Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെളിച്ചമായി അമ്മ

monica-03-09 മോനിക്ക ബെസ്ര

മദർ തെരേസയെ വാഴ്ത്തപ്പെട്ടവൾ എന്നു പേരുവിളിക്കാൻ കാരണമായ അദ്ഭുതം നടന്നതു ബംഗാളിലാണ്. റായ്ജഞ്ചിയിലെ ഗിരിവർഗക്കാരിയായ മോനിക്ക ബെസ്ര ഇപ്പോഴും പ്രാർഥനയിലാണ്. മദർ തെരേസയുടെ ചിത്രമുള്ള കാശുരൂപത്തിൽനിന്ന് ഒരു പ്രകാശം തന്നെ വന്നു പൊതിഞ്ഞതായി അവർ പറയുന്നു. അന്നു രാത്രി, അതുവരെ ആശുപത്രികൾക്കു പേടിസ്വപ്നമായി നിന്ന അർബുദബാധ തന്നെ വിട്ടുപോയതായും അവർ പറയുന്നു.

മദർ തെരേസയുടെ വിയോഗത്തിനു പിന്നാലെ 1998ലാണു യുവതിയുടെ വയറ്റിലെ ട്യൂമർ ഭേദമായതായി ആദ്യം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 2002ൽ കത്തോലിക്കാസഭ ഇത് ഔദ്യോഗികമായി അംഗീകരിച്ചു. 2003ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ മദർ തെരേസയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.

അടിവയറ്റിൽ ട്യൂമറാണെന്നു കണ്ടെത്തിയതിനുശേഷം, പാവങ്ങളുടെ അമ്മയെ വിളിച്ചു പ്രാർഥിക്കുമായിരുന്നു അവർ. മദറിന്റെ ചിത്രമുള്ള കാശുരൂപം വയറിന്മേൽ വച്ചായിരുന്നു പ്രാർഥന. ഒരു ദിവസം രാത്രി കാശുരൂപത്തിൽനിന്നു തീവ്രമായ പ്രകാശം തന്റെനേർക്കു വരുന്നതുപോലെ തോന്നിയതായി മോനിക്ക ഇപ്പോഴും ഓർമിക്കുന്നു. അടുത്ത ദിവസം ആശുപത്രിയിൽ പരിശോധിച്ചപ്പോൾ ട്യൂമർ മാറിയിരുന്നു.

വൈദ്യശാസ്ത്രത്തിനു വിശദീകരിക്കാനാവാത്ത അദ്ഭുതകരമായ രോഗശാന്തിയായി ഇതിനെ മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹം വിലയിരുത്തി. ഇക്കാര്യം കൊൽക്കത്തയിലെ രൂപതാധികൃതർ വഴി വത്തിക്കാനിലെത്തി. നാമകരണ നടപടികൾ ആരംഭിച്ചു. മോനിക്കയെ ചികിൽസിച്ച ഡോക്ടർമാർ അടക്കം അനേകം സാക്ഷികളെ വിസ്തരിച്ചു. ഒപ്പം മദറിന്റെ ജീവിതം, വിശ്വാസം, അദ്ഭുതപ്രവൃത്തികൾ എന്നിവയടങ്ങിയ 36,000 പേജുള്ള രഹസ്യ റിപ്പോർട്ട് തയാറാക്കി വത്തിക്കാനിലേക്ക് അയച്ചു. അദ്ഭുതം നടന്നതായി 2002ൽ അംഗീകരിച്ചു. 2003 ഒക്ടോബർ 19നു മദർ തെരേസയെ ജോൺ പോൾ രണ്ടാമൻ മാർപാപ്പ കത്തോലിക്കാ സഭയിലെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്കു പേരുവിളിച്ചു.