Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാൻകാർക്കു യുഎസ് വീസ കുറഞ്ഞു; ഇന്ത്യക്കാർക്കു കൂടി

ഇസ്‌ലാമാബാദ്∙ യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരത്തിലേറിയശേഷം പാക്കിസ്ഥാൻകാർക്ക് മാർച്ചിലും ഏപ്രിലിലും നൽകിയ നോൺ– ഇമിഗ്രന്റ് വീസയിൽ മുൻവർഷത്തെ പ്രതിമാസ ശരാശരിയെക്കാൾ 40% കുറവ്.

യുഎസ് പ്രസിഡന്റ് യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളുടെ പട്ടികയിൽ പാക്കിസ്ഥാൻ ഇല്ലെന്നിരിക്കെയാണ് ഇത്. പാക്കിസ്ഥാൻകാർക്ക് മാർച്ചിൽ നൽകിയത് 3925 വീസ; ഏപ്രിലിൽ 3973. എന്നാൽ ട്രംപ് അധികാരത്തിലേറിയശേഷം ഇന്ത്യക്കാർക്കു നൽകിയ വീസയുടെ എണ്ണം മുൻ വർഷങ്ങളിലെ പ്രതിമാസ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോൾ മാർച്ചിലും ഏപ്രിലിലും 28% വർധിച്ചുവെന്നതാണ് രസകരമായ കാര്യം.

മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭരണത്തിനു കീഴിൽ കഴിഞ്ഞവർഷം ആകെ 78,637 യുഎസ് വീസകൾ പാക്കിസ്ഥാൻകാർക്കു നൽകിയിരുന്നു– പ്രതിമാസ ശരാശരി 6553 വീസ. നിലവിലുള്ള ശരാശരിയെക്കാൾ 40% കൂടുതലാണിത്.

മറ്റ് 50 മുസ്‌ലിം രാജ്യങ്ങളിൽപെട്ടവർക്കും യുഎസ് നൽകിയ വീസയിൽ ഏപ്രിലിൽ കുറവുണ്ടായിട്ടുണ്ട്–20%. ഓരോ രാജ്യങ്ങളിൽ നിന്നുള്ളവരുടെയും വീസ ആവശ്യം എല്ലാ മാസവും മാറിക്കൊണ്ടിരിക്കുമെന്നും വർഷം മുഴുവൻ ഒരേ രീതിയിലായിരിക്കുമെന്നു പറയാനാകില്ലെന്നും സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റ് വക്താവു പറഞ്ഞു.