Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറ്റലിയിലും ഹിതപരിശോധന; വോട്ടെടുപ്പ് തുടങ്ങി

മിലാൻ∙ സ്പെയിനിൽനിന്നു വേർപിരിയാനുള്ള കാറ്റലോണിയയുടെ നീക്കം യൂറോപ്പിലാകെ അസ്വസ്ഥത സൃഷ്ടിക്കുന്നതിനിടെ, കൂടുതൽ സ്വയംഭരണാധികാരം ആവശ്യപ്പെട്ട് അയൽരാജ്യമായ ഇറ്റലിയിലെ ലൊംബാർദിയും വെനീറ്റോയും ഹിതപരിശോധന നടത്തി.

കേന്ദ്രഭരണകൂടം അധിക നികുതി ഈടാക്കുന്നതിൽ പ്രതിഷേധിച്ചാണ് സമ്പന്ന മേഖലകളായ ലൊംബാർദിയിലെയും വെനീറ്റോയിലെയും ഭരണകക്ഷിയായ ലെഗാ നോ‍ർദ് പാർട്ടി ഹിതപരിശോധന നടത്തുന്നത്. എന്നാൽ, വോട്ടെടുപ്പുഫലം നടപ്പാക്കണമെന്ന നിബന്ധന ഇല്ലാത്തതുകൊണ്ട് ഇറ്റലിക്കു തൽക്കാലം തലവേദനയാകില്ല. പ്രാദേശിക മേഖലകൾക്കു കൂടുതൽ അധികാരം നൽകാൻ ഭരണഘടനയിൽ വ്യവസ്ഥയുമുണ്ട്.

സ്വയംഭരണത്തിന് അനുകൂലമായി ജനം വിധിയെഴുതിയാൽ ഇറ്റാലിയൻ സർക്കാരിന്റെ ചൂഷണത്തിനെതിരെ ശബ്ദമുയർത്താമെന്നാണു ലെഗാ നോർദിന്റെ പ്രതീക്ഷ. ഇറ്റലിയുടെ സാമ്പത്തിക കേന്ദ്രമായ മിലാൻ ലൊംബാർദിയിലാണ്. ലോകപ്രസിദ്ധ വിനോദസഞ്ചാര – സാംസ്കാരിക കേന്ദ്രമായ വെനീസ്, വെനീറ്റോയിലും. ഇറ്റലിയുടെ സമ്പദ്‌വ്യവസ്ഥയിൽ ലൊംബാർദിയുടെ വിഹിതം 20% വരും; വെനീറ്റോയുടേത് 10 ശതമാനവും.