Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊഴിൽ വീസ പദ്ധതി നിർത്തലാക്കാൻ ഓസ്ട്രേലിയ

∙ 457 വീസ നിർത്തലാക്കുന്നത് ഇന്ത്യക്കാർക്ക് ഇരുട്ടടി

മെൽബൺ∙ വിദേശ പൗരന്മാർക്കുള്ള തൊഴിൽ വീസ പദ്ധതി നിർത്തലാക്കാ‍ൻ ഓസ്ട്രേലിയൻ സർക്കാർ നീക്കം. സ്വന്തം പൗരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള നടപടികളുടെ ഭാഗമായാണു 457 വീസ പദ്ധതി നിർത്തലാക്കുന്നതെന്ന് പ്രധാനമന്ത്രി മാൽകം ടേൺബുൾ പറഞ്ഞു.

ഇംഗ്ലിഷ് ഭാഷയിലുള്ള മികവിനും തൊഴിൽ പ്രാഗൽഭ്യത്തിനും മുൻഗണന നൽകിയുള്ള പുതിയ താൽക്കാലിക വീസ പദ്ധതി ഉടൻ ആവിഷ്കരിക്കും. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ഇന്ത്യ സന്ദർശിച്ചു മടങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിലാണ് ഇന്ത്യക്കാർക്ക് ഇരുട്ടടിയായ പ്രഖ്യാപനം.

95,000ലേറെ വിദേശികൾ പ്രയോജനപ്പെടുത്തുന്ന ജനപ്രിയ പദ്ധതിയാണു 457 വീസ. ഇവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. വിദേശ രാജ്യങ്ങളിൽനിന്നു തൊഴിൽ തേടിയെത്തുന്നവർക്കുള്ള വീസ കാലാവധിയായ നാലു വർഷത്തിനു ശേഷം രാജ്യത്തു തുടരാൻ അനുവദിക്കുന്ന സമയം വെട്ടിച്ചുരുക്കിയുള്ള നിയമ ഭേദഗതി കഴിഞ്ഞ വർഷം നിലവിൽവന്നിരുന്നു.

ഇന്ത്യക്കാരുൾപ്പെടെ ഒട്ടേറെപ്പെരെ ആശങ്കയിലാഴ്ത്തിയ ഈ നടപടിക്കു പിന്നാലെയാണ് ഇപ്പോ‍ൾ 457 വീസ തന്നെ നിർത്തലാക്കാനുള്ള നീക്കം. 457 വീസ പ്രയോജനപ്പെടുത്തിയുള്ള വിദഗ്ധ തൊഴിൽ അവസരങ്ങൾ ഇനി ഓസ്ട്രേലിയക്കാർക്കുള്ളതാണെന്നും സ്വന്തം പൗരന്മാർക്കു മുൻഗണന നൽകി കുടിയേറ്റ നയത്തിൽ മാറ്റം വരുത്തുകയാണെന്നും പ്രധാനമന്ത്രി മാൽകം ടേൺബുൾ വ്യക്തമാക്കി.

കഴിഞ്ഞ വർഷം സെപ്റ്റംബർ വരെയുള്ള കണക്കനുസരിച്ച് 95,757 വിദേശ പൗരന്മാരാണ് 457 വീസയിൽ ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്നത്. ഇവരുടെ കുടുംബാംഗങ്ങളായി 76,430 പേരും രാജ്യത്തു തങ്ങുന്നു. പതിയ വീസ പദ്ധതി വരുന്നതോടെ ക്രിമിനൽ ഭൂതകാലമുണ്ടോ എന്നതുൾപ്പെടെ കർശന പരിശോധനകൾ നിലവിൽ വരും. ഇതേസമയം, വീസ നിർത്തലാക്കാനുള്ള നീക്കം ഞെട്ടിപ്പിച്ചെന്ന് ഓസ്ട്രേലിയ ഇന്ത്യ ബിസിനസ് കൗൺസിൽ പ്രതികരിച്ചു. നീക്കം ഇന്ത്യൻ കമ്പനികളെ മാത്രമല്ല, ഓസ്ട്രേലിയൻ കമ്പനികളെയും ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി.

∙ പുത്തൻ വീസ രണ്ടു തരം ഓസ്ട്രേലിയയിൽ പുതുതായി ആവിഷ്കരിക്കുന്ന ‘ടെംപററി സ്കിൽ ഷോർട്ടേജ് വീസ’ പദ്ധതിയുടെ കീഴിൽ ഷോർട്ട് ടേം, മീഡിയം ടേം എന്നിങ്ങനെ രണ്ടു തരം വീസകൾ. ഹ്രസ്വകാല വീസകൾ രണ്ടു വർഷത്തേക്ക്. മീഡിയം ടേം വീസകൾക്ക് നാലു വർഷം വരെ കാലാവധി. രണ്ടുതരം വീസകൾക്കും രണ്ടു വർഷത്തെ തൊഴിൽ പരിചയവും നിർബന്ധമാക്കും. മീഡിയം ടേം വീസയ്ക്കുള്ള ഇംഗ്ലിഷ് ഭാഷാ പരിശോധനയും കടുത്തതാകും.

related stories
Your Rating: