Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

120 യാത്രക്കാരുമായി മ്യാൻമർ സൈനികവിമാനം കടലിൽ തകർന്നു

flight-plane

യാങ്കൂൺ∙ കുട്ടികളും സൈനികരുമടക്കം 120 പേരുമായി പറന്ന മ്യാൻമർ സൈനിക വിമാനം ആൻഡമൻ കടലിൽ തകർന്നുവീണു. ദക്ഷിണ മ്യാൻമറിലെ മയേകിൽനിന്നു യാങ്കൂണിലേക്കു പറന്ന വിമാനവുമായുള്ള ബന്ധം ഇന്നലെ ഉച്ചയോടെ നഷ്ടപ്പെട്ടിരുന്നു.

നാവികസേനാ കപ്പലുകളും ഹെലികോപ്ടറുകളും തിരച്ചിൽ നടത്തുന്നതിനിടെയാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്നവരിൽ 106 പേരും സൈനികരും അവരുടെ കുടുംബാംഗങ്ങളുമാണ്, ഒരു ഡസനിലേറെ കുട്ടികളടക്കം. 14 പേ‍ർ വിമാന ജീവനക്കാരാണ്.

നാലു കപ്പലുകളും രണ്ടു വ്യോമസേനാ വിമാനങ്ങളും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ആരെയും രക്ഷപ്പെടുത്തിയതായി വിവരമില്ല. മ്യാൻമറിൽ കേരളത്തിലേതുപോലെ വർഷകാലമാണെങ്കിലും വിമാനം കാണാതാകുമ്പോൾ അന്തരീക്ഷം ശാന്തമായിരുന്നുവെന്നാണ് റിപ്പോർട്ട്.

5486 മീറ്റർ ഉയരത്തിൽ പറക്കുമ്പോഴാണ് വിമാനവുമായി ബന്ധമറ്റത്. ചൈനയിൽ നിർമിച്ച വൈ–8 എഫ്–200 മോഡൽ വിമാനമാണിത്. മ്യാൻമർ സൈന്യം ചരക്കുനീക്കത്തിനും മറ്റും ഈ വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. ഇവയിൽ പലതും പഴക്കംചെന്നതാണത്രേ.