Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാഞ്ചസ്റ്റർ ദുരന്തം: അവസാനവരിയും കേട്ട് മരണത്തിലേക്ക്

europe-terror-attacks

ലണ്ടൻ∙ മാഞ്ചസ്റ്റർ അറീനയിൽ ചാവേർ ഭീകരാക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടവരിലേറെയും യുവാക്കളും കുട്ടികളും. പ്രിയപ്പെട്ട ഗായികയുടെ സംഗീതപരിപാടി കഴിഞ്ഞു മടങ്ങുന്നതിനിടെയായിരുന്നു സ്ഫോടനം അവരുടെ ജീവനെടുത്തത്. സംഭവത്തെത്തുടർന്നുള്ള തിക്കിലും തിരക്കിലും കൂട്ടംതെറ്റി അലഞ്ഞ കുട്ടികളും അനേകമാണ്.

ലോകമെങ്ങുമുള്ള സംഗീതപ്രേമികളായ യുവാക്കളുടെ ആരാധനാപാത്രമാണ് ഇരുപത്തിമൂന്നുകാരിയായ അമേരിക്കൽ പോപ് ഗായിക അരിയാന ഗ്രാൻഡെ. മാഞ്ചസ്റ്റർ അരീനയിലും ലണ്ടനിലെ ഒ-2 അരീനയിലും മുൻ നിശ്ചയപ്രകാരമുള്ള സംഗീതപരിപാടിക്കായിരുന്നു അവർ ബ്രിട്ടനിലെത്തിയത്.

21,000 ആളുകളെ ഉൾക്കൊള്ളാൻ ശേഷിയുള്ള മാഞ്ചസ്റ്റർ അരീനയിൽ എത്തിയവരിൽ ഭൂരിഭാഗവും യുവാക്കളായിരുന്നു. അനേകം കുട്ടികളും മാതാപിതാക്കൾക്കൊപ്പം പരിപാടിക്കായി എത്തിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നും യൂറോപ്പിലെ മറ്റുചില രാജ്യങ്ങളിൽനിന്നുമുള്ളവർ ഷോ കാണാനെത്തിയവരിൽപെടുന്നു.

സംഭവത്തെത്തുടർന്ന് നഗരത്തിൽനിന്നു പുറത്തേക്കുള്ള ഗതാഗതം സംവിധാനങ്ങളെല്ലാം നിലച്ചതോടെ ഇവർ എവിടെപോകുമെന്നറിയാത്ത സ്ഥിതിയിലായി. അഭയം തേടിയെത്തിയ അപരിചിതർക്കുപോലും വാതിൽ തുറന്നുകൊടുക്കുന്ന കാഴ്ച മാഞ്ചസ്റ്ററിൽ കണ്ടിരുന്നു. ചിന്നിച്ചിതറിയ മൃതദേഹങ്ങളും പരുക്കേറ്റുവീണു മരണത്തോടു മല്ലടിച്ചവരെയും ആശുപത്രിയിലെത്തിക്കാൻ പൊലീസും ആംബുലൻസ് ഫയർഫോഴ്സ് സേനാംഗങ്ങളും എല്ലാം മറന്നു രംഗത്തിറങ്ങി.

ഭീകരാക്രമണത്തെത്തുടർന്ന് ബ്രിട്ടനിലെ പ്രധാന രാഷ്ട്രീയ പാർട്ടികളെല്ലാം തിരഞ്ഞെടുപ്പു പ്രചാരണപരിപാടികൾ നിർത്തിവച്ചു. വോട്ടെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെയുണ്ടായ ആക്രമണം വോട്ടെടുപ്പിനെയും തുടർദിവസങ്ങളിലെ പ്രചാരണ പരിപാടികളെയും സ്വാധീനിക്കും. ബ്രേക്സിറ്റിൽനിന്നു മാറി ആഭ്യന്തര വിഷയങ്ങളിലും വികസനത്തിലും തിളച്ചുമറിഞ്ഞ തിരഞ്ഞെടുപ്പു രംഗം ഇനി രാജ്യസുരക്ഷയും ഭീകരാക്രമണഭീഷണിയും ചർച്ചചെയ്യും.

ദുരന്തത്തെ നേരിടുന്നതിനെക്കുറിച്ചു മാത്രമാണ് ഇപ്പോൾ ചിന്തിക്കുന്നതെന്നും അടിയന്തര കോബ്രാ യോഗത്തിനുശേഷം പ്രധാനമന്ത്രി വ്യക്തമാക്കി. ദുരന്തത്തിന് ഇരയായ വരോടൊപ്പമാണ് രാജ്യം ഒന്നടങ്കമെന്നും ലേബർ പാർട്ടി അധ്യക്ഷനും പ്രതിപക്ഷനേതാവുമായ ജെറമി കോർബിനും പ്രതികരിച്ചു.

ദുരന്ത വാർത്ത തന്നെ തകർത്തുകളഞ്ഞു എന്നായിരുന്നു സംഗീതപരിപാടിക്ക് നേതൃത്വം നൽകിയ അരിയാന ഗ്രാൻഡെയുടെ പ്രതികരണം.

related stories