Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപിന് വീണ്ടും തിരിച്ചടി; യാത്രാവിലക്ക് അപ്പീൽ കോടതിയും തള്ളി, ഇനി സുപ്രീം കോടതിയിലേക്ക്

Donald-Trump

വാഷിങ്ടൻ∙ ആറു മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിൽനിന്നുള്ളവർക്കു യുഎസിലേക്ക് ഏർപ്പെടുത്തിയ യാത്രാവിലക്ക് പുനഃസ്ഥാപിക്കണമെന്ന ഹർജി അപ്പീൽ കോടതി തള്ളി. പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിന് ഈ വിഷയത്തിൽ വീണ്ടും തിരിച്ചടി.

നേരത്തേ ട്രംപിന്റെ യാത്രാവിലക്ക് കോടതി തടഞ്ഞതു ചോദ്യം ചെയ്താണു യുഎസ് ഭരണകൂടം അപ്പീൽ കോടതിയിലെത്തിയത്. ‘ദേശസുരക്ഷ എന്ന അവ്യക്ത കാരണം ചൂണ്ടിക്കാട്ടിയാണ് യാത്രാവിലക്കു വേണമെന്നു പറയുന്നത്. എന്നാൽ, അസഹിഷ്ണുതയും വംശീയവിവേചനുവുമാണു പ്രകടമാകുന്നത്’ – വിധിയിൽ ജ‍ഡ്ജി റോജർ ഗ്രിഗറി ചൂണ്ടിക്കാട്ടി.

കോടതി വിധിയോടു വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല. ഇനി യുഎസ് സുപ്രീം കോടതിയിൽ അപ്പീൽ നൽകാം. ഇതിൽ അന്തിമവിധി വരുന്നതുവരെ യാത്രാവിലക്കു നടപ്പാക്കാൻ കോടതിയോട് അനുമതി തേടാനുമാകും. ഭീകരപ്രവർത്തനം നിയന്ത്രിക്കാനും കുറയ്ക്കാനും യാത്രാവിലക്കിലൂടെ കഴിയുമെന്നാണു ട്രംപ് ഭരണകൂടത്തിന്റെ നിലപാട്.

എന്നാൽ, മതവിവേചനം പാടില്ല എന്ന യുഎസ് ഭരണഘടനാ വ്യവസ്ഥ ലംഘിക്കുന്നതാണു യാത്രാവിലക്കെന്ന് ഇതിനെ എതിർക്കുന്നവർ വാദിക്കുന്നു. രാജ്യത്ത് ആരൊക്കെ പ്രവേശിക്കണമെന്നതു തീരുമാനിക്കാൻ പ്രസിഡന്റിനു വിശാല അധികാരമുണ്ടെന്ന വാദം അപ്പീൽ കോടതി തള്ളുകയും ചെയ്തു.

ജനുവരി 27ന് ആണ് ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, സിറിയ, യെമൻ എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്കു യുഎസിലേക്കു പ്രവേശനം നിഷേധിച്ചു ട്രംപ് ആദ്യം ഉത്തരവിട്ടത്. ഇതു വിവിധ കോടതികൾ തടഞ്ഞു. തുടർന്ന് മാർച്ച് ആറിനു ട്രംപ് പുതിയ ഉത്തരവിട്ടു.

ആദ്യ ഉത്തരവിനെതിരായ നിയമനൂലാമാലകൾ മറികടക്കാനുള്ള ശ്രമമായിരുന്നു ഇത്. എന്നാൽ, മേരിലാൻഡിലെയും ഹവായിലെയും ഫെഡറൽ ജഡ്ജിമാർ ഈ ഉത്തരവു തടഞ്ഞു. ഇതിൽ മേരിലാൻഡ് കോടതിയുടെ വിധിക്കെതിരെയാണു ട്രംപ് ഭരണകൂടം അപ്പീൽ കോടതിയെ സമീപിച്ചത്.

ഹവായ് കോടതി വിധിക്കെതിരായ അപ്പീൽ സാൻഫ്രാൻസിസ്കോ അപ്പീൽ കോടതി പരിഗണിച്ചുവരികയാണ്.