Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജപ്പാൻ കടലിലേക്കു വീണ്ടും കിമ്മിന്റെ മിസൈൽ

NKOREA-POLITICS മധ്യദൂര ബാലിസ്റ്റിക് മിസൈൽ വികസിപ്പിച്ച സംഘത്തിനൊപ്പം കിം ജോങ് ഉൻ. ഉത്തര കൊറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസി ഇന്നലെ പുറത്തുവിട്ട ചിത്രം.

സോൾ ∙ ആണവ പോർമുന വഹിക്കാൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു കൃത്യം ഒരാഴ്ചയ്ക്കുള്ളിൽ പുതിയ മിസൈലുമായി ഉത്തരകൊറിയയുടെ ഏകാധിപതി കിം ജോങ് ഉന്നിന്റെ വെല്ലുവിളി. തെക്കൻ പ്യോങ്യാങ്ങിലെ പുക്ചാങ്ങിൽനിന്നു വിക്ഷേപിച്ച മിസൈൽ ജപ്പാൻകടലിലേക്ക് 500 കിലോമീറ്റർ സഞ്ചരിച്ചതായാണു സൂചന.

ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയ്ക്കു (ഇഇസെഡ്) തൊട്ടപ്പുറത്തായാണു മിസൈൽ വീണതെന്നു ജപ്പാന്റെ മുഖ്യ കാബിനറ്റ് സെക്രട്ടറി യോഷിഹിതെ സുഗ പറഞ്ഞു. കപ്പലുകൾക്കോ വിമാനങ്ങൾക്കോ കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകളില്ല.

ഉത്തരകൊറിയൻ മിസൈൽ പരീക്ഷണത്തേത്തുടർന്നു ദക്ഷിണ കൊറിയയിൽ പുതിയ പ്രസിഡന്റ് മൂ‍ൺ ജേ ദേശീയ സുരക്ഷാ സമിതി അടിയന്തരയോഗം വിളിച്ചു. ഉത്തരകൊറിയ ഇതിനു മുൻപു പരീക്ഷിച്ച മൂന്നു മിസൈലുകളുടേതിനെക്കാൾ ദൂരപരിധി കുറഞ്ഞ മധ്യദൂര മിസൈലായിരുന്നു ഇന്നലത്തേതെന്നാണു യുഎസ് നിരീക്ഷണം.

യുഎസിനെ ലക്ഷ്യമിടാൻതക്ക ദൂരപരിധിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വികസിപ്പിക്കാനുള്ള കിമ്മിന്റെ ശ്രമങ്ങൾക്കു മുതൽക്കൂട്ടായാണു കഴിഞ്ഞ 14നു നടത്തിയ മിസൈൽ പരീക്ഷണം വിലയിരുത്തപ്പെടുന്നത്.