റം വരുത്തിയില്ല. ഒരുവയസ്സു തികഞ്ഞപ്പോഴും കീർത്തി സമപ്രായക്കാരായ മറ്റു കുട്ടികളെപ്പോലെ വളർന്നില്ല. കമഴ്ന്നു വീണില്ല. മുട്ടിലിഴഞ്ഞില്ല. പിടിച്ചെണീക്കാൻ തുടങ്ങിയില്ല. അമ്മയ്ക്ക് ആധിയായി. വീണ്ടും ഡോക്ടറെക്കാണാനെത്തി.

മാസംതികയാതെ ജനിച്ച്, തുടക്കത്തിൽ േവണ്ടപരിചരണം കിട്ടാത്ത കുട്ടിയായതിനാൽ ഫിസിയോതെറപ്പി ചെയ്യണം. ഡോക്ടർതന്നെ അതിനു മികച്ച മറ്റൊരു ഡോക്ടറെ പരിചയപ്പെടുത്തിക്കൊടുത്തു–കോട്ടയം മെഡിക്കൽ കോളജിൽ. ചികിൽസയ്ക്കായി കോട്ടയത്തേക്കു താൽക്കാലികമായി താമസംമാറ്റി, ഇന്ദിരയും കീർത്തിയും. ശരീരം ഭാഗികമായി പ്രവർത്തിക്കാൻ തുടങ്ങിയെങ്കിലും എണീറ്റുനിൽക്കാൻ കാലുകൾക്കു ശേഷിയുണ്ടായില്ല. ഇപ്പോഴും വീൽചെയറിലാണു ജീവിതം.

ആർഎസ്പി പ്രവർത്തകനായിരുന്നു സേതുനാഥക്കുറുപ്പ്. ഫർണിച്ചർ കച്ചവടവും തടിക്കച്ചവടവും നടത്തിയാണ‍ു കുടുംബം പുലർത്ത‌ിയിരുന്നത്. വൈകല്യങ്ങളുണ്ടെങ്കിലും ‘മകളെ’ പഠിക്കാൻ വിട്ടു. വാത്തികുളം എൽപി സ്കൂളിലും കറ്റാനം സിഎംഎസ് എച്ച്എസിലും പോപ് പയസ് ഹയർ സെക്കൻഡറി സ്കൂളിലുമായി പഠിച്ച് പ്ലസ് ടു പാസായി കീർത്തി.

ഇതിനിടെ, കീർത്തി എട്ടിൽ പഠിക്കുമ്പോൾ കാൻസർ ബാധിച്ചു സേതുനാഥക്കുറുപ്പു മരിച്ചു. അഞ്ചുവർഷം ചികിൽസയിലായിരുന്നു. ചികിൽസയ്ക്കായി ഇന്ദിരയുടെ പേരിലുണ്ടായിരുന്ന വസ്തുക്കളൊക്കെ വിൽക്കേണ്ടി വന്നു. ഭർത്താവിന്റെ മരണശേഷം ഇന്ദിര മൂന്നുസെന്റ് ഭൂമി വാങ്ങി കുടിൽ കെട്ടി. ചെറിയ മുറുക്കാൻ കടയിലെ വരുമാനം കൊണ്ടാണ് ഇന്ന് ഇരുവരും ജീവിക്കുന്നത്.

മഴക്കാലമാകുമ്പോൾ ഈ കുടിലിനുചുറ്റും വെള്ളം കെട്ടും. അപ്പോൾ സഹോദരങ്ങളുടെ വീട്ടിലേക്ക് ഇന്ദിര കീർത്തിയെയും കൂട്ടി താമസം മാറ്റും. പ്ലസ്ടു കഴിഞ്ഞ കീർത്തിക്കു കംപ്യൂട്ടർ ഡിപ്ലോമ നേട‍ി അമ്മയ്ക്കൊരു താങ്ങാകണമെന്നാണ് ആഗ്രഹം.

ഒപ്പം, തന്നെ ജീവിതത്തിലേക്കു തിരിച്ചെടുത്ത അമ്മയ്ക്കായൊരു വീടുവച്ചു കൊടുക്കണമെന്നും. പക്ഷേ, അത് എങ്ങനെ സാധിക്കുമെന്നുമാത്രം അവൾക്കറിയില്ല. ഇന്ദിരയുടെ ഫോൺ: 97475 78049.

Your Rating: