Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രിട്ടിഷ് തിരഞ്ഞെടുപ്പിനു ചൂടു പകരാൻ ഇന്ത്യ–പാക്ക് സംഘർഷവും

ലണ്ടൻ ∙ ബ്രിട്ടനിലെ പൊതുതിരഞ്ഞെടുപ്പു പ്രചാരണം ചൂടുപിടിച്ചു വരുന്നതിനിടയിൽ ഇന്ത്യ–പാക്ക് സംഘർഷം സംബന്ധിച്ച തർക്കം ചൂടുപകർന്നു. ഇന്ത്യൻ വംശജനും ബ്രിട്ടിഷ് പാർലമെന്റിൽ മൂന്നു വട്ടം ലേബർ പാർട്ടി പ്രതിനിധിയുമായിരുന്ന വീരേന്ദ്ര ശർമയുടെ പ്രസ്താവനയാണ് ഇതിനു കളമൊരുക്കിയത്.

പാക്കിസ്ഥാൻ തീവ്രവാദത്തെ പിന്തുണയ്ക്കുകയോ ഭീകരസംഘടനകളെ പോറ്റുകയോ ചെയ്യുന്നില്ലെന്ന ശർമയുടെ പ്രസ്താവനയാണ് അദ്ദേഹത്തിനു തന്നെ പൊല്ലാപ്പായത്. വിവിധ മതവിഭാഗങ്ങൾ ഉൾപ്പെടുന്ന യോഗത്തിലായിരുന്നു ശർമയുടെ പ്രസ്താവന. വിവിധ വിഭാഗങ്ങൾ ഉൾപ്പെടുന്ന സമൂഹത്തെയാണു താൻ പ്രതിനിധീകരിക്കുന്നതെന്നും എല്ലാവരും തമ്മിലുള്ള യോജിപ്പിനു വേണ്ടിയാണു നിലകൊള്ളുന്നതെന്നുമായിരുന്നു പഞ്ചാബിൽ ജനിച്ച അദ്ദേഹം വാദിച്ചത്.

ഇന്ത്യൻ വംശജർ വൻതോതിലുള്ള സതാൾ മണ്ഡലത്തിൽനിന്ന് ലേബർ പാർട്ടി പ്രതിനിധിയായി കഴിഞ്ഞ തവണ വൻ ഭൂരിപക്ഷത്തിനു വിജയിച്ച ശർമ ഇത്തവണയും മത്സരിക്കുന്നുണ്ട്. ജൂൺ എട്ടിനാണ് തിരഞ്ഞെടുപ്പ്. ശർമയുടെ നിലപാടിനെ ലേബർ പാർട്ടിയിൽനിന്നുള്ളവർതന്നെ ചോദ്യം ചെയ്തു. ഇത്ര നാളും നിലകൊണ്ടതിനെല്ലാം വിരുദ്ധമാണ് ശർമ പറഞ്ഞതെന്നു മുതിർന്ന പാർട്ടിയംഗം മനോജ് ലഡ്‌വ ചൂണ്ടിക്കാട്ടി.

എന്നാൽ താൻ യോജിപ്പിനുവേണ്ടിയാണ്, ഭിന്നിപ്പിനുവേണ്ടിയല്ല നിലകൊള്ളുന്നതെന്ന പ്രസ്താവനയിൽ ശർമ ഉറച്ചുനിന്നു. ഇതിനിടെ, ഭരണം നിലനിർത്തുമെങ്കിലും ഭരണകക്ഷിയായ കൺസർവേറ്റിവ് പാർട്ടി അതിവേഗം പിന്തള്ളപ്പെടുന്നതായാണ് അഭിപ്രായ വോട്ടെടുപ്പുകൾ സൂചിപ്പിക്കുന്നത്. ഒരാഴ്ച മുൻപ് വളരെ മുന്നിൽ നിന്നിരുന്ന കൺസർവേറ്റിവ് പാർട്ടിക്ക് 43–44% വോട്ട് മാത്രമേ കിട്ടുകയുള്ളുവെന്നാണ് ഇപ്പോഴത്തെ സൂചന.

അതേസമയം വളരെ പിന്നിൽ നിന്നിരുന്ന ലേബർ പാർട്ടി 34–35% വോട്ടുമായി മുന്നോട്ടുവന്നു. 650 അംഗ പാർലമെന്റിൽ കൺസർവേറ്റിവ് പാർട്ടിക്ക് 144 സീറ്റ് ഭൂരിപക്ഷം കിട്ടുമെന്നതായിരുന്നു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോഴത്തെ പ്രവചനം. അവിടെനിന്നാണ് 40 സീറ്റ് ഭൂരിപക്ഷം എന്ന നിലയിലേക്കു പാർട്ടി താഴോട്ടുവന്നത്.

മുതിർന്ന പൗരന്മാർക്കു സർക്കാർ നൽകുന്ന പരിചരണത്തിന് ഇനി അവർ കൂടുതൽ തുക മുടക്കേണ്ടിവരുമെന്ന പ്രഖ്യാപനമാണ് കൺസർവേറ്റിവ് പാർട്ടിക്കു തിരിച്ചടിയായത്. ഇതിന്റെ പേരിൽ രണ്ടുമുതൽ ഒൻപതു ശതമാനം വരെ വോട്ട് നഷ്ടപ്പെടുമെന്നാണ് സൂചന‌. എന്നാൽ സമ്പന്നരെ മാത്രമേ ഇതിന്റെ പരിധിയിൽപെടുത്തൂ എന്നു പറഞ്ഞു പ്രധാനമന്ത്രി തെരേസ മേ പിന്നീട് പ്രഖ്യാപനം തിരുത്തി.