Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലണ്ടനിലെ ഭീകരാക്രമണം അതീവ സുരക്ഷയും മറികടന്ന്

96104989 ലണ്ടൻ ബ്രിജിൽ ഭീകരാക്രമണമുണ്ടായതിനെത്തുടർന്ന് സുരക്ഷ ശക്തമാക്കിയപ്പോൾ.

ലണ്ടൻ ∙ ശനിയാഴ്ച രാത്രിയുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ടു കിഴക്കൻ ലണ്ടനിൽ വ്യാപക പൊലീസ് പരിശോധന. ഭീകരരിൽ ഒരാൾ താമസിച്ചിരുന്ന ഈസ്റ്റ് ലണ്ടനിലെ ബാർക്കിങ്ങിലുള്ള കിങ്സ് റോഡിലെ ഫ്ലാറ്റിൽ പൊലീസ് റെയ്ഡ് നടത്തി നിർണായകമായ പല തെളിവുകളും ശേഖരിച്ചു.

അറസ്റ്റിലായവരെല്ലാംതന്നെ കിഴക്കൻ ലണ്ടനിൽനിന്നുള്ളവരാണ്. ആക്രമണത്തിൽ പരുക്കേറ്റവരിൽ നാലു പൊലീസുകാരും ഉൾപ്പെടുന്നു. രണ്ടു പൊലീസുകാരുൾപ്പെടെ പരുക്കേറ്റ ഒട്ടേറെപ്പേരുടെ നില ഗുരുതരമാണ്. നാലു ഫ്രഞ്ച് പൗരന്മാർക്കും രണ്ട് ഓസ്ട്രേലിയൻ പൗരന്മാർക്കും ആക്രമണത്തിൽ പരുക്കേറ്റിരുന്നു.

അറസ്റ്റിലായവരുടെ ചിത്രങ്ങളും മറ്റും കാട്ടി ബാർക്കിങ്ങിൽ സമീപവാസികളിൽനിന്നും മറ്റും പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. നാട്ടുകാർ പലരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഭീകരരിൽ ഒരാളുടേതെന്നു സ്ഥിരീകരിച്ച ഫ്ലാറ്റിൽ പൊലീസ് നിയന്ത്രിത സ്ഫോടനം നടത്തിയതായും വിവരമുണ്ട്. ഇവിടെ ശേഖരിച്ചിരുന്ന സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കാനായിരുന്നു ഇതെന്നാണു നിഗമനം.

നിരപരാധികളായ ലണ്ടൻ നിവാസികൾക്കെതിരായ ആക്രമണങ്ങളെ അപലപിച്ച മേയർ സാദിഖ് ഖാൻ, ലണ്ടൻ നഗരത്തെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ആഗോളനഗരമായി നിലനിർത്തുമെന്നും പ്രഖ്യാപിച്ചു. പാലത്തിനു തൊട്ടുപടിഞ്ഞാറുള്ള തിരക്കേറിയ ബറോ മാർക്കറ്റ് വാരാന്ത്യ രാത്രിയാഘോഷങ്ങൾക്ക് ഏറെ പ്രശസ്തമാണ്.

പകൽസമയത്തെക്കാൾ തിരക്കാണ് ഇവിടെ രാത്രിയിൽ. ഇവിടെയാണ് പത്തിഞ്ചു നീളമുള്ള വലിയ കഠാരകളുമായി ഭീകരർ ആക്രമണം നടത്തിയത്. തടയാനെത്തിയ പൊലീസുകാരനും ഗുരുതരമായി കുത്തേറ്റു. കനത്ത കാവലിനിടയിലും ഭീകരാക്രമണം തുടരുന്നതു നഗരത്തിൽ ഭീതി പരത്തിയിട്ടുണ്ട്. ഇന്നലെ നടന്നതിന് ഏറക്കുറെ സമാനമായിരുന്നു കഴിഞ്ഞ മാർച്ചിൽ ബ്രിട്ടിഷ് പാർലമെന്റിനു സമീപം നടന്ന ആക്രമണം.

വെസ്റ്റ്മിനിസ്റ്റർ ബ്രിജിലെ നടപ്പാതയിലേക്കു വാഹനം ഓടിച്ചുകയറ്റി ഒട്ടേറെപ്പേരെ പരുക്കേൽപിച്ച അക്രമി പിന്നീടു പാർലമെന്റ് മന്ദിരത്തിലേക്ക് ഓടിക്കയറാൻ ശ്രമിക്കുകയായിരുന്നു. ഒരാഴ്ച മുൻപു മാഞ്ചസ്റ്ററിൽ ചാവേറായെത്തിയ അക്രമി, സംഗീതപരിപാടി കഴിഞ്ഞു പുറത്തേക്കു വരുന്നവരുടെ ഇടയിലാണു സ്ഫോടനം നടത്തിയത്. മാഞ്ചസ്റ്റർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷയ്ക്കു പൊലീസിനൊപ്പം മൂവായിരത്തോളം പട്ടാളക്കാരെയും നിയോഗിച്ചിരുന്നു.

ഇവരുടെ സാന്നിധ്യവും നഗരത്തിലുള്ളപ്പോഴാണു ശനിയാഴ്ചത്തെ ആക്രമണം. എഡ്ജ്ബാസ്റ്റണിൽ ഇന്നു നടക്കുന്ന ഇന്ത്യ - പാക്ക് ക്രിക്കറ്റ് മൽസരത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെങ്ങും പതിവിൽ കൂടുതൽ സുരക്ഷാ മുൻകരുതലുകൾ എടുത്തിരുന്നു. പൊലീസിന്റെ ശ്രദ്ധ അവിടേക്കു മാറിയതിന്റെ മറപിടിച്ചാണ് അക്രമികൾ ലണ്ടനിൽ ആക്രമണം നടത്തിയത്.