Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജപ്പാൻ കടലിൽ യുദ്ധക്കപ്പലപകടം; 7 യുഎസ് നാവികരെ കാണാതായി

US Ship Representation Image

യോകോസുക(ജപ്പാൻ)∙ ജപ്പാൻ തീരക്കടലിൽ കണ്ടെയ്നർ കപ്പലുമായി കൂട്ടിയിടിച്ച യുഎസ്എസ് ഫിറ്റ്സ്ജറൾഡ് യുദ്ധക്കപ്പലിലെ ഏഴു നാവികരെ കാണാതായി. പരുക്കേറ്റ കമാൻഡിങ് ഓഫിസർ ബ്രൈസ് ബെൻസൻ ഉൾപ്പെടെയുള്ളവരെ ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചു.

തുറമുഖ നഗരമായ യോകുസുകയ്ക്കു 104 കിലോമീറ്റർ അകലെ ശനിയാഴ്ച പുലർച്ചെയാണു ഫിലിപ്പീൻസിന്റെ കൂറ്റൻ കണ്ടെയ്നർ കപ്പലുമായി യുഎസ് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചത്. യുദ്ധക്കപ്പൽ എങ്ങോട്ടുള്ള യാത്രയിലായിരുന്നുവെന്നു വ്യക്തമല്ല. അപകടത്തിൽ കപ്പലിന്റെ ഒരു വശം പൂർണമായി തകർന്നു.

222 മീറ്റർ നീളമുള്ള കണ്ടെയ്നർ കപ്പൽ ദിശമാറി തിരിയുമ്പോഴാണ് അപകടമുണ്ടായതെന്നു ജപ്പാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും ക്യാപ്റ്റൻ നിഷേധിച്ചു. മുങ്ങിക്കപ്പലുകളും മിസൈൽ വേധിയായ യുഎസ്എസ് ഫിറ്റ്സ്ജറൾഡ് ഉൾപ്പെടെ യുഎസ് കപ്പൽ വ്യൂഹത്തിന്റെ താവളം യോകുസുകയിലാണ്.

യുഎസ്എസ് ഫിറ്റ്സ്ജറൾഡ് 1995ൽ ആണു കമ്മിഷൻ ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നതാണ്. അപകടത്തെ തുടർന്നു യോകുസുകയിലെ താവളത്തിലേക്കു കപ്പൽ തിരികെയെത്തിച്ചു.