Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏഷ്യൻ നിക്ഷേപം തേടി സൗദി രാജാവ്; ഒരുമാസത്തെ പര്യടനം നാളെ മുതൽ

King Salman bin Abdulaziz Al Saud

റിയാദ് ∙ എണ്ണമേഖലയിലടക്കം വൻ നിക്ഷേപങ്ങൾ ലക്ഷ്യമിട്ടു സൗദി ഭരണാധികാരി സൽമാൻ രാജാവ് ഒരുമാസത്തെ ഏഷ്യൻ പര്യടനത്തിന്. ഉപകിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, എണ്ണമന്ത്രി ഖാലിദ് അൽ ഫലീഹ്, സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയായ അരാംകോയിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരുൾപ്പെടെ 1500 അംഗ സംഘം അനുഗമിക്കും.

ഒൗദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും നാളെ മലേഷ്യയിൽ പര്യടനം ആരംഭിക്കുമെന്നാണു റിപ്പോർട്ടുകൾ. ചൈന, ജപ്പാൻ, ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങളും സന്ദർശിക്കും. മാർച്ചിലെ അവസാനത്തെ രണ്ടാഴ്ച അവധിയാഘോഷത്തിനു മാലദ്വീപിലെത്തുമെന്നും വിവരമുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ഐപിഒ (പ്രഥമ ഓഹരി വിൽപന) എന്ന വിശേഷണവുമായി 2018ൽ വിപണിയിലിറങ്ങുന്ന അരാംകോയുടെ ഓഹരികൾ വിറ്റഴിക്കുന്നതിൽ പങ്കാളിത്തം തേടുക, എണ്ണ ഇറക്കുമതി രാജ്യങ്ങളിൽ പുതിയ വിപണികൾ സ്വന്തമാക്കുക, സാമ്പത്തിക, പ്രതിരോധ സഹകരണം ശക്തമാക്കുക, എണ്ണയിതര വരുമാനം കൂട്ടുന്നതു ലക്ഷ്യമിട്ടു സൗദി നടപ്പാക്കുന്ന വിവിധ പദ്ധതികളിൽ നിക്ഷേപ സമാഹരണം നടത്തുക, തീവ്രവാദത്തിനെതിരെയുള്ള സംയുക്ത നീക്കങ്ങൾക്കു തുടക്കമിടുക തുടങ്ങി വിവിധ ലക്ഷ്യങ്ങളുമായാണു സൽമാൻ രാജാവിന്റെ റെക്കോർഡ് പര്യടനം.

Your Rating: