Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേയുടെ പ്രധാന ഉപദേശകർ പുറത്ത്; പാർട്ടിയിൽ കലാപസ്വരം

Theresa May

ലണ്ടൻ ∙ തീരുമാനം പിഴച്ചുപോയ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയ്ക്കെതിരെ സ്വന്തം പാർട്ടിയിൽ കലാപസ്വരം. മൂന്നുവർഷം കാലാവധി ബാക്കിനിൽക്കെ, ഇടക്കാല തിരഞ്ഞെടുപ്പിലൂടെ ഭൂരിപക്ഷം നഷ്ടപ്പെടുത്തി ത്രിശങ്കുസഭയിലെത്തുന്ന മേ പിടിച്ചുനിൽക്കാൻ ഏറെ പാടുപെടേണ്ടി വരുമെന്നു സൂചിപ്പിക്കുന്നതാണിത്.

യൂറോപ്യൻ യൂണിയനിൽനിന്നു വിട്ടുപോരാനുള്ള നടപടികൾക്കു (ബ്രെക്സിറ്റ്) 18നു തുടക്കം കുറിക്കാനിരിക്കെ, സ്വന്തം പാർട്ടിക്കുള്ളിലെ വിവിധ വിഭാഗങ്ങളെ ഒപ്പം നിർത്തുകയെന്നതു മേയ്ക്കു കനത്ത വെല്ലുവിളിയാണ്. മേയെ ഇനിയും ‘സഹിക്കാൻ’ കൺസർവറ്റിവ് (ടോറി) പാർട്ടിയിലെ മുതിർന്ന അംഗങ്ങൾ തയാറല്ലെന്നു ‘സൺ’ പത്രം റിപ്പോർട്ട് ചെയ്തു.

എന്നാൽ, ആറുമാസത്തിനുള്ളിൽ എന്തെങ്കിലും നീക്കത്തിന് ഇവർ തയാറാകില്ലെന്നു പത്രം വിലയിരുത്തുന്നു. ഇപ്പോൾ പാർട്ടിക്കുള്ളിൽ അധികാരത്തർക്കമുണ്ടാകുന്നതു ലേബർ പാർട്ടിയുടെ ജെറമി കോർബിനെ പ്രധാനമന്ത്രി പദത്തിലേക്കു നയിക്കുന്നതിനു തുല്യമാകുമെന്നാണു മുതിർന്ന ടോറികൾ കരുതുന്നത്.

എന്നാൽ, ബ്രെക്സിറ്റ് നടപടികൾ മുന്നോട്ടുപോയ ശേഷം മേയെ മാറ്റാനുള്ള നീക്കമുണ്ടായേക്കും. ബ്രെക്സിറ്റിന്റെ കാര്യത്തിലും ടോറികൾക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ട്. ഇതിനിടെ, ബ്രിട്ടൻ ബ്രെക്സിറ്റ് നടപടികൾ ഉടൻ ആരംഭിക്കണമെന്നു ജർമൻ ചാൻസലർ അംഗല മെർക്കൽ പറഞ്ഞു. മേയുടെ ന്യൂനപക്ഷ സർക്കാരുമായുള്ള ചർച്ചകൾ കൂടുതൽ സങ്കീർണമാകുമെന്നു യൂറോപ്യൻ പാർലമെന്റിലെ ബ്രെക്സിറ്റ് വിദഗ്ധൻ എൽമർ ബ്രോക് വിലയിരുത്തി.

സ്വന്തം രാജ്യത്തു കടുത്ത സമ്മർദം നേരിടുന്ന മേയ്ക്കു യൂറോപ്യൻ യൂണിയനുമായുള്ള ചർച്ചകളിൽ ഒരു വിട്ടുവീഴ്ചയും സാധ്യമല്ലാതെ വരും. ഇതു കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കും – ബ്രോക് പറഞ്ഞു. ബ്രിട്ടനുമായി ശക്തമായ ബന്ധം തുടരുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.

കെൻസിങ്ടണും കൈവിട്ടു

ലണ്ടൻ ∙ കൺസർവറ്റിവുകളുടെ ശക്തി കേന്ദ്രമായിരുന്ന പടിഞ്ഞാറൻ ലണ്ടനിലെ കെൻസിങ്ടൺ സീറ്റ് ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ ലേബർ പാർട്ടി പിടിച്ചു. 20 വോട്ടുകൾക്കാണു ജയം. അവസാനം പുറത്തുവന്ന ഫലം ഇതാണ്.

650 അംഗ പാർലമെന്റിൽ കൺസർവറ്റിവുകൾക്ക് 318 സീറ്റും ലേബർ പാർട്ടിക്ക് 262 സീറ്റുമാണുള്ളത്. 326 സീറ്റുകളാണ് ഭൂരിപക്ഷത്തിനു വേണ്ടത്. ഇടക്കാല തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുമ്പോൾ കൺസർവറ്റിവുകൾക്കു വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു – 330 സീറ്റ്. കൂടുതൽ പിന്തുണ കിട്ടുമെന്ന ഉറപ്പിലാണ് ഏപ്രിലിൽ മേ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്.

related stories