Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപ് ആഗ്രഹിക്കുന്നുവെങ്കിൽ യുദ്ധത്തിനു തയാർ: ഉത്തര കൊറിയ

Donald Trump

പ്യോങ്ങ്യാങ് ∙ യുഎസ് പ്രസിഡന്റ് ഡോണൾ‍‍ഡ് ട്രംപ് ആഗ്രഹിക്കുന്ന പക്ഷം യുദ്ധത്തിനു തങ്ങൾ തയാറാണെന്ന് ഉത്തര കൊറിയ. ഉത്തര കൊറിയൻ വിദേശകാര്യ സഹമന്ത്രി ഹാൻ സോങ് റ്യോൾ ആണ് ‘എപി’ വാർത്താ ഏജൻസിയുമായി നടത്തിയ അഭിമുഖത്തിൽ യുഎസിനെതിരെ തുറന്നടിച്ചത്. അതേസമയം, ആണവ പരീക്ഷണം തങ്ങൾ തുടരുമെന്നും ഹാൻ പറഞ്ഞു. ഹെഡ് ക്വാർട്ടേഴ്സ് തീരുമാനിക്കുന്നതനുസരിച്ച് ആണവ പരീക്ഷണങ്ങൾ തുടരാനാണു തീരുമാനം. വേണ്ടസമയത്തു പറ്റിയ സ്ഥലത്തുവച്ച് അതു നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

1950–53ലെ കൊറിയൻ യുദ്ധം മുതൽ യുഎസും പ്യോങ്ങ്യാങ്ങും തമ്മിൽ സംഘർഷമുണ്ട്. എന്നാൽ, ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റശേഷം പ്രകോപനം അതിരു കടക്കുന്നതായി ഉത്തര കൊറിയൻ മന്ത്രി പറഞ്ഞു. ഉത്തര കൊറിയയെ നിലയ്ക്കുനിർത്താൻ ചൈന ഇടപെടണമെന്ന ട്രംപിന്റെ കഴിഞ്ഞ ചൊവ്വാഴ്ചത്തെ ട്വീറ്റായിരുന്നു ഒടുവിലത്തേത്. ഉത്തര കൊറിയയ്ക്ക് എതിരെ ബെയ്ജിങ് ഭരണകൂടത്തോടു കൂടുതൽ സാമ്പത്തിക ഉപരോധ നടപടികൾക്കും ട്രംപ് ആവശ്യപ്പെട്ടു.

ചൈന കാര്യക്ഷമമായി ഇടപെടുന്നില്ലെങ്കിൽ യുഎസിനു തങ്ങളുടേതായ വിധത്തിൽ കാര്യം നോക്കാനറിയാമെന്ന ഭീഷണിയും ട്രംപിന്റെ ട്വീറ്റിലുണ്ടായിരുന്നു. ട്രംപ് ഇത്തരത്തിൽ നിരന്തരം പ്രകോപനം സൃഷ്ടിക്കുകയാണ് – ഹാൻ പറഞ്ഞു. ഞങ്ങളല്ല, അമേരിക്കയും ട്രംപുമാണു പ്രശ്നങ്ങളുണ്ടാക്കുന്നത് – 40 മിനിറ്റ് നേരത്തെ അഭിമുഖത്തിൽ ഹാൻ സോങ് റ്യോൾ പറഞ്ഞു.