Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപിന്റെ മരുമകൻ റഷ്യയുമായി രഹസ്യ ആശയവിനിമയ മാർഗം തേടി

Jared Kushner

വാഷിങ്ടൺ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകനും ഉപദേശകനുമായ ജാറെദ് കുഷ്‌നർ റഷ്യയുമായി രഹസ്യബന്ധം സ്ഥാപിക്കാൻ ശ്രമിച്ചുവെന്നു വെളിപ്പെടുത്തൽ. പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ശേഷം ട്രംപ് സ്ഥാനമേറ്റെടുക്കുന്നതിനു മുൻപുള്ള അധികാരമാറ്റ സമയത്തു കുഷ്നർ റഷ്യയുമായി നിരന്തരം ബന്ധപ്പെടാൻ രഹസ്യമാർഗം സ്ഥാപിക്കുന്നതു സംബന്ധിച്ചു ചർച്ച നടത്തിയെന്നാണു മാധ്യമങ്ങൾ പുറത്തുവിട്ട വാർത്ത.

യുഎസിലെ റഷ്യൻ അംബാസഡർ സെർഗി കിസ്‌ലാക്കുമായുള്ള സംഭാഷണത്തിലാണ് ഇത്തരമൊരു ആശയവിനിമയ മാർഗത്തെക്കുറിച്ചു ചർച്ചചെയ്തതത്രേ. റഷ്യൻ എംബസിയുടെ യുഎസിലെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ഈ മാർഗം ഉണ്ടാക്കുകുയായിരുന്നു ഉദ്ദേശ്യം. കുഷ്നറുമായുള്ള ചർച്ചകൾക്കു ശേഷം റഷ്യൻ അംബാസഡർ ഈ വിവരം മോസ്കോയിലേക്കു വിളിച്ചറിയിച്ചത് യുഎസ് രഹസ്യാന്വേഷണ ഏജൻസി ചോർത്തുകയായിരുന്നുവെന്നാണു മാധ്യമ റിപ്പോർട്ട്.

ട്രംപിന്റെ മുൻ ദേശീയസുരക്ഷാ ഉപദേശകൻ മൈക് ഫ്ലിന്നും ഈ യോഗത്തിൽ പങ്കെടുത്തിരുന്നുവത്രേ. റഷ്യൻ ബന്ധത്തിന്റെ പേരിൽ ഇപ്പോൾ തന്നെ കുഴപ്പത്തിലായ ട്രംപിനെ വീണ്ടും കുടുക്കുന്നതാണു പുതിയ വെളിപ്പെടുത്തൽ. കുഷ്നറെ പുറത്താക്കണമെന്നു ഡമോക്രാറ്റുകൾ ആവശ്യപ്പെട്ടു കഴിഞ്ഞു.

ഇതിനിടെ, യുഎസ് സെനറ്റിന്റെ രഹസ്യാന്വേഷണ സമിതി ട്രംപിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സമർപ്പിക്കാൻ റിപ്പബ്ലിക്കൻ പാർട്ടിയോട് ആവശ്യപ്പെട്ടു. ട്രംപിന്റെ റഷ്യൻ ബന്ധവുമായി ബന്ധപ്പെട്ടാണു സമിതിയുടെ അന്വേഷണം. 2015 ജൂണിൽ ട്രംപ് മൽസരരംഗത്തെത്തിയതു മുതലുള്ള കത്തുകൾ, ടെലിഫോൺ രേഖകൾ, ഇ–മെയിലുകൾ എന്നിവ നൽകാനാണു നി‍ർദേശം.

ഇതിനിടെ, മാർച്ചിൽ ട്രംപിന് അനുകൂലമായി നടന്ന റാലി തടസ്സപ്പെടുത്തിയെന്ന കേസിൽ ഏഴു വയസ്സുകാരനെയും പ്രതിചേർത്തു. സെനറ്റർ ടിം കെയ്ന്റെ മകൻ ലിൻവുഡിനെയാണു പ്രതിയാക്കിയത്. മറ്റ് ഏഴുപേരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഡമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാ‍നാർഥിയായി രംഗത്തുണ്ടായിരുന്ന ആളാണു ടിം.