Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പഠിത്തവീട്’ @ 200

cms കോട്ടയം സിഎംഎസ് കോളജ്. ചിത്രം: ആർ.എസ്. ഗോപൻ

കേരളത്തിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ തറവാടിനെ നാട്ടുകാർ ‘പഠിത്തവീട്’ എന്നു വിളിച്ചു. 1815ൽ കോട്ടയത്ത് മീനച്ചിലാറിന്റെ കരയിൽ ആരംഭിച്ച ഈ ‘പഠിത്തവീട്’ പിന്നീടു കേരളത്തിന്റെ ആധുനിക വിദ്യാഭ്യാസ ചരിത്രത്തിന്റെ ആദ്യ ഏടായി. ഓർത്തഡോക്സ് വൈദിക സെമിനാരി, സിഎംഎസ് കോളജ് എന്നിങ്ങനെ മഹത്വമാർന്ന രണ്ടു സ്ഥാപനങ്ങളായി വളർന്ന് അറിവിന്റെ വാതിലുകൾ മലർക്കെ തുറക്കുകയായിരുന്നു പഠിത്തവീട്.

കോട്ടയത്ത് ഒരു കോളജ് വേണം–1810 ഒക്ടോബർ പത്തിനു തിരുവിതാംകൂർ റസിഡന്റ് ആയി ചുമതലയേറ്റ കേണൽ മൺറോയുടെ മനസ്സിൽ ഈ ആഗ്രഹം പൊട്ടിമുളയ്ക്കുമ്പോൾ കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും കോളജ് എന്നു കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല. 1800 ജൂലൈ നാലിനു കൽക്കട്ടയിൽ ഗവർണർ ജനറൽ വെല്ലസ്‌ലി പ്രഭുവിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഫോർട്ട് വില്യം കോളജ് ആണ് അക്കാലത്തു നിലവിലുണ്ടായിരുന്ന കോളജ്. കൽക്കട്ടയിലെ ഹിന്ദുകോളജ് നിലവിൽ വന്നത് 1817ൽ ആണ്. കടലാസ് കണ്ടിട്ടില്ലാത്ത ജനങ്ങളായിരുന്നു അക്കാലത്തു കോട്ടയത്തുണ്ടായിരുന്നത്. ഒരു പുസ്തകംപോലും അന്നേവരെ കോട്ടയത്ത് അച്ചടിച്ചിട്ടുമില്ല. അങ്ങനെയുള്ള സ്ഥലത്ത് കോളജ് സ്ഥാപിക്കുകയെന്നത് ‘എത്ര മനോഹരമായ നടക്കാത്ത സ്വപ്നം’ എന്നു പറഞ്ഞു തള്ളിക്കളയാതെ മൺറോ അതിനെ വിടാതെ മുറുകെപ്പിടിച്ചു.

കോട്ടയത്ത് കോളജ് നിർമിക്കാനുള്ള ആഗ്രഹം ദിവാൻകൂടിയായ മൺറോ, റീജന്റായി ഭരണം നടത്തുന്ന ഗൗരിലക്ഷ്മിഭായിയെ അറിയിച്ചപ്പോൾ കോട്ടയത്ത് മീനച്ചിലാറിന്റെ കരയിൽ കോളജിനുള്ള സ്ഥലവും കെട്ടിടനിർമാണത്തിനുള്ള മുഴുവൻ തടിയും 500 രൂപയും റാണി നൽകി. 1808ൽ അന്നത്തെ റസിഡന്റ് കേണൽ മെക്കാളെ പുത്തൻകൂർ സുറിയാനിക്കാരുടെ പേരിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ 10,500 രൂപ നിക്ഷേപിച്ചിരുന്നു. അതിന്റെ നാലുവർഷത്തെ പലിശയായ 3360 രൂപയും കോളജ് നിർമാണത്തിനെടുത്തു. 1813 ഫെബ്രുവരി 18നു നിർമാണം ആരംഭിച്ച കോളജ് 1815ൽ പണി മുക്കാൽഭാഗം പൂർത്തിയായപ്പോൾതന്നെ വൈദികർക്കു വേണ്ടിയുള്ള ക്ലാസുകൾ ആരംഭിച്ചു. സുറിയാനി പഠിപ്പിക്കുന്നത് 1815ൽ തന്നെ ആരംഭിച്ചിരുന്നു.

_cms-tress

‘ഹീറോ’യിൽ കയറിവന്ന നായകൻ

ഇംഗ്ലണ്ടിലെ പോർട്സ്മത്ത് തുറമുഖത്തുനിന്ന് 1816 മേയ് നാലിന് ഇന്ത്യയിലേക്കു പുറപ്പെടാൻ തയാറായി കിടന്ന ‘ഹീറോ’ എന്ന കപ്പലിൽ കയറിയ സൗമ്യനായ യുവവൈദികൻ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ ചരിത്രത്തിലേക്കു കൂടിയാണ് ചുവടുവച്ചത്.

മൺറോ ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു ഇരുപത്തിയഞ്ചുകാരൻ ബെഞ്ചമിൻ ബെയ്‌ലിയുടെ യാത്ര. കഴിവുള്ള മിഷനറിമാരെ ഇംഗ്ലണ്ടിൽനിന്ന് അയയ്ക്കണമെന്ന് മൺറോ ചർച്ച് മിഷനറി സൊസൈറ്റി (സിഎംഎസ്)യോട് ആവശ്യപ്പെട്ടതനുസരിച്ച് കണ്ടെത്തിയ ബഹുമുഖ പ്രതിഭയായിരുന്നു ബെഞ്ചമിൻ ബെയ്‌ലി. കോട്ടയത്ത് കോളജ് ആരംഭിക്കണമെന്ന മൺറോയുടെ ആഗ്രഹത്തിന്റെ പൂർത്തീകരണമായി 1815ൽ തന്നെ മീനച്ചിലാറിന്റെ കരയിൽ പഠിത്തവീട് ആരംഭിച്ചിരുന്നു. അതിന്റെ പ്രിൻസിപ്പൽ ചുമതല വഹിക്കാനുള്ള മികച്ച കഴിവുകളുള്ള ആളെയായിരുന്നു മൺറോയ്ക്ക് ആവശ്യം.

ബെയ്‌ലിയുടെ കപ്പൽയാത്ര ക്ലേശകരമായിരുന്നു. 1816 സെപ്റ്റംബർ ഒൻപതിനു ബെയ്‌ലി കുടുംബാംഗങ്ങൾക്കൊപ്പം മദ്രാസിലെത്തി. അടുത്ത യാത്ര കൊച്ചിയിലേക്കാണ്. കാളവണ്ടിയിലും കുതിരപ്പുറത്തുമായിരുന്നു ആ യാത്ര. കൊച്ചിയിലെത്താൻ ഒരു മാസമെടുത്തു. ആലപ്പുഴയിൽ അക്കാലത്തുണ്ടായിരുന്ന മിഷനറി റവ. നോർട്ടനോടൊപ്പം താമസിച്ച് ബെയ്‌ലി മലയാളം പഠിക്കണമെന്നായിരുന്നു മൺറോയുടെ നിർദേശം. നോർട്ടന് മൺറോ കത്തെഴുതി – ‘മലയാളം സംസാരിക്കാൻ കഴിവുനേടി ബെയ്‌ലി എത്രയുംവേഗം കോട്ടയത്തു താമസിച്ചു പ്രവർത്തിക്കണം. അദ്ദേഹത്തിന് അവിടെ താമസിക്കാൻ കെട്ടിടം പണിയാൻ നടപടിയെടുത്തിട്ടുണ്ട്.’

1817 മാർച്ച് 25നു ബെയ്‌ലി കോട്ടയത്തു വന്നു. വന്ന അന്നുതന്നെ സിഎംഎസ് കോളജിന്റെ ആദ്യ പ്രിൻസിപ്പലായി അദ്ദേഹം ചാർജെടുത്തു. കോളജ് കെട്ടിടത്തിന്റെ പണി അപ്പോഴും പൂർത്തിയായിരുന്നില്ല. കോളജിലെ പാഠ്യക്രമം പരിഷ്കരിച്ചു. സംസ്കൃതം, മലയാളം എന്നിവ പഠിപ്പിക്കാൻ നാട്ടുകാരായ പണ്ഡിതന്മാരെ നിയമിച്ചു. ഹീബ്രൂ, ഗ്രീക്ക് എന്നിവ പഠിപ്പിക്കാൻ കൊച്ചിയിൽനിന്ന് മോശഇസാർഫതി എന്ന യഹൂദ പണ്ഡിതനെ കൊണ്ടുവന്നു.

ബെയ്‌ലിതന്നെ ഇംഗ്ലിഷ് പഠിപ്പിച്ചു. ഭൂമിശാസ്ത്രം, കണക്ക് എന്നിവയും കോളജിൽ പഠിപ്പിച്ചു. ബെയ്‌ലിയുടെ വരവു മുതലാണ് കോളജ് എന്ന അർഥതലത്തിലേക്ക് ആ സ്ഥാപനം ഉയർന്നത്.

cms-students

'Cotym' കാലത്തെ വിദ്യാഭ്യാസം

‘കോട്ടയം കോളജ്’ എന്നാണ് കോളജിനെക്കുറിച്ചുള്ള പഴയകാല എഴുത്തുകുത്തുകളിൽ കാണുന്നത്. കോട്ടയം എന്നത് അക്കാലത്ത് Cotym എന്നാണ് ഇംഗ്ലിഷിൽ എഴുതിയിരുന്നത്. കോളജ് വിദ്യാർഥികൾ എഴുതാൻ ഓലയും നാരായവുമാണ് ആദ്യം ഉപയോഗിച്ചത്. കടലാസും തൂവൽകൊണ്ടുള്ള പേനയും അവർക്കു നൽകി. അത് ഉപയോഗിക്കാൻ വിദ്യാർഥികൾ പഠിക്കുകയും ചെയ്തു. ആൺകുട്ടികൾക്കു മാത്രമായിരുന്നു പ്രവേശനം. താമസിച്ചു പഠിക്കുന്ന രീതിയായിരുന്നു അവിടെ. 1816 ജൂണിൽ റവ. നോർട്ടൻ പഠിത്തവീട് സന്ദർശിക്കുമ്പോൾ 25 വിദ്യാർഥികൾ അവിടെ താമസിച്ചു പഠിക്കുന്നുണ്ടായിരുന്നു. അവർ സുറിയാനിയാണു പഠിച്ചിരുന്നതെന്ന് നോർട്ടൻ ഒരു കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. സുറിയാനി വൈദികർ, ക്രിസ്ത്യാനികൾ എന്നിവർക്കൊപ്പം മറ്റു മതങ്ങളിൽ പെട്ടവർക്കും ഉന്നതവിദ്യാഭ്യാസം നൽകാൻ മൺറോ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് സെമിനാരി എന്ന പേര് ഉപയോഗിക്കാതെ കോളജ് എന്നപേര് ആദ്യംമുതൽതന്നെ ഉപയോഗിച്ചത്.

1818 ആയപ്പോഴേക്കും വിദ്യാർഥികളുടെ എണ്ണം 40 ആയി. അവരിൽ പകുതി മാത്രമായിരുന്നു വൈദിക വിദ്യാർഥികൾ. എല്ലാ വിദ്യാർഥികൾക്കും താമസവും ഭക്ഷണവും സൗജന്യമായിരുന്നു. ഒരു വിദ്യാർഥിയുടെ ഒരുദിവസത്തെ ഭക്ഷണത്തിനുള്ള ചെലവായി കണക്കാക്കിയിരുന്നത് ഒന്നേമുക്കാൽ ചക്രമായിരുന്നു. അക്കാലത്ത് ഒരാൾക്ക് ഒരു മാസത്തേക്കു വേണ്ട അരിക്ക് ഒരുരൂപ മതിയായിരുന്നു. 1818ൽ പ്രതിമാസം 25 രൂപ ശമ്പളം വാങ്ങിയിരുന്ന രണ്ട് അധ്യാപകർ കോളജിലുണ്ടായിരുന്നു. 1826ൽ അധ്യാപകരുടെ ശമ്പളം പ്രതിമാസം 70 രൂപ വരെയായി ഉയർന്നു. അധ്യാപകർക്കു വ്യത്യസ്ത നിരക്കിലായിരുന്നു ശമ്പളം.

കേണൽ മൺറോ 1814ൽ തിരുവിതാംകൂർ ദിവാൻ സ്ഥാനം രാജിവച്ചു. 1815ൽ ഗൗരി ലക്ഷ്മിഭായിയുടെ ആകസ്മികമായ ദേഹവിയോഗംമൂലം റീജന്റായി അധികാരം ഏറ്റെടുക്കേണ്ടിവന്ന ഗൗരി പാർവതിഭായി വളരെ ചെറുപ്പവുമായിരുന്നു. ഭരണത്തിൽ മൺറോയുടെ മാർഗനിർദേശം അനുസരിച്ചാണ് ഗൗരി പാർവതിഭായി പ്രവർത്തിച്ചത്. 1817ൽ കോട്ടയം കോളജിനോടനുബന്ധിച്ച് ചാപ്പൽ പണിയുന്നതിന് ഗൗരി പാർവതിഭായി 1000 രൂപ സംഭാവന നൽകി.

കോളജിന് വൻതുക പിന്നെയും ലഭിച്ചു. തിരുവിതാംകൂർ സർക്കാർ ഈസ്റ്റ് ഇന്ത്യാ കമ്പനിക്കു കൊടുക്കാനുണ്ടായിരുന്ന കുടിശിക മുഴുവൻ കൊടുത്തുകഴിഞ്ഞപ്പോൾ 1818ൽ മൺറോ കണക്കുകൾ ഒരു വട്ടംകൂടി പരിശോധിച്ചു. പരിശോധനയിൽ 21,200 രൂപ ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് അധികമായി നൽകിയിട്ടുണ്ടെന്നു കണ്ടെത്തി. അതു സർക്കാരിലേക്കു തിരിച്ചടയ്ക്കാൻ മൺറോ തീരുമാനിച്ചു. അതു സർക്കാരിന്റെ മുതലിൽ പെടുത്തുന്നതിനു ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നു. അങ്ങനെയെങ്കിൽ ആ തുക കോട്ടയം കോളജിന് എൻഡോവ്‌മെന്റായി നൽകാൻ ഗൗരി പാർവതിഭായിയോട് മൺറോ അഭ്യർഥിച്ചു. തുകയിൽ 20,000 രൂപ റാണി കോളജിനു സംഭാവനയായി നൽകി. നേരത്തേ നൽകിയ 1000 രൂപ ഉൾപ്പെടെ 21,000 രൂപയുടെ രസീത് റാണിക്കു നൽകി.

ബെയ്‌ലി വളച്ചെടുത്ത ലിപി

ബെയ്‌ലി മലയാളം പഠിക്കണം എന്നേ മൺറോ പറഞ്ഞുള്ളൂ. ബെയ്‌ലി മലയാളം പഠിക്കുക മാത്രമല്ല കോളജിൽ മലയാളം അധ്യാപകനാവുകയും പിന്നീടു മലയാള വിഭാഗം തലവനാവുകയും ചെയ്തു. മലയാളം അക്ഷരങ്ങൾ നിർമിച്ച് അച്ചടി നടത്താൻ ബെയ്‌ലി ആഗ്രഹിച്ചു. ഇംഗ്ലണ്ടിൽനിന്ന് ഒരു അച്ചുകൂടം അയച്ചുകിട്ടാൻ വൈകുമെന്നറിഞ്ഞപ്പോൾ ബെയ്‌ലി കോട്ടയത്തെ ഒരു കൊല്ലനെ വിളിച്ച് തനിക്കു തോന്നിയതുപോലെ അച്ചുകൂടം ഉണ്ടാക്കി. മലയാള അക്ഷരങ്ങൾ അക്കാലത്ത് ചതുരവടിവിലാണ് ഉണ്ടായിരുന്നത്. അതു ബെയ്‌ലിക്കു പിടിച്ചില്ല. വർത്തുളാകൃതിയിലുള്ള അക്ഷരങ്ങളാണു ഭംഗിയെന്നു ബെയ്‌ലിക്കു തോന്നി. ഒരു തട്ടാന്റെ സേവനവും ലഭ്യമാക്കി അക്ഷരങ്ങളെ വളച്ചെടുക്കുകയാണ് ബെയ്‌ലി ചെയ്തത്. ഇന്നു കാണുന്ന വളവുള്ള അക്ഷരങ്ങൾ ബെയ്‌ലിയുടെ സംഭാവനയാണ്.

മിടുമിടുക്കൻ മർക്കോസ്

കോളജിലെ ആദ്യ വിദ്യാർഥികൾ ആരൊക്കെയായിരുന്നു എന്നു രേഖയില്ല. എന്നാൽ മർക്കോസ് എന്ന വിദ്യാർഥിയുടെ പേരാണ് ആദ്യമായി രേഖകളിൽ പരാമർശിക്കുന്നത്. ബെഞ്ചമിൻ ബെയ്‌ലി പ്രിൻസിപ്പലായി വന്നതിനുശേഷമുള്ള വിദ്യാർഥിയായിരുന്നു മർക്കോസ്. ഇംഗ്ലിഷ് വളരെ വേഗം പഠിച്ചെടുത്ത മർക്കോസിനെക്കുറിച്ച് മതിപ്പോടെ ബെയ്‌ലി എഴുതിയ കത്തിൽ പറയുന്നുണ്ട്. 1818 ഒക്ടോബറിൽ ബെയ്‌ലി കോളജ് പ്രിൻസിപ്പൽ സ്ഥാനം റവ. ജോസഫ് ഫെന്നിനെ ഏൽപ്പിച്ചു. 1826 ജൂലൈയിലാണ് റവ. ജോസഫ് ഫെൻ പ്രിൻസിപ്പൽ സ്ഥാനം ഒഴിഞ്ഞത്.

ആദ്യം ആറാം ക്ലാസിലേക്കു പ്രവേശനം. ആറാം ക്ലാസിൽനിന്നു ജയിക്കുന്നത് അഞ്ചാം ക്ലാസിലേക്ക്, തുടർന്നു നാലാം ക്ലാസിലേക്ക് എന്നിങ്ങനെയായിരുന്നു അക്കാലത്തെ അധ്യയന രീതി. ഏറ്റവും ഉയർന്ന ക്ലാസ് ഒന്നാം ക്ലാസ് ആയിരുന്നു.

മൺറോത്തുരുത്ത് എന്ന ദാനം

1819ൽ മൺറോ റസിഡന്റ് പദം ഒഴിയാൻ തീരുമാനിച്ചു. അദ്ദേഹം തിരുവിതാംകൂറിനു നൽകിയ സേവനങ്ങൾക്കുള്ള നന്ദിസൂചകമായി കോട്ടയം കോളജിന്റെ നടത്തിപ്പിനുവേണ്ടി കൊല്ലത്തിനടുത്ത് 2000 ഏക്കർ സ്ഥലം റാണി ഗൗരി പാർവതിഭായി ദാനം ചെയ്തു. മൺറോത്തുരുത്ത് എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. 1819 ജനുവരി 16ന് ഈ സ്ഥലത്തിന്റെ ആധാരം റവ. ജോസഫ് ഫെന്നിന്റെ പേരിൽ എഴുതി. തേങ്ങയായിരുന്നു അവിടെനിന്നുള്ള പ്രധാന വരുമാനം. ഈ സ്ഥലം ഇപ്പോൾ കോളജിന് സ്വന്തമല്ല. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ ഭക്ഷ്യവസ്തുക്കൾക്കു ക്ഷാമം നേരിട്ട കാലത്ത് തിരുവിതാംകൂർ സർക്കാരിന് ഈ സ്ഥലം തിരികെ നൽകുകയായിരുന്നു.

ചരിത്രകാരനും സാഹിത്യകാരനുമായിരുന്ന മുൻ രാഷ്ട്രപതി കെ.ആർ. നാരായണൻ, സർദാർ ഡോ. കെ.എം. പണിക്കർ, നയതന്ത്രരംഗത്തെ പ്രതിഭ കെ.പി.എസ്. മേനോൻ, നിരൂപകൻ സി.ജെ. തോമസ്, എൻ.എൻ. പിള്ള, കാവാലം നാരായണപ്പണിക്കർ, കടമ്മനിട്ട രാമകൃഷ്ണൻ, ചലച്ചിത്രകാരന്മാരായ അരവിന്ദൻ, ജയരാജ്, സ്വാതന്ത്ര്യസമര സേനാനി കെ. മാധവൻ നായർ, ശാസ്ത്രജ്ഞൻ ഇ.സി.ജി. സുദർശൻ, ജസ്റ്റിസ് കെ.ടി. തോമസ്, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടങ്ങി എത്രയെത്ര പ്രതിഭകളാണ് സിഎംഎസ് കോളജിൽനിന്നു പഠിച്ചിറങ്ങി ലോകത്തിനു മുതൽക്കൂട്ടായത്.

ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മദ്രാസ് ആർമിയിലെ ഓഫിസറായിരുന്ന കേണൽ ജയിംസ് വെൽഷ് 1825ൽ സിഎംഎസ് കോളജ് സന്ദർശിച്ചശേഷം എഴുതി. ‘കോട്ടയത്തെ കോളജിന്റെ ഉത്ഭവത്തെപ്പറ്റിയോ, എപ്പോൾ സ്ഥാപിച്ചു എന്നതിനെപ്പറ്റിയോ എനിക്ക് അറിയില്ല. പക്ഷേ, കിഴക്ക് ഞാൻ കണ്ടതിൽ ഏറ്റവും മികച്ച സർവകലാശാലയാണിത്.’ വെൽഷ് സിഎംഎസ് കോളജിന്റെ ലൈബ്രറിയിൽ ചെന്നപ്പോൾ 2500 വിശിഷ്ട ഗ്രന്ഥങ്ങൾകണ്ട് അദ്ഭുതപ്പെട്ടു. ലബോറട്ടറിയിൽ ചെന്നപ്പോൾ അദ്ഭുതം ഇരട്ടിയായി. ഗ്ലോബ്, ടെലിസ്കോപ്പ്, മൈക്രോസ്കോപ്പ്, എയർ പമ്പ്, മാജിക് ലാന്റേൺ, വൈദ്യുതി ഉണ്ടാക്കുന്ന യന്ത്രം എന്നിങ്ങനെ അക്കാലത്തു ലോകത്തുണ്ടായിരുന്ന പ്രധാന ഉപകരണങ്ങളെല്ലാം അവിടെയുണ്ടായിരുന്നു. അധ്യാപകരെ പ്രഫസർമാർ എന്നാണ് വെൽഷ് വിശേഷിപ്പിച്ചത്. വെൽഷ് കടന്നുപോയെങ്കിലും ആ അദ്ഭുതം ഇന്നും ഇവിടെ നിലനിൽക്കുന്നു.