Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദൈവത്തിന്റെ നാട്; അതല്ലേ സ്വർഗം

Author Details
farsana-sana മകൾ സനയുമൊത്ത്ഫർസാന ചിത്രം: റസൽ ഷാഹുൽ

അങ്ങു ഗുജറാത്തിൽ, ഫർസാനയെയും മകൾ സനയെയും കാത്ത് ആരും ഉണ്ടാകാൻ വഴിയില്ല. ബന്ധുക്കളാരെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്ന് ഉറപ്പുമില്ല. ലോകത്തിന്റെ ഏതെങ്കിലും കോണിൽ രക്തബന്ധത്തിന്റെ ഇഴയടുപ്പമുള്ള, പേരറിയാത്ത ആരെങ്കിലും ഉണ്ടാവുമോ? ആവോ, ആർക്കറിയാം. ഒന്നു മാത്രം അറിയാം. ഫർസാനയ്ക്കു മകൾ സനയും സനയ്ക്ക് ഉമ്മ ഫർസാനയും സ്വന്തമാണ്. സ്വന്തമെന്നു പറയാൻ ഇരുവർക്കും ഇന്ന് ആകെയുള്ളതും ഇവർ മാത്രമാണ്. 

ഗുജറാത്തിലെ കച്ച് ജില്ലയിലാണു ഫർസാനയുടെ ജനനം. വിവാഹശേഷം മുംബൈയിലേക്കു ചേക്കേറി. ബഹുരാഷ്ട്ര കമ്പനികളിൽ മാർക്കറ്റിങ് വിഭാഗത്തിൽ ജോലിചെയ്തുവന്ന ഫർസാന എന്ന എംബിഎ ബിരുദധാരിണി ഇപ്പോൾ കോഴിക്കോട് ജെഡിടി ഇസ്‌ലാം എജ്യൂക്കേഷനൽ ട്രസ്റ്റിന്റെ വിദ്യാഭ്യാസ സമുച്ചയത്തിൽ സെക്യൂരിറ്റി ജീവനക്കാരിയാണ്.

ട്രസ്റ്റിന്റെ കീഴിലുള്ള അനാഥാലയത്തിലാണു മകൾ കുറച്ചുകാലം വളർന്നത്. ഇപ്പോൾ ഒരു കുഞ്ഞു വാടകവീട്ടിലാണ് ഇവരുടെ താമസം. നിറമുള്ള ജീവിതത്തിന്റെ തിരക്കഥ ഒരുങ്ങേണ്ടിയിരുന്ന ഫർസാന എന്ന നാൽപത്താറുകാരിയുടെയും മകളുടെയും ജീവിതത്തിൽ ആകസ്മികതകളാണു വിധി കാത്തുവച്ചത്. കച്ച് ജില്ലയിലെ ഭുജ് എന്ന ഗ്രാമത്തിലാണ് ഫർസാന ജനിച്ചത്. അച്ഛൻ ദാവൂദ് ഇസ്മായിൽ പട്ടേൽ.

അമ്മ ബീവി. ഇദ്രിസ് എന്ന സഹോദരനും സെറീന എന്ന സഹോദരിക്കും ഒപ്പം കുട്ടിക്കാലം ആഹ്ലാദകരമായിരുന്നു. കുടുംബവും കുട്ടികളും കഴിഞ്ഞൊരു ചിന്തയില്ലാത്ത ബാപ്പ മക്കൾക്ക് ആവശ്യത്തിനു സ്വാതന്ത്ര്യവും അനുവദിച്ചിരുന്നു. പഠിക്കാൻ എല്ലാവരും മിടുക്കർ. ഗാർലിക് എൻജിനീയറിങ് എന്ന ക്രെയിൻ നിർമാണ കമ്പനിയിലെ തൊഴിലാളിയായിരുന്ന ദാവൂദ് കയ്യിൽ കിട്ടിയ ഒരു രൂപ പോലും പാഴാക്കിയില്ല. എല്ലാം മക്കളുടെ ഭാവിക്കായി കരുതിവച്ചു. ഏഴു നിലകളുള്ള കെട്ടിട സമുച്ചയത്തിലെ രണ്ടാം നിലയിലായിരുന്നു ഫർസാനയുടെ കുടുംബം താമസിച്ചിരുന്നത്.

എംബിഎ വിജയകരമായി പൂർത്തിയാക്കിയതോടെ മുംബൈയിലെ ആഡംബര ഹോട്ടലിലെ മാനേജരായ നാട്ടുകാരൻ സിറാജ് പട്ടേലുമായി ഫർസാനയുടെ വിവാഹം നടന്നു. ഇവർക്കു മൊഹ്സിൻ, സനാ എന്നിങ്ങനെ രണ്ടു കുട്ടികൾ ജനിച്ചു. പേരക്കുട്ടികളെ ഫർസാനയുടെ അച്ഛൻ ദാവൂദ് താഴെവയ്ക്കുമായിരുന്നില്ല. ആ സ്നേഹവാൽസല്യങ്ങളുടെ തണലിൽ കുട്ടികൾ പിച്ചവച്ചു.

ജീവിതം ഉലഞ്ഞുപോയ കാലം

മകൻ മൊഹ്സിന് എട്ടു വയസ്സെത്താറായപ്പോഴേക്കും അവനെ ഉപ്പയെ ഏൽപിച്ചു രണ്ടു വയസ്സുകാരി സനയുമായി ഫർസാന മുംബൈയിലേക്കു പറന്നു. ബഹുരാഷ്ട്ര കമ്പനിയിൽ മാർക്കറ്റിങ് വിഭാഗത്തിൽ ജോലി കാത്തിരിക്കുന്നുണ്ടായിരുന്നു. ഭർത്താവിനൊപ്പം മുംബൈ താനെയിലെ ഫ്ലാറ്റിൽ സന്തോഷകരമായി കൊച്ചുകുടുംബം ജീവിച്ചു.

ഇങ്ങു ഭുജിലെ ഗ്രാമത്തിൽ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും സംരക്ഷണയിൽ കുഞ്ഞു മൊഹ്സിൻ വളർന്നു. 2001 ജനുവരി 26. രാജ്യം 52–ാം റിപ്പബ്ലിക് ദിനം ആഘോഷിക്കാൻ ഉണർന്നു തുടങ്ങുകയായിരുന്നു. ഭൂമി ഗുജറാത്തിൽ വല്ലാതെ പിണങ്ങിയ ദിവസം കൂടിയായിരുന്നു അന്ന്. കച്ച് ജില്ലയെ നാമാവശേഷമാക്കി, ഭുജ് ഗ്രാമത്തെ വെറുമൊരു മൺകൂനയാക്കി രണ്ടു മിനിറ്റു നീണ്ട ഭൂചലനം. പതിനായിരങ്ങളുടെ ജീവൻ തകർന്നു കെട്ടിടാവശിഷ്ടങ്ങൾക്കടിയിലായി. അക്കൂട്ടത്തിൽ ദാവൂദും ഭാര്യ ബീവിയും മക്കളായ ഇദ്രിസും സെറീനയും പേരക്കുട്ടി മൊഹ്സിനുമുണ്ടായിരുന്നു.

ഭൂമി ഒന്നനങ്ങിയപ്പോൾ അങ്ങനെ ജന്മനാട്ടിൽ ഒന്നും ബാക്കിയില്ലാത്തവളായി ഫർസാന മാറുകയായിരുന്നു. നാട്ടിൽ കളിച്ചുചിരിച്ചു നടന്ന മൊഹ്സിനടക്കം തന്റേതെന്നു പറയാവുന്നതെല്ലാം ഇല്ലാതായ വാർത്ത ഫർസാനയുടെ ഭർത്താവ് സിറാജ് പട്ടേലിനു താങ്ങാൻ കഴിയുമായിരുന്നില്ല. നെഞ്ചു പൊട്ടി അദ്ദേഹം മരിച്ചു. എല്ലാം പെട്ടെന്നു കഴിഞ്ഞിരിക്കുന്നു. ഉദിച്ച സൂര്യൻ ഉച്ചിയിലെത്തും മുൻപ് ഫർസാനയ്ക്ക് മകളെ ഒഴിച്ച് മറ്റെല്ലാവരെയും നഷ്ടമായി.

ചാരം മൂടിയ കാലം

തോൾസഞ്ചിയിൽ കൊള്ളാവുന്നതെല്ലാം എടുത്ത് മൂന്നു വയസ്സുകാരി സനയെ മാറോടടക്കി ഫർസാന ഭുജിലേക്കു വണ്ടി കയറി. വീട് നിന്ന സ്ഥലം പോലും തിരിച്ചറിയാൻ വയ്യ. ഉറ്റവരിൽ ഒരാളുടെ പോലും മൃതദേഹം കാണാനായില്ല. നാട് നിറയെ ഇഷ്ടികക്കൂനകൾ... പൊടിപടലങ്ങൾ....യുദ്ധം കഴിഞ്ഞ നിലം പോലെ. ബന്ധുക്കൾ പോകട്ടെ, പരിചയത്തിൽപ്പെട്ട ഒരാളെപ്പോലും കാണാൻ കഴിഞ്ഞില്ല. തന്റെ ചെറിയ സാന്നിധ്യം പോലും തിരിച്ചറിഞ്ഞാൽ ഓടിക്കൂടുന്ന കൂട്ടുകാരും ബന്ധുക്കളുമുണ്ടായിരുന്ന ഭൂതകാലം. തന്നെയും മകളെയും ബാക്കിവച്ച വിധിയോടുള്ള രോഷമായിരുന്നു ഉള്ളിൽ. ആരുമില്ലാത്ത ഗ്രാമത്തിൽ എന്തു ചെയ്യാൻ?

മുംബൈയിലേക്കു തന്നെ മടങ്ങി. ജീവിതത്തിൽ ഒറ്റയ്ക്കാകേണ്ടിവരുന്ന യുവതിയുടെ വേദനകൾ ഫർസാന അറിയുകയായിരുന്നു. മകളെ നോക്കാൻതന്നെ സമയം കിട്ടാത്ത ഒരമ്മയ്ക്ക് മൽസരമുള്ള മാർക്കറ്റിങ് മേഖലയിൽ മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ജോലി ഉപേക്ഷിച്ചു. മകളെ കൂടി നോക്കാൻ കഴിയുന്നൊരു ജോലിക്കായുള്ള അന്വേഷണമായി അടുത്തത്. മുംബൈ നഗരത്തിന്റെ വിശാലതയിൽ ഒട്ടേറെ സ്ഥാപനങ്ങളുടെ വാതിലുകളിൽ ഫർസാന മുട്ടി.

ഒടുവിൽ പുണെയിലെ ഒരു ഹോസ്റ്റലിൽ വാർഡനായി ജോലി കിട്ടി. ശമ്പളം തീരെ കുറവായിരുന്നു. എങ്കിലും മകളുടെയും തന്റെയും സുരക്ഷിത്വം ഓർത്ത് അവിടെ നിന്നു. പക്ഷേ ജീവിതത്തിൽ മറ്റാരും തുണയില്ലാത്ത ഏതൊരു അമ്മയെയും പോലെ സനയുടെ കാര്യത്തിൽ ഫർസാന ആശങ്കാകുലയായിരുന്നു. മകൾ വളർന്നു വരുന്നു. അവൾ സുരക്ഷിതയായിരിക്കണം. അതിനു പറ്റിയൊരു ഇടം ഈ ദുനിയാവിലുണ്ടെങ്കിൽ കണ്ടുപിടിക്കണം.

ദൈവത്തിന്റെ നാട് വിളിച്ചു

ഫർസാന വായിച്ചും കേട്ടും അറിഞ്ഞ കേരളം നന്മയുടെ നാടാണ്. വിദ്യാസമ്പന്നരുടെ നാട്. മതസൗഹാർദത്തിന്റെ നാട്. സ്ത്രീക്ക് വ്യക്തിസ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ള നാട്. ലിംഗ സമത്വം മറ്റേതൊരു ഇന്ത്യൻ സംസ്ഥാനത്തെയുംകാൾ കൂടുതലുള്ള നാട്. അങ്ങനെയുള്ള ഒരു നാട്ടിൽ താനും മകളും സുരക്ഷിതരായിരിക്കുമെന്ന് ഈ അമ്മ കണക്കുകൂട്ടി. ഇന്റർനെറ്റിൽ കേരളത്തിലെ അനാഥാലയങ്ങളുടെ പട്ടിക പരതി.

farsana ഫർസാന

അങ്ങനെയാണ് ജെഡിടി ഇസ്‌ലാം ഓർഫനേജ് എന്ന പേര് കണ്ണിലുടക്കുന്നത്. കോഴിക്കോട് വെള്ളിമാടുകുന്നിലെ സ്ഥാപനത്തിലേക്ക് തന്റെ കാര്യങ്ങൾ കാണിച്ച് ഇ മെയിൽ അയച്ചു. നേരിട്ടെത്തണമെന്നാവശ്യപ്പെട്ട് മറുപടി ലഭിച്ചു. അതു കിട്ടിയ ദിവസംതന്നെ ഇരുവരും കേരളത്തിലേക്കു തിരിച്ചു.

2009ൽ അങ്ങനെ ഇരുവരും കേരളത്തിൽ കാലുകുത്തി. ജെഡിടിയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന സമുച്ചയത്തിൽ സെക്യൂരിറ്റി ജോലി ലഭിച്ചു. മകളെ ജെഡിടിയുടെ കീഴിലുള്ള സിബിഎസ്ഇ സ്കൂളിൽ ചേർത്തു. ഇപ്പോൾ അവൾ പത്താം ക്ലാസിലാണ്. പഠിക്കാൻ മിടുക്കി. കേരളത്തെക്കുറിച്ചു കേട്ടറിഞ്ഞതെല്ലാം ശരിയായിരുന്നോ എന്ന ചോദ്യത്തിന് ഇതൊക്കെ ശരിയല്ലേ എന്നായിരുന്നു ചിരിനിറച്ചു തിരിച്ചുള്ള ചോദ്യം. വെള്ളിമാടുകുന്നിനു സമീപം മൂഴിക്കൽ വിരിപ്പിൽ എന്ന സ്ഥലത്ത് ചെറിയൊരു വാടകവീട്ടിലാണ് ഈ അമ്മയുടെയും മകളുടെയും താമസം.

കേരളത്തിലെത്തിയ ശേഷം ഫർസാന 12 തവണ ഗുജറാത്തിലേക്കു പോയിട്ടുണ്ട്. ഗുജറാത്ത് കലാപത്തിലും മറ്റും ഇരകളായി പലായനം ചെയ്യേണ്ടിവന്ന കുട്ടികളെ ജെഡിടി ട്രസ്റ്റിന്റെ കീഴിലുള്ള അനാഥാലയത്തിൽനിന്നു തിരികെ നാട്ടിലെത്തിക്കുന്നതിനു വേണ്ടിയായിരുന്നു അത്. പക്ഷേ, ഒരിക്കൽ പോലും ജന്മനാട് കാണണമെന്നു ഫർസാനയ്ക്ക് തോന്നിയിട്ടില്ല.

ഓർമിക്കുമ്പോൾ മനസ്സിലിപ്പോഴും ആ ഇഷ്ടികക്കൂനകളാണ്. നാട് കാണണമെന്ന മോഹം മൊട്ടിടുമ്പോഴേക്കും മനസ്സിന്റെ പിൻവിളിയെത്തും. ഇനി കേരളം വിട്ടൊരു മടക്കം ഫർസാനയും സനയും ആഗ്രഹിക്കുന്നില്ല. സ്വന്തമായി ഒരു പിടിമണ്ണ് ഈ നാട്ടിൽ വേണം. സനയുടെ ഭാവി നിറമുള്ളതാകണം. ഇതൊക്കെയാണ് ഈ അമ്മയുടെ മോഹങ്ങൾ.

Your Rating: