Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദി രാജാവിന്റെ മകൻ യുഎസിൽ സ്ഥാനപതി

saudi-king's-son ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ

റിയാദ് ∙ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ മകൻ ഖാലിദ് ബിൻ സൽമാൻ രാജകുമാരനെ യുഎസിൽ സ്ഥാനപതിയായി നിയമിച്ചു. മന്ത്രിസഭയിലും വിവിധ പ്രവിശ്യകളിലുമടക്കം ഭരണതലത്തിൽ സമഗ്ര അഴിച്ചുപണിയും ഇതോടൊപ്പം നടത്തി. 

അബ്ദുല്ല ബിൻ ഫൈസൽ ബിൻ തുർക്കി രാജകുമാരനെ മാറ്റിയാണു ഖാലിദ് ബിൻ സൽമാനെ യുഎസിൽ സ്ഥാനപതിയാക്കിയത്. സൗദി വ്യോമസേനയിൽ പൈലറ്റായ ഖാലിദ് രാജകുമാരൻ ഐഎസ് വിരുദ്ധ സഖ്യസേനയുടെ ദൗത്യങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഡോണൾഡ് ട്രംപ് അധികാരമേറ്റ ശേഷം യുഎസുമായുള്ള സൗദിയുടെ ബന്ധം കൂടുതൽ ശക്തമാകുന്നതിന്റെ സൂചനയായി നിയമനം വിലയിരുത്തപ്പെടുന്നു.

സിറിയൻ, ഇറാൻ വിഷയങ്ങളിൽ സൗദിയെ അനുകൂലിക്കുന്ന ട്രംപിന്റെ നിലപാടാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടാൻ സഹായകരമായിരിക്കുന്നത്. 

വിവിധ മന്ത്രിമാരെയും ഗവർണർമാരെയും ഉപഗവർണർമാരെയും നീക്കി പകരം ആളുകളെ നിയമിച്ചു. സിവിൽ സർവീസ് വകുപ്പു മന്ത്രി ഖാലിദ് അൽ അറാജിനും സാംസ്കാരിക– വാർത്താവിതരണ മന്ത്രി ആദിൽ അൽ  തുറൈഫിക്കും  ടെലികോം - ഐടി മന്ത്രി മുഹമ്മദ് സുവൈലിക്കുമാണു മന്ത്രിപദവി നഷ്ടപ്പെട്ടത്.

ഇവർക്കെതിരെ അഴിമതി ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണിത്. സിവിൽ സർവീസ് മന്ത്രിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ മന്ത്രാലയ സമിതിയും രൂപീകരിച്ചു.

എണ്ണവിലയിടിവ് തുടരുന്ന പശ്ചാത്തലത്തിൽ നയതീരുമാനങ്ങൾ പ്രധാനമായ ഊർജവകുപ്പിൽ അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനെ പുതിയ മന്ത്രിയായി നിയമിച്ചു. ഹായിൽ, അൽബാഹ , വടക്കൻ അതിർത്തി പ്രവിശ്യകളുടെ ഗവർണർമാർക്കാണ് മാറ്റം.

രാജ്യത്തു പുതിയ ദേശീയ സുരക്ഷാ കേന്ദ്രം ആരംഭിക്കുന്നതിനും ഉത്തരവിൽ നിർദേശമുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവടക്കം ഒട്ടേറെ ഉന്നത ഉദ്യോഗസ്ഥർക്കും മാറ്റമുണ്ട്. 

ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി  കഴിഞ്ഞ വർഷം വെട്ടിക്കുറച്ച സിവിൽ സർവീസ്, സൈനിക ഉദ്യോഗസ്ഥന്മാരുടെ വിവിധ അലവൻസുകൾ പുനഃസ്ഥാപിക്കുകയും ചെയ്തു.