Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാരിക്കൂട്ടാൻ നോട്ടമിട്ടു; ഉള്ളതും കൈവിട്ട് മേ, മിന്നൽപ്പിണറായി കോർബിൻ

CORBYN-MAY തെരേസ മേ, ജെറെമി കോർബിൻ

ലണ്ടൻ∙ സമീപകാലത്തായി രാഷ്ട്രീയ അബദ്ധങ്ങളുടെ നേർക്കാഴ്ചകളാണു ബ്രിട്ടനിൽ തുടർച്ചയായി അരങ്ങേറുന്നത്. രണ്ടുവർഷം മുൻപു വീണ്ടും അധികാരത്തിലെത്താൻ അന്നത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറൺ ഇറക്കിയ ‘ബ്രെക്സിറ്റ് ഹിതപരിശോധന’ എന്ന തുറുപ്പുചീട്ട് അദ്ദേഹത്തിന്റെ അധികാരനഷ്ടത്തിലേക്കു നയിച്ചെങ്കിൽ ഇപ്പോൾ അധികാരക്കരുത്തു കൂട്ടാൻ പ്രധാനമന്ത്രി തെരേസ മേ നടത്തിയ ‘മിന്നൽ തിരഞ്ഞെടുപ്പ്’ അവരുടെ ഉണ്ടായിരുന്ന കരുത്തും ചോർത്തി. ഡേവിഡ് കാമറൺ രാജിവച്ചപ്പോൾ കയ്യിലെത്തിയ അധികാരം അതിമോഹംകൊണ്ട് അവർ എറിഞ്ഞുടച്ചു.

കേവലഭൂരിപക്ഷത്തിനു 326 സീറ്റ് വേണ്ട പാർലമെന്റിൽ 2020 വരെ ഭരിക്കാനുള്ള വ്യക്തമായ ഭൂരിപക്ഷം (330) കയ്യിലിരിക്കേയാണു കൂടുതൽ കരുത്തുനേടാൻ തെരേസ മേ എല്ലാവരെയും ഞെട്ടിച്ച് പെട്ടെന്നു തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. സാഹചര്യം അനുകൂലമാണെന്നും നാനൂറിലേറെ സീറ്റുകൾ നേടുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു ഈ എടുത്തുചാട്ടം. ഒരാഴ്ച മുൻപുവരെ നടന്ന സർവേകളിൽ മേയുടെ കൺസർവേറ്റിവ് പാർട്ടിക്കു (ടോറികൾ) വ്യക്തമായ ഭൂരിപക്ഷവും ലേബർ പാർട്ടിക്കു ചരിത്രത്തിലെ ഏറ്റവും കനത്ത പരാജയവുമായിരുന്നു പ്രവചിക്കപ്പെട്ടിരുന്നത്. എന്നാൽ പ്രചാരണം മുറുകിയതോടെ ലേബർ തങ്ങളുടെ തുറുപ്പുചീട്ട് പുറത്തെടുത്തു.

സാധാരണക്കാരെയും ഇടത്തരക്കാരെയും അധ്വാന വർ‌ഗത്തെയും കയ്യിലെടുക്കാൻ ഓരോ ദിവസവും ജനപ്രിയപ്രഖ്യാപനങ്ങൾ. ഒടുവിൽ ഇവയെല്ലാം ചേർത്തു സുന്ദരമോഹന വാഗ്ദാനങ്ങൾ നിറഞ്ഞ പ്രകടനപത്രികയും. ഇതിനു ടോറികൾക്കു മറുപടിയില്ലായിരുന്നു. നടപ്പാക്കാൻ കഴിയാത്ത പൊള്ളയായ വാഗ്ദാനങ്ങളാണിവയെന്നു പ്രചരിപ്പിക്കാൻ ശ്രമിച്ചെങ്കിലും കോർപറേറ്റ് നികുതി ഉയർത്തിയും അധികവരുമാനക്കാർക്കു കൂടുതൽ നികുതി ഏർപ്പെടുത്തിയും പദ്ധതികൾക്കു പണം കണ്ടെത്തുമെന്നു പ്രഖ്യാപിച്ച് കോർബിൻ തിരിച്ചടിച്ചു. ഇക്കാര്യങ്ങളിൽ മുഖാമുഖം ടെലിവിഷൻ ചർച്ചയ്ക്കായി തെരേസ മേയെ തുടരത്തുടരെ വെല്ലുവിളിക്കുകയും ചെയ്തു. കോർബിന്റെ വെല്ലുവിളി ഏറ്റെടുക്കാൻ മേ തയാറാകാതിരുന്നതു ഭീരുത്വമായും ഒളിച്ചോട്ടമായും വ്യാഖ്യാനിക്കപ്പെട്ടു.

ഇവയ്ക്കെല്ലാം പുറമേ, സമാധാനം കാംക്ഷിക്കുമ്പോൾ ഭീകരതയ്ക്കെതിരെ പോരാടാനെന്ന പേരിൽ സൈനിക നടപടിക്കു മുതിരുന്നതു ശരിയല്ലെന്ന കോർബിന്റെ പ്രഖ്യാപനം വോട്ടർമാരെ ഇരുത്തിച്ചിന്തിപ്പിച്ചു. തുടരത്തുടരെയുണ്ടായ ഭീകരാക്രമണങ്ങുടെ പശ്ചാത്തലത്തിൽ കോർബിൻ പറഞ്ഞതിനു പ്രസക്തിയേറി. യുദ്ധത്തെക്കാൾ സമാധാനമാണു നല്ല മാർഗമെന്നുള്ള കോർബിന്റെ വാക്കുകൾക്ക് ഒരു ഗാന്ധിയൻ സ്പർശവുമുണ്ടായിരുന്നു.