Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറിഞ്ഞില്ലല്ലോ, ആരും പറഞ്ഞില്ലല്ലോ

Author Details
A-K-Prathapan-and-wife-24 എ.കെ.പ്രതാപൻ ഭാര്യ നിർമലയോടൊത്ത്. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

‘പിണറായി വിജയനെ ഓർക്കാറുണ്ടോ?’ ചെറുപുഞ്ചിരിയോടെ എ.കെ.പ്രതാപൻ മുഖമുയർത്തി. മനസ്സിൽ ഓർമകളുടെ കടൽ ഇരമ്പിയാർത്തതു കൊണ്ടാവുമോ? അറിയില്ല. പിണറായി മാത്രമല്ല, പഴയ സഖാക്കളൊക്കെയും ഇടയ്ക്കെല്ലാം പ്രതാപന്റെ ഓർമയിലെത്തുന്നുണ്ടാവണം. എങ്കിലും വികാരങ്ങളുടെ വേലിയേറ്റം അദ്ദേഹത്തെ അലട്ടാറില്ല. ‘സഖാവ് അങ്ങനെയാണ്’ എന്നു കരുതുന്ന പഴയ ചങ്ങാതിമാർ അറിഞ്ഞിരിക്കാൻ ഇടയില്ല, അദ്ദേഹമിപ്പോൾ അൽസ്ഹൈമേഴ്സ് ബാധിതനാണ്.

ഓർമകൾ മങ്ങുന്നതിനു വളരെ മുൻപ്....

പ്രതാപന്റെ ചിന്തകൾക്കു തീപിടിച്ചൊരു സമരകാലം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്ന് ഒരു വിദ്യാർഥി ജാഥ പുറപ്പെടുന്നു. അവരിൽ ചിലർ ചെന്നു കയറിയതു തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക്. കന്നാസിൽ കരുതിയ മണ്ണെണ്ണ പ്ലാറ്റ്ഫോമിലേക്കു വിതറി തീകൊളുത്തിയ ശേഷം സംഘം നാലുപാടും ഓടി. കേന്ദ്രസർക്കാരിനോടുള്ള പ്രതിഷേധം പ്രകടിപ്പിക്കാൻ അന്നത്തെ കെഎസ്എഫ് നേതൃത്വം കണ്ടെത്തിയ സൂത്രമായിരുന്നു റെയിൽവേ സ്റ്റേഷനു തീയിടൽ. വർക്കല റെയിൽവേ സ്റ്റേഷനും സമാനമായി ആക്രമിക്കപ്പെട്ടു.

കേരളത്തിന് ആവശ്യമായ റേഷൻ നൽകേണ്ട ബാധ്യത കേന്ദ്രത്തിന്റേതാണെന്ന് ഓർമപ്പെടുത്തി കെഎസ്എഫ് നേതൃത്വം നടത്തിയ ഭക്ഷ്യസമരം കേരളമാകെ കത്തിപ്പടർന്ന കാലമായിരുന്നു അത്. സമാനമായ സമര പരമ്പരകൾക്കു നേതൃത്വം കൊടുത്ത കെഎസ്എഫിന്റെ അന്നത്തെ സെക്രട്ടറിയെ നാമറിയും, ഇപ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രിയായ പിണറായി വിജയൻ. ആ കാലഘട്ടത്തിൽ സംസ്ഥാന പ്രസിഡന്റായിരുന്ന ചിറയിൻകീഴിലെ എ.കെ. പ്രതാപനെ പക്ഷേ, ഇപ്പോൾ അധികമാരും അറിയില്ല. കേരളത്തിൽ ആദ്യമായി പൊലീസിന്റെ കരുതൽ തടങ്കലിൽ പോകേണ്ടി വന്ന വിദ്യാർഥി നേതാവെന്നാണ് പ്രതാപനെ ‘സിന്ദൂരമാലയിലെ രക്ത പുഷ്പങ്ങൾ’ എന്ന പുസ്തകത്തിൽ വെട്ടൂർ സദാശിവൻ വിശേഷിപ്പിക്കുന്നത്. ചിറയിൻകീഴിന്റെ കമ്യൂണിസ്റ്റ് ചരിത്രം അടയാളപ്പെടുത്തുന്നു ഈ പുസ്തകം.

ഇടക്കാലത്ത് പാർട്ടിയിൽ നിന്ന് അകന്നെങ്കിലും മനസ്സു കൊണ്ട് അന്നും ഇന്നും കമ്യൂണിസ്റ്റായ പ്രതാപനും ജീവിത പങ്കാളി സഖാവ് നിർമലകുമാരിയും അധികമാരും അറിയാതെ തിരുവനന്തപുരത്തെ ഒരു ഉൾഗ്രാമത്തിലുണ്ട്. വർക്കല ചെറുന്നിയൂർ കല്ലുമലക്കുന്നിലെ വീട്ടിൽ കഴിയുന്ന ഇവരെ കാണാനെത്തുന്നത് പാർട്ടിയെ അത്രമേൽ സ്നേഹിക്കുന്ന ചിലർ മാത്രം. പാർട്ടിയെ ഇപ്പോഴും ജീവനായി കരുതുന്നതു കൊണ്ടാണല്ലോ വർഷങ്ങൾക്കു ശേഷം നിർമല സിപിഎമ്മിന്റെ കല്ലുമലക്കുന്നു ബ്രാഞ്ച് കമ്മിറ്റിയിൽ അംഗത്വമെടുത്തത്.

എകെജിയും ഗൗരിയമ്മയും ചേർന്നു കല്യാണം കഴിപ്പിച്ച പഴയ സഖാക്കളുടെ വലുപ്പം പാർട്ടിയുടെ പ്രാദേശിക നേതൃത്വത്തിനു പോലും ഒരുപക്ഷേ, പുതുമയായിരിക്കും. ആ കഥയിലേക്ക്...

സത്യം പറയട്ടെ, പ്രണയമായിരുന്നില്ല

മൂന്നാർ തേയിലത്തോട്ടത്തിലെ മാനേജർ ആയിരുന്ന കൊല്ലം കരിക്കോട്ടെ പി.ബാലകൃഷ്ണപിള്ള തികഞ്ഞ കമ്യൂണിസ്റ്റായിരുന്നു. ജോലിയുമായി കോട്ടയം കേന്ദ്രീകരിച്ചതോടെ അവിടെ ജില്ലാ കമ്മിറ്റിയംഗവുമായി. അദ്ദേഹം മക്കളോട് ഒരു കാര്യമേ പറഞ്ഞുള്ളൂ. കുറച്ചൊക്കെ സംഘടനാ പ്രവർത്തനവും വേണം. ബാലകൃഷ്ണന്റെ മകൾ നിർമല അങ്ങനെ വിദ്യാർഥി സംഘടനയിൽ അംഗമായി. ഗുരുസ്ഥാനീയനായത് കൊല്ലം പാർട്ടി സെക്രട്ടറിയായിരുന്ന എൻ.ശ്രീധരൻ, ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃനിരയിലേക്കു കൈപിടിച്ചതു കെ.ആർ.ഗൗരിയമ്മയും. അസോസിയേഷന്റെ കൊല്ലം ജില്ലാ സെക്രട്ടറിയായും സംസ്ഥാന ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിക്കുമ്പോൾ 22 വയസ്സേ ആയിരുന്നുള്ളൂ. ഗൗരിയമ്മ, സുശീലാ ഗോപാലൻ, ദേവകി വാരിയർ തുടങ്ങിയ പ്രമുഖർക്കൊപ്പം അവരുടെ ലാളനയിൽ തെക്കൻ ജില്ലകളിൽ സംഘടനാ പ്രവർത്തനവുമായി പാറി നടന്ന പെൺകുട്ടിക്ക് ആദ്യമായി ഒരു കല്യാണാലോചന വരുന്നതു മധുരയിൽ വച്ച്.

സിപിഎമ്മിന്റെ ഒൻപതാം പാർട്ടി കോൺഗ്രസ് മധുരയിൽ നടക്കുമ്പോൾ പ്രതിനിധികളിലൊരാളായി മുതിർന്ന സഖാക്കൾ നിർമലയെയും കൂട്ടിയിരുന്നു. പാർട്ടി കോൺഗ്രസിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രതിനിധിയായി നിർമല മുതിർന്ന നേതാക്കൾക്കിടയിൽ ശ്രദ്ധ നേടി. സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന ശാരദാമ്മയാണ് ചിറയിൻകീഴിലെ സഖാവ് പ്രതാപന്റെ കാര്യം പറയുന്നത്. ആ ആലോചന സജീവ ചർച്ചയാവാതെ അവിടെ ഒടുങ്ങുകയും ചെയ്തു.

ഒരു വർഷത്തിന് ശേഷം

ചിറയിൻകീഴിൽ കയർ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന സമ്മേളനത്തിൽ അവർ വീണ്ടും കണ്ടുമുട്ടി. എകെജിയും സുശീലാഗോപാലനുമെല്ലാമുണ്ട്. ചിറയിൻകീഴിൽ അന്നു പഞ്ചായത്തു പ്രസിഡന്റായിരുന്ന പഞ്ചാമഹേശ്വന്റെ വീട്ടിലായിരുന്നു താമസം. ഉച്ചയ്ക്ക് ഉണ്ണാനിരിക്കുമ്പോൾ അവിടേക്കു കയറി വന്ന പ്രതാപൻ സഖാവിനെക്കുറിച്ചാണ് ഒരു വർഷം മുൻപു പറഞ്ഞതെന്നു ശാരദാമ്മ ഓർമപ്പെടുത്തിയെങ്കിലും അനക്കമുണ്ടായില്ല.

എകെജിയും കപ്പലണ്ടിയും

പിറ്റേന്നു സമ്മേളനത്തിന്റെ ഇടവേളയിൽ സദസ്സിലിരുന്ന നിർമലയെ എകെജി വേദിയിലേക്കു വിളിപ്പിച്ചു. കയ്യിലിരുന്ന കപ്പലണ്ടിയിൽ കുറച്ച് ഏൽപ്പിച്ചിട്ടു പ്രതാപനു നേരെ ചൂണ്ടി. കപ്പലണ്ടി കൊടുത്തു സംസാരിച്ചു വരാൻ ആവശ്യപ്പെട്ടു. സാധാരണ പരിചയപ്പെടലായി അത് ഒടുങ്ങിയെങ്കിലും അവർക്കിടയിൽ പ്രണയം മൊട്ടിട്ടിരുന്നോ? ഇല്ലെന്നു നിർമല പറഞ്ഞെങ്കിലും മറുപടിയിൽ നിറഞ്ഞ പുഞ്ചിരി ഉണ്ടായിരുന്നു!

ജയിലിൽ കിടക്കണം, സമരത്തിൽ പങ്കെടുത്തു തലപൊട്ടി ആശുപത്രിയിലാവണം തുടങ്ങി അന്നത്തെ യുവ പാർട്ടിക്കാർക്കു തോന്നുന്ന ചിന്തകൾ തന്നെയായിരുന്നു നിർമലയ്ക്കും. പക്ഷേ, എംഎൽഎ ഹോസ്റ്റലിലെ ഗൗരിയമ്മയുടെ മുറിയിൽ നിർമലയുടെ വിധി തീരുമാനിക്കപ്പെട്ടു.

‘ഇനി നടക്കേണ്ടത് നിർമലയുടെ കല്യാണം. ശാരദാമ്മ പറഞ്ഞ ചെക്കൻ ചിറയിൻകീഴല്ലേ, നമുക്ക് അനിരുദ്ധൻ സഖാവിനെ (മുൻ ചിറയിൻകീഴ് എംപി കെ.അനിരുദ്ധൻ) കാണാം’ – ഗൗരിയമ്മ പറഞ്ഞു. സാക്ഷിയായി പുത്തലത്ത് നാരായണൻ, കാട്ടായിക്കോണം ശ്രീധരൻ, സി.എ.പീറ്റർ തുടങ്ങിയ നേതാക്കളും. ഫോണിൽ ബന്ധപ്പെട്ടപ്പോൾ അദ്ദേഹം ചികിൽസയിലാണ്. അനിരുദ്ധനെ നേരിൽ കാണാൻ നിർമലയെയും കൂട്ടി ഗൗരിയമ്മ കാറിൽ ആറ്റിങ്ങൽ വി.വി.ക്ലിനിക്കിലേക്ക്. സംസാരത്തിനിടയ്ക്കു പ്രതാപനെക്കുറിച്ചു പറഞ്ഞപ്പോൾ നല്ല അഭിപ്രായം. ധൈര്യമായി മുന്നോട്ടു പോകാം എന്നായിരുന്നു മറുപടി.

നേരെ കൊല്ലത്ത് പാർട്ടി ഓഫിസിലേക്ക്. നിർമലയുടെ രാഷ്ട്രീയ ഗുരു കൂടിയായ എൻ.ശ്രീധരനുമായി ഗൗരിയമ്മ കല്യാണക്കാര്യം സംസാരിച്ചു. ‘ജൂൺ 10ന് എകെജി കൊല്ലത്തു വരുന്നുണ്ട്. അദ്ദേഹം മാലയെടുത്തു കൊടുക്കും. വിവാഹം നടക്കട്ടെ’ – ഗൗരിയമ്മ ഉറപ്പിച്ചു (ചെക്കൻ പോലും കാര്യം അറിഞ്ഞിട്ടില്ല, അതായിരുന്നു പ്രതാപിയായ ഗൗരിയമ്മ). ശ്രീധരനൊപ്പം പാർട്ടി ഓഫിസിലുണ്ടായിരുന്ന പി.കെ.ഗുരുദാസൻ പ്രതാപനെ വിളിച്ചു ഗൗരിയമ്മയ്ക്കു ഫോൺ നൽകി. കാര്യം പറഞ്ഞ ശേഷം കൊല്ലത്തേക്കു വിളിപ്പിച്ചു. വൈകിട്ടോടെ ജില്ലാ സെക്രട്ടറിയുടെ മുറിയിൽ നിർമലയും പ്രതാപനും പരസ്പരം സംസാരിച്ചു – വിവാഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും !

1973 ജൂൺ 10ന് പാർട്ടി നേതാക്കന്മാരുടെ സാന്നിധ്യത്തിൽ കൊല്ലം വൈഎംസിഎ ഹാളിൽ വിവാഹം. നിർമലയുടെ അച്ഛൻ പോലും വിവാഹത്തിനെത്തിയതു തലേന്നു മാത്രം. പരസ്പരം അറിയുന്നവർ ആയതുകൊണ്ട് ആർക്കും പ്രശ്നമായില്ല. എകെജി മാലയെടുത്തു നൽകി. താലി അണിയണമെന്നു ബന്ധുക്കളിൽ ചില വാശിപിടിച്ചപ്പോൾ നൽകിയ മറുപടി ഇങ്ങനെ: വരൻ മാത്രമായി താലി ചാർത്തുന്നില്ല, നിർബന്ധമെങ്കിൽ രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും താലി ചാർത്തും. വിവാഹമായോ താലികെട്ടായോ ചുരുക്കാതെ പരസ്പരം മനസ്സിലാക്കി ഇവർ ഇപ്പോഴും ജീവിക്കുന്നു. പരസ്പരം അഭിസംബോധന ചെയ്യുന്നതു പോലും കൗതുകകരം: അച്ഛാ എന്നു നിർമലയും അമ്മ എന്നു പ്രതാപനും പരസ്പരം വിളിക്കുന്നു.

പാർട്ടിയിൽ ഇല്ലെങ്കിലും പാർട്ടിക്കാരൻ

എട്ടാം വയസ്സിൽ ബാലസംഘത്തിലൂടെയാണ് എ.കെ.പ്രതാപൻ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. ചിറയിൻകീഴ് പുതുക്കരിയിലെ അച്യുതൻ വൈദ്യരുടെ മകനായി ജനിച്ച പ്രതാപനു പക്ഷേ, രാഷ്ട്രീയ ലഹരി പകർന്നത് അമ്മാവൻ കെ.പി.കരുണാകരനാണ്. ചിറയിൻകീഴ് താലൂക്കിൽ കമ്യൂണിസ്റ്റ് ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾക്കു തുടക്കമിട്ടവരിൽ ഒരാൾ കൂടിയായിരുന്നു കരുണാകരൻ. അദ്ദേഹത്തിന്റെ പ്രവർത്തന ശൈലിയോട് ആഭിമുഖ്യം കാണിച്ചു രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ പ്രതാപനടക്കമുള്ള യുവാക്കൾ ചേർന്ന് ഒരു കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. ആശാൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബായി രൂപപ്പെട്ട ഈ പ്രസ്ഥാനം പിന്നീട് പ്രതാപന്റെ ജീവിതത്തിൽ നിർണായകമായി. ആ കഥ വഴിയെ മനസ്സിലാവും!

ചിറയിൻകീഴിലെ സ്കൂൾ പഠനം കഴിഞ്ഞു നേരെ പോയത് തിരുവനന്തപുരം സംസ്കൃത കോളജിൽ ബിഎ സംസ്കൃതം പഠിക്കാൻ. അവിടെയും തുടർന്ന രാഷ്ട്രീയ ഇടപെടലുകൾ യൂണിവേഴ്സിറ്റി കോളജിലെത്തിയപ്പോൾ യൂണിയന്റെ ചെയർമാൻ പദത്തിലെത്തിച്ചു. ഇവിടെ എംഎ മലയാളം വിദ്യാർഥിയായ പ്രതാപൻ കെഎസ്എഫിന്റെ സംസ്ഥാന നേതൃനിരയിലേക്ക് ഉയർന്ന ഇതേ കാലയളവിലായിരുന്നു വടക്കൻ കേരളത്തിലെ പിണറായിയിൽ നിന്ന് വിജയൻ കെഎസ്എഫിന്റെ സംസ്ഥാന സെക്രട്ടറി പദത്തിലെത്തിയത്.

കോളജ് പഠനകാലത്തും ശേഷവും ചിറയിൻകീഴിലെ പാർട്ടിയിൽ സജീവമായിരുന്നു പ്രതാപൻ. ഇതിനിടെ, പ്രമുഖ ക്രിസ്ത്യൻ മാനേജ്മെന്റ് കോളജിൽ അധ്യാപകനായി ജോലി കിട്ടി. എന്നാൽ പ്രതാപന്റെ രാഷ്ട്രീയം വൈകിയറിഞ്ഞ മാനേജ്മെന്റ്, കമ്യൂണിസത്തിൽ വിശ്വസിക്കുന്നില്ലെന്ന് എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടുവത്രേ. അന്നദ്ദേഹം മാനേജ്മെന്റിന് എഴുതി നൽകിയ രാജിക്കത്തിലെ വാചകം വെട്ടൂർ സദാശിവന് ഇപ്പോഴും മനഃപാഠം: ‘കുട്ടിക്കാലം മുതൽ വിശ്വസിക്കുന്ന കമ്യൂണിസത്തെ അവിശ്വസിച്ച് ഉദ്യോഗത്തിൽ തുടരാൻ താൽപര്യമില്ല.’ ജോലി വിട്ടെറി‍ഞ്ഞു വീണ്ടും നാട്ടിൽ സജീവമായ പ്രതാപനെ പക്ഷേ, പാർട്ടിയിലെ ചിലർ കൂടി അവിശ്വസിച്ചു !

അതെക്കുറിച്ചു നിർമലകുമാരി...

‘കുമാരനാശാന്റെ ജന്മശതാബ്ദി ആഘോഷ പരിപാടി നടത്തിയതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. പ്രമുഖരെ ഉൾപ്പെടെ അണിനിരത്തിയുള്ള പൊതുസമ്മേളനവും ദേശീയാടിസ്ഥാനത്തിൽ മൽസരങ്ങളുമെല്ലാം നടത്തി പ്രതാപൻ സംഘാടന മികവ് ഒരിക്കൽ കൂടി തെളിയിച്ചു. കായിക്കര ആശാൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ പേരിൽ നടന്ന പരിപാടി പക്ഷേ, പാർട്ടിയോട് ആലോചിച്ചില്ലെന്ന കുറ്റമായിരുന്നു പാർട്ടിയിൽ ചിലർ കണ്ടെത്തിയത്. വിശദീകരണം ആവശ്യപ്പെട്ടു ജില്ലാ കമ്മിറ്റി നൽകിയ കത്തിനു മറുപടി നൽകാത്തതു നേതൃത്വത്തെ പ്രകോപിപ്പിച്ചു. നടപടി എടുക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന കത്തിനു മുന്നിലും പ്രതാപൻ കുലുങ്ങിയില്ല. പാർട്ടി വിരുദ്ധ പ്രവർത്തനം അല്ലാത്തതു കൊണ്ട് ജില്ലാ കമ്മിറ്റിയുടെ ചോദ്യത്തിനും മറുപടിക്കും പ്രസക്തിയില്ലെന്നായിരുന്നു പ്രതാപന്റെ നിലപാട്. ആ വർഷം അദ്ദേഹം മെംബർഷിപ് പുതുക്കിയില്ല. ഞാനും. പതിയെ പതിയെ ഞങ്ങൾ സജീവ രാഷ്ട്രീയത്തിൽ നിന്നകന്നു. പക്ഷേ, പാർട്ടിയോടുള്ള സ്നേഹത്തിന് അൽപവും കുറവില്ല. ജീവിതാവസാനം വരെയും അതു തുടരും’.

പാർട്ടി പ്രവർത്തനത്തിൽ നിന്നു പിൻവാങ്ങിയെങ്കിലും 1979ൽ ഡൽഹിയിലേക്കു പോകുംവരെ നാട്ടുകാർക്കു വേണ്ടിയുള്ള ഇടപെടലുകൾ തുടർന്നു. നാട്ടിൽ ഒട്ടേറെ കുടുംബങ്ങൾക്കു കുടികിടപ്പ് അവകാശം വാങ്ങി നൽകിയ കഥകൾ പ്രതാപന് ‘ഓർമയില്ലെങ്കിലും’ പഴയ സഹപ്രവർത്തകർക്കറിയാം. ഡൽഹിയിൽ വിദ്യാഭ്യാസ പ്രവർത്തകനായി പ്രതാപൻ അറിയപ്പെട്ടു. സ്കൂളുകൾ സ്ഥാപിച്ചു. ഒപ്പം പോയ നിർമല ഗുഡ്ഗൗവ് ഔർ ലേഡി ഓഫ് ഫാത്തിമ സ്കൂളിലെ ഗണിത വിഭാഗം മേധാവിയായി. പിന്നീടു വർഷങ്ങളോളം ഡൽഹിയിൽ അക്ഷരവെളിച്ചം പകർന്ന് ആ ദമ്പതിമാർ ജീവിച്ചു. 2007ൽ ആയിരുന്നു ഇരുവരും നാട്ടിലേക്കു മടങ്ങിയെത്തിയത്.

ഓർക്കാൻ ഇഷ്ടപ്പെടാത്തത്

2014 വെളുപ്പിനു നിർമലയ്ക്കും മുൻപേ പ്രതാപൻ ഉണർന്നു. ചുമരിലേക്കു ചരിഞ്ഞ് അസ്വസ്ഥത പ്രകടിപ്പിക്കുന്നതു മനസ്സിലാക്കി നിർമലയും. തല ചുറ്റുന്നുണ്ടോ എന്നു ചോദിച്ചെങ്കിലും മറുപടി ഇല്ല. വെള്ളം ചൂടാക്കി നൽകിയിട്ടും കട്ടിലിൽ ഒരു കൊച്ചു കുട്ടിയെപ്പോലെ പ്രതാപൻ ഇരുന്നു.

രക്തസമ്മർദം അളക്കാൻ അപ്പാരറ്റസുമായി നിർമല അടുത്തു കൂടിയെങ്കിലും തട്ടിമാറ്റി. അന്നുവരെ ശാരീരികാസ്വസ്ഥതകൾ ഒന്നും പ്രകടിപ്പിക്കാതിരുന്ന പ്രതാപന് ആകെ മാറ്റം. എന്താണു ചെയ്യേണ്ടതെന്ന് അറിയാതെ നിർമലയും. ഡോക്ടറെ കാണിച്ചു പരിശോധിച്ചു. എല്ലാം സാധാരണ നിലയിൽ. എംആർഐ പരിശോധന പക്ഷേ, നിർമലയെ ഞെട്ടിച്ചു: മൈക്രോ ബ്രെയിൻ ഹെമറേജ്. അൽസ്ഹൈമേഴ്സ് ബാധിച്ചിട്ടു മൂന്നു വർഷം പിന്നിട്ടിരുന്നുവത്രേ.

ഇപ്പോൾ ജർമനിയിലുള്ള മകൾ മനു ജോർജിനെ പോലും തിരിച്ചറിയാൻ ബുദ്ധിമുട്ട്. അതേസമയം, ഏതു ചെറിയ കുട്ടിയെ കണ്ടാലും വാൽസല്യത്തോടെ മനു എന്നു വിളിക്കും. മകളുടെ കുട്ടിക്കാലം മാത്രമേ ഇപ്പോൾ ഈ അച്ഛന്റെ മനസ്സിലുള്ളൂ. തല കുമ്പിട്ട്, ആരോടും പരിഭവമില്ലാതെ, ചോദ്യങ്ങൾക്കു മാത്രം ഉത്തരം പറഞ്ഞ്, മൃദുവായി ചിരിച്ച്, പോയ കാലവും ഓർത്ത്, പഴയ പോരാളി... ആ കാലത്തെ സഖാക്കളിൽ ചിലരെങ്കിലും തിരിച്ചു വന്നെങ്കിൽ? സഖാവേ എന്നു വിളിച്ചിരുന്നെങ്കിൽ !