Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എച്ച്1ബി വീസ നിയന്ത്രണത്തിൽ നിന്ന് യുഎസ് പിഎച്ച്ഡിയുള്ള വിദേശികളെ ഒഴിവാക്കാൻ ബിൽ

വാഷിങ്ടൻ ∙ ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ്, ഗണിതശാസ്ത്രം എന്നിവയിൽ അമേരിക്കയിൽനിന്നു പിഎച്ച്ഡി നേടിയ വിദേശികളെ എച്ച്1ബി വീസ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കാൻ ജനപ്രതിനിധി സഭയിൽ ബിൽ. ഗ്രീൻ കാർഡ്, എച്ച്1 ബി വീസ എന്നിവയുള്ളവർക്കു യുഎസിൽ പ്രതിവർഷം നൽകുന്ന ജോലിയുടെ എണ്ണത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കെയാണിത്.

യുഎസിൽ ഗവേഷണ പഠനം നടത്തുന്ന വിദ്യാർഥികളിൽ കൂടുതലും ഇന്ത്യക്കാരായതിനാൽ ഇന്ത്യക്കു ഗുണകരമാവുന്ന നീക്കമാണിത്. ഉയർന്ന സാങ്കേതികശേഷി ആവശ്യപ്പെടുന്ന ആയിരക്കണക്കിനു തസ്തികകൾ നികത്തപ്പെടാതെ പോകുന്നുണ്ടെന്നും അമേരിക്കൻ കമ്പനികൾക്ക് ആവശ്യമായ പ്രതിഭകളെ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും ബിൽ അവതരിപ്പിച്ച എറിക് പോൾസണും മൈക്ക് ക്വിഗ്‌ലിയും ചൂണ്ടിക്കാട്ടി.

അമേരിക്കയിൽ ഉന്നതവിദ്യാഭ്യാസം നേടിയ അന്യരാജ്യക്കാരെ പറഞ്ഞയയ്ക്കുന്നതു തുടർന്നാൽ സാങ്കേതികരംഗത്തോ ഗവേഷണരംഗത്തോ യുഎസിനു മുന്നേറ്റമുണ്ടാക്കാനാവില്ലെന്നും അവർ പറഞ്ഞു. അമേരിക്കൻ പിഎച്ച്ഡിയുള്ള 100 അന്യരാജ്യക്കാരെ നിയമിക്കുമ്പോൾ തദ്ദേശീയർക്ക് 262 അവസരങ്ങൾ ഉണ്ടാകുന്നതായി 2011ൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയ കാര്യവും അവർ ചൂണ്ടിക്കാട്ടി.