Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യക്കാരന്റെ കൊലപാതകം: കുറ്റം ചുമത്തി; വധശിക്ഷ ലഭിച്ചേക്കാം

sreenivas-us-shoot കൊല്ലപ്പെട്ട ശ്രീനിവാസ് കുച്ചിബോട്‌ല (ഇടത്) കുറ്റക്കാരനായ ആഡം പുരിൻടന്‍(വലത്)

വാഷിങ്ടൻ ∙വംശീയ വിദ്വേഷത്തിൽ ഇന്ത്യക്കാരനായ ഐടി ഉദ്യോഗസ്ഥൻ ശ്രീനിവാസ് കുച്ചിബോട്‌ലയെ വെടിവച്ചു കൊലപ്പെടുത്തുകയും സുഹൃത്ത് അലോക് മടസാനിയെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത മുൻ യുഎസ് നാവിക ഉദ്യോഗസ്ഥൻ ആഡം പുരിൻടന് (51) എതിരെ ഗ്രാൻഡ് ജൂറി കൊലക്കുറ്റം ചുമത്തി. പ്രതിക്കു വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാം.

വധശിക്ഷ തന്നെ നൽകണോയെന്ന് കോടതി പിന്നീടു തീരുമാനിക്കും. കൻസാസിലെ ബാറിൽ കഴിഞ്ഞ ഫെബ്രുവരി 22 നായിരുന്നു സംഭവം. വെടിവയ്പിൽ ഇയാൻ ഗ്രില്ലറ്റ് എന്ന അമേരിക്കക്കാരനും പരുക്കേറ്റിരുന്നു. ആസൂത്രിതമാണു കൊലപാതകമെന്നു കോടതി കണ്ടെത്തി.

‘എന്റെ രാജ്യത്തു നിന്നു സ്ഥലംവിടൂ’ എന്നാക്രോശിച്ചായിരുന്നു ആക്രമണം. ഇപ്പോൾ ജോൺസൺ കൗണ്ട് ജയിലിൽ കഴിയുന്ന പ്രതിക്കെതിരെ കൊലക്കുറ്റത്തിനു പുറമേ ആയുധ നിയമലംഘനവും ചുമത്തിയിട്ടുണ്ട്.