Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമാനയാത്രയ്ക്കിടെ മകളുടെ ചിതാഭസ്മം നഷ്ടമായി; നഷ്ടപരിഹാരം തേടി അമ്മ കോടതിയില്‍

വാഷിങ്ടൻ ∙ വിമാനയാത്രയ്ക്കിടെ മകളുടെ ചിതാഭസ്മം നഷ്ടപ്പെട്ട അമ്മ അമേരിക്കൻ എയർലൈൻസിനെതിരെ ഒരു കോടി യുഎസ് ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർജി നൽകി.

ബാൾട്ടിമോറിൽ നിന്ന് അരിസോനയിലെ ടക്സനിലേക്കു പോകാനെത്തിയ ഇഡി പിയറെ കാനൽ, കയ്യിൽ കൊണ്ടുപോകാവുന്ന ബാഗിലാണു മകൾ കാം ഇദ്രെല്ലെയുടെ ചിതാഭസ്മ കലശം സൂക്ഷിച്ചിരുന്നത്. എന്നാൽ, ബാഗ് ലഗേജ് കാബിനിൽ അയയ്ക്കാൻ നിർബന്ധിതയായി.

ചിതാഭസ്മം ഉള്ളിലുണ്ടെന്നു പറഞ്ഞിരുന്നെങ്കിലും ലക്ഷ്യസ്ഥാനത്തെത്തിയപ്പോൾ ബാഗ് കിട്ടിയില്ല. എയർലൈൻസ് 19 ദിവസത്തിനുശേഷം അതു കണ്ടെത്തി തിരിച്ചുനൽകിയെങ്കിലും ചിതാഭസ്മം അതിൽ ഇല്ലായിരുന്നു.

24,000 ഡോളർ വിലപിടിപ്പുള്ള സാധനങ്ങൾ ബാഗിലുണ്ടായിരുന്നതായി യാത്രക്കാരി വെളിപ്പെടുത്തിയിരുന്നു. അക്കൂട്ടത്തിൽ ചിതാഭസ്മകലശത്തിന്റെ കാര്യം പരാമർശിച്ചിരുന്നില്ലെന്നാണ് എയർലൈൻസ് അധികൃതരുടെ വാദം.