Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ജീവിതം നിന്റെ ഓർമയ്ക്ക്

amal-jyoti

മരണത്തിന്റെ തണുപ്പിനും ജീവിതത്തിന്റെ തുടിപ്പിനുമിടയിൽ ചെറിയൊരു പിടിവള്ളി മാത്രം. ഒപ്പമുള്ള കളിക്കൂട്ടുകാരിയെ തട്ടിയെടുത്ത മരണം അമൽ ജ്യോതി എന്ന 12 വയസ്സുകാരിയെ പാതിവഴി കൊണ്ടുപോയശേഷം വെറുതെവിട്ടു. വേർപിരിഞ്ഞുപോയ സഹോദരിക്കു ചെയ്യാൻ കഴിയാതെപോയ നന്മകൾ കൂടി ചെയ്തുതീർക്കാന‍ായി അവൾ ദൈവം വരദാനമായി തിരിച്ചുതന്ന ജീവിതം സമർപ്പിക്കുകയാണ്.

ഓഗസ്റ്റ് 10ന് കണ്ണൂർ പരിയാരം മെഡിക്കൽ കോളജിലെ 16–ാം ബാച്ച് എംബിബിഎസ് വിദ്യാർഥികളുടെ ഗ്രാജ്വേഷൻ സെറിമണിയായിരുന്നു. ഡോക്ടർമാരായി സമൂഹത്തിലേക്കെത്തുന്ന 100 പേരടങ്ങുന്ന ബാച്ചിൽ നിന്ന് അമൽജ്യോതിയെന്ന പെൺകുട്ടിയും ഡോക്ടറാവുകയാണ്. 11 വർഷം മുൻപ് മരണം വന്ന് ഏറെദൂരം ഒപ്പം കൂട്ടിക്കൊണ്ടുപോയിട്ടും ജീവിതലക്ഷ്യങ്ങൾ കൈവിട്ടു പോകാൻ മനസ്സില്ലാതെ അദ്ഭുതകരമായി ജീവിതത്തിലേക്കു തിരിച്ചുവന്നൊരു കുട്ടിയാണിത്. ഒരു 12 വയസ്സുകാരിയുടെ ആകുലതകളിൽ നിന്ന് 23–ാം വയസ്സിൽ ഡോക്ടറായുള്ള പരിണാമം. 11 വർഷം മുൻപ് പിന്നിട്ടത് ജീവിതത്തിന്റെ ഏറ്റവും വലിയൊരു പരീക്ഷണം....

അവിശ്വസനീയമാണ് കണ്ണൂർ പരിയാരം ആശാരിപ്പറമ്പിൽ സണ്ണിയുടെ മകൾ അമൽജ്യോതിയെന്ന (23) പെൺകുട്ടിയുടെ ജീവിതം. ഏഴാം ക്ലാസ് വരെ മറ്റേതൊരു പെൺകുട്ടിയെയും പോലെ ബാല്യകൗതുകങ്ങളിൽ ഉല്ലാസപ്പറവയായി ജീവിച്ചുപോന്നു അവൾ. പിതാവിന്റെ സഹോദരൻ സേവ്യറിന്റെ പുത്രി ലിഞ്ചുവായിരുന്നു ഉറ്റകൂട്ടുകാരി. ഇരുവരും സമപ്രായക്കാർ. ഇരുവരുടെയും മാമോദീസയും ആദ്യകുർബാനയുമൊക്കെ ഒരുമിച്ചായിരുന്നു. യുകെജി മുതൽ ചെറുപുഴ സെന്റ് ജോസഫ്സ് സ്കൂളിൽ ഏഴാം ക്ലാസ് വരെ ഒന്നിച്ചു കളിച്ചു പഠിച്ചു വളർന്നവർ. ബന്ധുക്കളെന്നതിനപ്പുറം ഇണപിരിയാത്ത കൂട്ടുകാർ.

ആ വർഷവും പതിവുപോലെ മധ്യവേനൽ അവധിക്കാലം ആഘോഷിക്കാൻ ചെറുപുഴ കാക്കയംചാലിലുള്ള തറവാട്ടുവീട്ടിൽ അവർ ഒരുമിച്ചുകൂടി. 2005 മാർച്ച് 26 ശനിയാഴ്ച. അന്നായിരുന്നു അവരുടെ ജീവിതത്തെ കീഴ്മേൽ മറിച്ച ദിവസം. പെസഹാ വ്യാഴവും ദുഃഖവെള്ളിയും കഴിഞ്ഞുള്ള ശനി ആയിരുന്നത്. പിറ്റേന്ന് ഈസ്റ്റർ. ലോകമെങ്ങും ക്രിസ്തുവിന്റെ ഉയിർപ്പുതിരുനാളിനൊരുങ്ങുന്ന ദിവസം. പാതിരാകുർബാനയ്ക്കു പോകാനുള്ള ഉൽസാഹത്തിലായിരുന്നു കുട്ടികൾ. വീട്ടിൽ ഈസ്റ്റർ ആഘോഷത്തിന്റെ തിരക്ക്. ബന്ധുക്കൾ ഒന്നിച്ചുകൂടിയതിന്റെ ആഹ്ലാദനിമിഷങ്ങൾ.

ഉച്ചയ്ക്കു ശേഷം വീടിനടുത്തുള്ള തേജസ്വിനി പുഴയിൽ പിതാവിന്റെ സഹോദരി ലില്ലിക്കൊപ്പം അമൽജ്യോതിയും ലിഞ്ചുവും കുളിക്കാൻ പോയി. വേനൽക്കാലമായതിനാൽ പുഴയിൽ വെള്ളം കുറവായിരുന്നു. ഒറ്റപ്പെട്ട ചില കുഴികളിൽ മാത്രം വെള്ളം. ബാക്കി ഭാഗമെല്ലാം വറ്റിവരണ്ടു കിടക്കുന്നു. ലില്ലി തുണി അലക്കുമ്പോൾ കുഴികളിലെ വെള്ളത്തിൽ കല്ലെറിഞ്ഞു കളിക്കുകയായിരുന്നു കുട്ടികൾ. പെട്ടെന്നു കാൽവഴുതി വെള്ളക്കുഴിയിലേക്കു ലിഞ്ചു വീണു. കുറച്ച് ആഴമുള്ള കുഴിയായിരുന്നു അത്. ലിഞ്ചുവിനെ കൈപിടിച്ചു വലിച്ചുകയറ്റാനുള്ള ശ്രമത്തിനിടെ അമൽജ്യോതിയും വെള്ളത്തിലേക്കു വീണു.

കുട്ടികളെ കാണാതെ പരിഭ്രമിച്ച ലില്ലി ഓടിവന്നു നോക്കുമ്പോൾ ഇരുവരും വെള്ളത്തിൽ മുങ്ങുന്നതാണു കണ്ടത്. അവർ കുട്ടികളെ രക്ഷിക്കാനായി കുഴിയിലേക്കിറങ്ങി. ജീവനുവേണ്ടിയുള്ള അവസാന പോരാട്ടത്തിൽ ചെറിയൊരു വേരിൽ‌ അമൽജ്യോതിക്കു പിടിത്തം കിട്ടി. അവൾ ആ വേരിൽ പിടിച്ച് ഒരുകല്ലിൽ അള്ളിപ്പിടിച്ചു കിടന്നു. അവിടെക്കിടന്ന് ഉറക്കെ നിലവിളിച്ചു. ആളുകൾ ഓടിക്കൂടി. അമൽജ്യോതിയെയും വെള്ളത്തിൽ അവശനിലയിൽ കിടന്ന ലില്ലിയെയും കരയ്ക്കെത്തിച്ചു. ലിഞ്ചുവിനെ രക്ഷിക്കാനായില്ല.

linju-20 ലിഞ്ചു

ബോധത്തിനും അബോധത്തിനുമിടയിലുള്ള നേർത്ത കാഴ്ചയായി ഉറ്റകൂട്ടുകാരിയെ ആളുകൾ ചേർന്നു കോരിയെടുത്തു കൊണ്ടുപോകുന്ന കാഴ്ച അമൽജ്യോതിയുടെ മനസ്സിൽ പതിഞ്ഞു. വായിൽ നിന്നു നുരയും പതയും ചോരച്ചാലുകളും വന്ന് തളർന്നുമയങ്ങിയ നിലയിൽ അവൾ, ലിഞ്ചു, 12 വർഷം പ്രാണനെപ്പോലെ കൂടെ ചേർത്തുവച്ച സഹോദരി. കളിചിരികളുമായി എപ്പോഴും കൂടെ നടന്നവൾ ഇനിയില്ലെന്ന യാഥാർഥ്യം അവൾ മനസ്സിലാക്കി. ജീവിതവും മരണവും തമ്മിലുള്ള നേർത്ത അതിർവരമ്പ് തരുന്ന നഷ്ടം ഏറെ ആഴത്തിലുള്ളതാണെന്ന് അവൾ തിരിച്ചറിഞ്ഞു. ഏഴാം ക്ലാസുകാരിയുടെ കുഞ്ഞുമനസ്സി‌ന് ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല ആ വേർപാട്. അതിന്റെ ആഴം തിരിച്ചറിഞ്ഞതും ആ കുഞ്ഞുമനസ്സ് പതറി. സ്കൂളിൽ പോകാനും പഠിക്കാനുമുള്ള ഉൽസാഹം നഷ്ടപ്പെട്ടു. പുസ്തകം തുറക്കുമ്പോൾ നിഴൽപോലെ തെളിയുന്നത് വേർപെട്ടുപോയ പ്രിയ കൂട്ടുകാരിയുടെ മുഖം. പിന്നീട് ഒന്നും ചെയ്യാനോ ചിന്തിക്കാനോ കഴിയുന്നില്ല. സണ്ണിക്കും ഭാര്യ മിനിക്കും ഏറെ വേദനയായി.

അമ്മ മിനിയുടെ ബെംഗളൂരുവിലുള്ള അനിയത്തി സിസ്റ്റർ ഷെറിൻ അമൽജ്യോതിയെ ഒപ്പം കൂട്ടി. കോൺവന്റിലുള്ള താമസവും സിസ്റ്റർമാരുടെ പരിചരണവും കൗൺസലിങ്ങും അവളുടെ മനസ്സിൽ ലക്ഷ്യബോധം നിറച്ചു. ലിഞ്ചുവിനു വേണ്ടിക്കൂടി നീ മിടുക്കിയായി പഠിക്കണമെന്ന് അവർ അമൽ ജ്യോതിയോടു പറഞ്ഞു. അവൾക്കു ചെയ്യാൻ കഴിയാതെ പോയ കാര്യങ്ങൾ കൂടി ഈ ലോകത്തിനു വേണ്ടി ചെയ്യണം. രണ്ടുപേരുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുണ്ടെന്ന ചിന്ത അവൾക്കു പ്രചോദനമായി. സേവനം എന്ന ഒറ്റ ലക്ഷ്യത്തിലേക്കു തന്റെ ജീവിതം സമർപ്പിക്കുമെന്ന് അവൾ ആ കോൺവന്റിൽ വച്ച് നിശ്ചയിച്ചു. അതിനുവേണ്ടിയൊരു ലക്ഷ്യവും മനസ്സിൽ ഉറപ്പിച്ചു. പാവങ്ങളെ സേവിക്കുന്ന ഡോക്ടറാവുക. ജീവിതം കരുണകൊണ്ടു നിറയ്ക്കുക.

പിന്നീട് പയ്യന്നൂർ സെന്റ് മേരീസ് സ്കൂളിൽ ഹൈസ്കൂൾ പഠനം. എട്ടിൽ ക്ലാസ് ടീച്ചറായിരുന്ന സിസ്റ്റർ ജ്യോതിമരിയ അമലിന്റെ കാര്യങ്ങളറിഞ്ഞ് അനുതാപപൂർവം പെരുമാറി. അവരുടെ കരുതലും സ്നേഹവും ഏറെ ആശ്വാസമായിരുന്നു. പിന്നീടുള്ള അഞ്ചു വർഷങ്ങൾ ആ ലക്ഷ്യം മുൻനിർത്തിയുള്ള യാത്രയായിരുന്നു. തന്റെ കൺമുൻപിൽ തനിക്കു രക്ഷപ്പെടുത്താനാവാതെ പോയ സഹോദരിയുടെ ജീവനു പകരം ഇനി തനിക്കു സാധിക്കുന്നത്ര ജീവിതങ്ങൾ രക്ഷിക്കുമെന്ന് മനസ്സിൽ നിശ്ചയിച്ചുള്ള ഒരുക്കം. പ്ലസ് ടുവിൽ ചിറ്റാരിക്കാൽ സെന്റ് തോമസ് എച്ച്എസ്എസിൽ പഠിക്കുമ്പോൾ സ്കൂൾ ലീഡറും മികച്ച എൻഎസ്‍‌എസ് കെഡറ്റുമായിരുന്നു. പ്ലസ് ടുവിനു ശേഷം ആദ്യ ചാൻസിൽ തന്നെ പരിയാരം മെഡിക്കൽ കോളജിൽ എംബിബിഎസ് പ്രവേശനം. ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പിന്റെ ആദ്യഘട്ടം പൂർത്തിയായി.

2011 മുതൽ വൈദ്യശാസ്ത്ര പഠനം തുടങ്ങി. പഠന കാലയളവിൽ വെറുമൊരു എംബിബിഎസ് വിദ്യാർഥിനി മാത്രമല്ലായിരുന്നു അമൽജ്യോതി. പരിയാരം മെഡിക്കൽ കോളജിൽ പെട്ടെന്നുള്ള ശസ്ത്രക്രിയകൾക്ക് രക്തം ആവശ്യമായി വരുമ്പോൾ എന്തു ചെയ്യണമെന്നറിയാതെ പതറുന്ന രോഗികളുടെ ബന്ധുക്കൾക്കു മുമ്പിൽ അമൽജ്യോതിയും കൂട്ടുകാരും എത്തുന്നത് ആശ്വാസവുമായാണ്. പരിയാരം മെഡിക്കൽ കോളജ് എംബിബിഎസ് വിദ്യാർഥികൾ നേതൃത്വം നൽകുന്ന ബ്ലഡ് ഡൊണേഷൻ ഫോറം ഇതുവരെയായി ആയിരക്കണക്കിനു രോഗികൾക്ക് രക്തം നൽകിയിട്ടുണ്ട്. നാട്ടുകാരും യുവജന സംഘടനകളും ഇവരുടെ ഉദ്യമങ്ങൾക്കു കൂട്ടായുണ്ട്. മെഡിക്കൽ പ്രാക്ടിക്കൽ പരീക്ഷയുടെ തലേന്നുവരെ അമൽ ജ്യോതി രക്തം ദാനം ചെയ്തിട്ടുണ്ട്. പരിയാരത്തെത്തുന്ന നിർധന രോഗികൾക്കായി തണൽ സംഘടനയുടെ നേതൃത്വത്തിൽ അമൽജ്യോതിയും കൂട്ടുകാരും സഹായം സ്വരൂപിച്ചു നൽകുന്നുണ്ട്. ജീസസ് യൂത്തിന്റെ സംസ്ഥാന ഭാരവാഹിയാണ്. അബോർഷനെതിരെ, ദയാവധത്തിനെതിരെ രാജ്യത്തുടനീളം യാത്ര ചെയ്ത് പ്രചാരണം നടത്തിയിട്ടുണ്ട്. കെസിവൈഎം തലശേരി അതിരൂപതാ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. ഈ പ്രവർത്തനങ്ങൾക്കൊപ്പമാണ് എംബിബിഎസ് പഠനവും വിജയകരമായി പൂർത്തിയാക്കിയത്.

പരിയാരം മദർ തെരേസ പള്ളിയുടെ നേതൃത്വത്തിൽ, നിർധന രോഗികൾക്കും ബന്ധുക്കൾക്കും ഭക്ഷണവും താമസസൗകര്യവും നൽകുന്നുണ്ട്. ഓരോ ദിവസവും നൂറിലധികം പേർക്ക് ഭക്ഷണവും അൻപതോളം പേർക്ക് കിടപ്പു സൗകര്യവും ഒരുക്കുന്നു. ഇടവക വികാരി പ്രസിഡന്റും അമൽജ്യോതിയുടെ പിതാവ് സണ്ണി സെക്രട്ടറിയുമായ സമിതിയാണ് ഇതിന്റെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നത്. ഇവിടെ ഭക്ഷണം പാചകം ചെയ്തു നൽകാൻ അമ്മയ്ക്കൊപ്പം അമൽജ്യോതിയും സമയം കണ്ടെത്താറുണ്ട്. സാമൂഹിക സേവന സ്ഥാപനമായ സുസ്ഥിര എന്ന എൻജിഒയുടെ ഡയറക്ടറാണു സണ്ണി. അമ്മ മിനി മാതൃവേദി, കരിസ്മാറ്റിക് തുടങ്ങിയ ഭക്തസംഘടനകളിൽ സജീവം. വിദ്യാർഥികളായ ജെയ്ൻ, മെറീന, സെബിൻ, മാത്യു എന്നിവരാണു സഹോദരങ്ങൾ.

ഓഗസ്റ്റ് 10നു മെഡിക്കൽ ബിരുദം നേടിയശേഷം ഉപരിപഠനത്തിനു ലക്ഷങ്ങൾ മുടക്കി സീറ്റു സംഘടിപ്പിക്കാനോ മികച്ച ശമ്പളത്തിൽ വലിയ ആശുപത്രികളിൽ ജോലി നേടാനോ അല്ല അമൽജ്യോതി ലക്ഷ്യമിടുന്നത്. മറിച്ച്, ജീസസ് യൂത്ത് ടീമിനൊപ്പം നാഗാലാൻഡിൽ മൂന്നു മാസത്തെ സൗജന്യ വൈദ്യസേവനത്തിനു പോകുകയാണ്. അകാലത്തിൽ വേർപിരിഞ്ഞ പ്രിയ ലിഞ്ചുവിനു വേണ്ടിക്കൂടി ഇരട്ടി നന്മകൾ സമൂഹത്തിനു ചെയ്യുകയെന്ന ലക്ഷ്യത്തിൽ നിന്നു പിന്നോട്ടില്ല ഡോ. അമൽജ്യോതി.

Your Rating: