Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വോട്ടിലെ മീൻരുചി

Tenualosa-ilisha കൊൽക്കത്ത ലേക്ക് മാർക്കറ്റിൽ ബംഗ്ളദേശിൽ നിന്ന് ഇറക്കുമതി ചെയ്ത ഇലിഷ് മൽസ്യവുമായി കച്ചവടക്കാരൻ.

വെറുമൊരു മീനിനു രാഷ്ട്രീയത്തെ സ്വാധീനിക്കാൻ കഴിയുമോ? ‘മീൻ പ്രാന്തൻമാരായ’ ബംഗാളികളുടെ നാട്ടിൽ അതും നടക്കും. പ്രത്യേകിച്ച് മീൻ അവർക്കേറ്റവും പ്രിയങ്കരമായ ഇലിഷ് (ഹിൽസ) ആണെങ്കിൽ.

ഇലിഷ് വെറും മീനല്ല, ബംഗാളിയുടെ സാംസ്കാരിക മുദ്രയാണ്. കല്യാണത്തിനു സമ്മാനമായി ഈ മീൻ പൊതിഞ്ഞു കൊടുക്കുമെന്നു കേട്ടാൽ വിശ്വസിക്കുമോ? ഇലിഷ് കിട്ടാത്തതിനാൽ വിരുന്നുകൾ മാറ്റിവയ്ക്കുമത്രെ. കല്യാണത്തിനും ദുർഗാപൂജയ്ക്കുമെല്ലാം ഇലിഷ് പ്രധാന വിഭവമാണ്. പക്ഷേ, വില കേട്ടാൽ ഞെട്ടും–കിലോ 600 രൂപ മുതൽ 2000 രൂപ വരെ.

തിരഞ്ഞെടുപ്പു വരുന്നതിനാൽ ബംഗാളികളെ ഹാപ്പിയാക്കാനെന്നോണം ബംഗ്ലദേശിൽ നിന്ന് ഇലിഷ് ഇറക്കുമതി മമത ഉറപ്പാക്കിയിരുന്നു. 2012ലാണ് ഇലിഷിനു വൻ ക്ഷാമം നേരിട്ടത്. ഗംഗാ നദിയിൽ നിന്നു പിടിക്കുന്ന ഇലിഷിന്റെ എണ്ണം തീരെ കുറഞ്ഞു. ബംഗ്ലദേശിലെ പത്മ നദിയിൽ നിന്നായിരുന്നു ഏറ്റവും രുചിയുള്ള മുറ്റിയ മീനുകളുടെ വരവ്. ബംഗ്ലദേശ് ഇലിഷ് കയറ്റുമതി നിരോധിച്ചതോടെ ബംഗാളികൾ ആകെ വെട്ടിലായി.

മമതാ ബാനർജി കേന്ദ്ര വാണിജ്യമന്ത്രിക്കു നിരവധി കത്തുകളെഴുതി. ഇലിഷ് കിട്ടാതാകുന്നത് വോട്ട് കളയുന്ന വിഷയമാണല്ലോ. ബംഗാളിയായ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ പിന്തുണയും കിട്ടി. ടീസ്ത നദീജലം ബംഗ്ളദേശുമായി പങ്കുവയ്ക്കുന്നതു സംബന്ധിച്ചു തർക്കമുണ്ടായിരുന്നു. ടീസ്ത നദീജല കരാറുണ്ടാക്കിയാൽ ഇലിഷ് കയറ്റി അയയ്ക്കാം എന്നായി ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന.മൻമോഹൻ സിങ് ബംഗ്ലദേശ് സന്ദർശിച്ചപ്പോൾ മമതയെ കൂടെ വിളിച്ചെങ്കിലും പോയില്ല, ടീസ്ത പ്രശ്നം പരിഹരിച്ചതുമില്ല. പക്ഷേ, മോദി ബംഗ്ലദേശ് സന്ദർശിച്ചപ്പോൾ മമത കൂടെ പോയി. ടീസ്ത കരാറായില്ലെങ്കിലും പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പു നൽകി. അതോടെ പത്മാനദിയിൽ നിന്ന് ഇലിഷ് വരവായി.

‘ഹിൽസ’ എന്നും അറിയപ്പെടുന്ന ഇലിഷിന്റെ തൂക്കം കൂടുന്നതനുസരിച്ചു രുചിയും കൂടും. പത്മാനദിയിലെ ഇലിഷിനാണ് തൂക്കവും അതിനാൽ രുചിയും വിലയും കൂടുതൽ. ദിവസം നാലു ടണ്ണിലേറെ ഇലിഷ് ബംഗ്ലദേശിൽ നിന്ന് എത്തുന്നുണ്ടത്രെ. മ്യാൻമറിൽ നിന്നും ഒറീസയിലെ ചിൽക്ക തടാകത്തിൽ നിന്നും ഇലിഷ് വരുന്നുണ്ടെങ്കിലും തൂക്കവും രുചിയും അതിനാൽ വിലയും കുറവ്. ബംഗാളികൾക്കു മ്യാൻമർ മീൻ വേണ്ട. റസ്റ്ററന്റുകൾക്കും ബംഗ്ലദേശി ഇലിഷ് വേണമെന്നതിനാൽ ബംഗാളിൽ വലിയൊരു ഇലിഷ് ഇറക്കുമതി ലോബി തന്നെയുണ്ട്.

കൊൽക്കത്തയിൽ എസ്പ്ളനേഡിലെ ഭോജ്ഹാര മന്ന എന്ന തനി നാടൻ ബംഗാളി റസ്റ്ററന്റിൽ പോയി ചോറിനൊപ്പം ഇലിഷ് മാഷേർ ജോൽ (മീൻകറി) കഴിച്ചു നോക്കി. കടുകെണ്ണയിൽ പാചകം ചെയ്ത മഞ്ഞനിറമുള്ള കറിയും നിറയെ മുള്ളുകളുള്ള മീനും. മുള്ളു സൂക്ഷിച്ചു കഴിക്കണം. രുചിയുള്ള മീനാണെങ്കിലും സർവ മീനിന്റെയും നാടായ കേരളത്തിൽ നിന്നു വരുന്നവർക്ക് ഇതെന്തു ബഹളമാ ബംഗാളികൾക്ക് ഈ മീനിന്റെ പേരിലെന്നു തോന്നും.

മലയാളികളെപ്പോലെ ചോറും മീനുമാണു ബംഗാളികളുടെയും ഭക്ഷണം. കണ്ടാലും മലയാളികളെന്നേ തോന്നൂ. ഇടതു രാഷ്ട്രീയത്തിലും ഒരുപോലെ. പക്ഷേ മറ്റേതു നാടിനെക്കാളും മലയാളികൾ ഏറ്റവും കുറവുള്ള സംസ്ഥാനവുമാണു ബംഗാൾ. വളരാനുള്ള അവസരങ്ങളില്ലാത്തതു തന്നെ കാരണം. 55000 ചെറുകിട വ്യവസായങ്ങളാണു കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ബംഗാളിൽ പൂട്ടിയത്. താൽതല പൊലീസ് സ്റ്റേഷനടുത്തുള്ള സെന്റ് തോമസ് കത്തീഡ്രലിൽ നിന്നു പുറത്തേക്കു വരുന്ന മലയാളികളെ കണ്ടാൽ ബംഗാളികളെന്നേ പറയൂ. മലയാളികളുടെ പള്ളി ആയതിനാൽ ആരാധനയും മലയാളത്തിലാണ്.

കൊൽക്കത്തയിൽ ഇടവകകളും എൻഎസ്എസും എസ്എൻഎസ്എസും കേരള മുസ്‌ലിം അസോസിയേഷനുമുണ്ട്. പക്ഷേ, മറ്റു മെട്രോ നഗരങ്ങളിൽ ലക്ഷക്കണക്കിനു മലയാളികളുള്ളപ്പോൾ ഇവിടെ പതിനായിരത്തിൽ താഴെ മാത്രമാണെന്ന് മലയാളി സമാജം പ്രസിഡന്റ് ഡോ. കെ.കെ. കൊച്ചു കോശി പറഞ്ഞു. അവസരങ്ങളില്ലാത്തതു കാരണം യുവതലമുറയും തൊഴിൽ തേടി കൊൽക്കത്ത വിടുകയാണ്.

മമത സർക്കാരിന്റെ അഞ്ചുകൊല്ലക്കാലത്ത് ഉപരിപ്ലവമായ ചില മാറ്റങ്ങൾ മാത്രമാണുണ്ടായത്. ബസുകളിൽ രണ്ടു ഡോറിനു പകരം ഒരു ഡോർ ആയതാണു മാറ്റമെന്നു കുറിച്ചി സ്വദേശി കുര്യാക്കോസ് പറഞ്ഞു. കൊൽക്കത്തയിലാകെ വെട്ടവും വെളിച്ചവും വന്നു. അതാണു മമതയുടെ വലിയ നേട്ടമായി കരുതപ്പെടുന്നത്. കൊൽക്കത്തയിലെ സകല വിളക്കുകാലുകളും തൃശൂലം പോലെ മൂന്നു ലൈറ്റുകളുള്ളതാക്കി. അവയ്ക്ക് വളയിട്ടതു പോലെ ചെറിയ ബൾബുകൾ കൊണ്ട് അലങ്കാര തൊങ്ങലും ചാർത്തിയിട്ടുണ്ട്. ഫ്ളൈഓവറുകളിലെ കൈവരിക്കും ഇങ്ങനെ ലൈറ്റുകൊണ്ട് അലങ്കാരത്തൊങ്ങലുണ്ട്. ജനത്തിനു വേണ്ടത് തൊഴിലിലും ബിസിനസിലും വളരാനുള്ള അവസരങ്ങളാണെങ്കിലും അതു മാത്രമില്ല. കണ്ണിൽ പൊടിയിടാനുള്ളതൊക്കെ ഉണ്ടു താനും.

കൊൽക്കത്തയിലെ വൈദ്യുതി വിതരണം പണ്ടേ സ്വകാര്യവൽക്കരിച്ചതാണ്. ഗോയങ്കയുടെ ആർപിജി ഗ്രൂപ്പാണു വിതരണം നടത്തുന്നതെന്നതിനാൽ മുടങ്ങാതെ വെട്ടം കിട്ടുന്നുണ്ട്. സർക്കാർ വകുപ്പ് വൈദ്യുതി വിതരണം നടത്തുന്ന മറ്റു ജില്ലകളിൽ വൈദ്യുതി മുടക്കമാണു കൂടുതലും.

കൊൽക്കത്തയിൽ മനുഷ്യർ ഇപ്പോഴും സൈക്കിൾ റിക്ഷ വലിക്കുന്നു. രാത്രികളിൽ കൊൽക്കത്ത തെരുവുകളിലെ നടപ്പാതകളിലാകെ ആണും പെണ്ണും കിടന്നുറങ്ങുന്നു. ബംഗ്ലദേശികളാണത്രെ. അനധികൃതമായി കുടിയേറിയ അവർക്കു വീടില്ലെങ്കിലും വോട്ടർമാരാക്കിയിട്ടുണ്ട്. നടപ്പാതകളിലാകെ തെരുവു കച്ചവടക്കാരും ബംഗ്ലദേശികളുടെ കുടിലുകളുമാണ്. പുഴുക്കളെപ്പോലെ മനുഷ്യർ പുലരുന്നു.

St-Thomas-cathedral താൽതല സെന്റ് തോമസ് കത്തീഡ്രലിൽ നിന്ന് ആരാധന കഴിഞ്ഞു പുറത്തിറങ്ങുന്ന മലയാളികൾ. ചിത്രങ്ങൾ: ജോസ്കുട്ടി പനയ്ക്കൽ

ബ്രിട്ടിഷുകാരുണ്ടാക്കിയ വിക്ടോറിയ മെമ്മോറിയലും പരിസരവും ഇപ്പോഴും മനോഹരമായി നിലനിൽക്കുന്നു. ക്രിക്കറ്റ് കളി നടക്കുന്ന ഈഡൻ ഗാർഡൻസ് അവിടെയാണ്. പഴയ കൊളോണിയൽ കെട്ടിടങ്ങൾക്കും ഓബ്റോയ് ഗ്രാൻഡ്, താജ്ബംഗാൾ തുടങ്ങിയ അത്യാഡംബര ഹോട്ടലുകൾക്കും ടോളിഗഞ്ച് ക്ലബ്, ബംഗാൾ ക്ലബ് തുടങ്ങിയ വരേണ്യ ക്ലബ്ബുകൾക്കും മുന്നിൽ അഴുക്കും വിഴുക്കുമായി കൊൽക്കത്ത ജനസഞ്ചയം ഒഴുകുന്നു. ജീർണതയാണു മുഖമുദ്ര.

ഇവിടെ വികസനം എന്നൊരു ചിന്തയില്ല, അധികാരത്തിലെത്താനുള്ള സ്വാർഥ താൽപ്പര്യങ്ങൾ മാത്രം. 34 വർഷം ഭരിച്ച സിപിഎമ്മിനും അങ്ങനെ തന്നെയായിരുന്നു. എന്നാൽ കലയും സിനിമയും സാഹിത്യവും രാഷ്ട്രീയവും തുടങ്ങി എല്ലാ രംഗങ്ങളിലും കഴിവുറ്റ കുറേ വരേണ്യരുണ്ട്. അവരുടെ പേരാണു പുറത്തു പ്രശസ്തമാവുന്നത്. അവരെ കണ്ട് കണ്ണഞ്ചി ബംഗാളിലെത്തിയാൽ നിരാശയാവും ഫലം. നമ്മുടെ നാടെത്ര ഭേദമെന്നു തോന്നും!

ബോദ്‌ല നോയ്, അംറ ബോദോൽ ചായ് എന്ന പാട്ടുംപാടിയാണ് കഴിഞ്ഞതവണ തൃണമൂൽ മൽസരിച്ചത്. അർഥം പ്രതികാരമില്ല, പക്ഷേ മാറ്റം വേണം. പ്രതികാരം ഉണ്ടായില്ല, പക്ഷേ മാറ്റം രാഷ്ട്രീയമായി മാത്രമായിരുന്നു. സിപിഎം കിങ്കരൻമാരെല്ലാം തൃണമൂൽ കിങ്കരൻമാരായി മാറി. എന്നാൽ ബംഗാളിൽ മറ്റു നാടുകളെ അപേക്ഷിച്ച് വർഗീയതയും പ്രാദേശിക വികാരവുമില്ല. സമാധാനമുണ്ടെന്ന് കൊൽക്കത്ത പൊലീസ് ഡപ്യൂട്ടി കമ്മിഷണർ പട്ടാഴി സ്വദേശി വർഗീസ് കുഞ്ഞച്ചൻ ചൂണ്ടിക്കാട്ടി.

മലയാളികൾ ഏറെയും സ്വകാര്യ കമ്പനികളിലാണ്. കടകളും ബിസിനസുമായി കുറേപ്പേരുണ്ട്. ആൺ, പെൺ നഴ്സുമാരും വരുമെങ്കിലും വേറെ അവസരം കിട്ടുമ്പോൾ സ്ഥലംവിടുന്നു. രാഷ്ട്രീയ പാർട്ടികളിൽ ചേർന്നുള്ള പ്രവർത്തനമില്ല. ഇലക്‌ഷൻ വരുമ്പോൾ അവരവരുടെ താൽപ്പര്യം അനുസരിച്ച് വോട്ടു ചെയ്യുന്നെന്നു മാത്രം. ഇടതുപക്ഷത്തു വലിയൊരു വിഭാഗം മലയാളികളുണ്ട്. പുരോഗമന കലാ സാഹിത്യ സംഘവുമുണ്ട്.

എൻഎസ്എസും ശ്രീനാരായണ സേവാ സംഘവും (എസ്‍എൻഎസ്എസ്) ഉണ്ടെങ്കിലും മാതൃസംഘടനകളുമായി ബന്ധമില്ലാതെയാണു നിൽപ്പ്. എൻഎസ്എസ് യൂണിറ്റ് അംഗങ്ങളായി 860 കുടുംബങ്ങളുണ്ടെന്ന് സെക്രട്ടറി ടി.എസ്.എസ്. നായരും എസ്എൻഎസ്എസ് അംഗങ്ങളായി 600 കുടുംബങ്ങളുണ്ടെന്ന് പ്രസിഡന്റും റിട്ട. ഗവ. സെക്രട്ടറിയുമായ ആർ.കെ. പ്രസന്നനും പറഞ്ഞു. പക്ഷേ, ഇത്രയും പേർ രേഖകളിൽ മാത്രമാണ്, പലരും നാട്ടിലേക്കു മടങ്ങിപ്പോയി.

ബംഗാളി പെൺകുട്ടികൾക്കു വരനെ തേടാൻ ബെംഗളൂരുവിലും മറ്റും നോക്കേണ്ട ഗതികേടാണെന്ന് സീമാബദ്ധയും മറ്റും എഴുതിയ പ്രശസ്ത നോവലിസ്റ്റ് ശങ്കർ വിലപിച്ചിരുന്നു. ഭൂരിപക്ഷം കുറഞ്ഞാലും മമതയുടെ നേതൃത്വത്തിൽ തൃണമൂൽ തിരിച്ചുവരുമെന്നു തന്നെയാണ് മലയാളി സമൂഹവും കരുതുന്നത്. കേരളത്തിലേക്കു ബംഗാളികൾ കൂലിപ്പണിക്കു പോകുന്നത് വലിയ നാണക്കേടായി ബംഗാളിൽ അവതരിപ്പിക്കപ്പെടുന്നുണ്ട്. ബംഗാളികളേ തിരിച്ചുവരൂ ഇവിടെ തൊഴിൽ നൽകാമെന്നു മമത ആഹ്വാനം ചെയ്യുന്നുണ്ടെങ്കിലും ആരും ചെവിക്കൊള്ളുന്നില്ല.

Your Rating: