Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രിട്ടൻ–യൂറോപ്യൻ യൂണിയൻ ചർച്ചകൾക്കു തുടക്കം

TOPSHOT-BRITAIN-EU-POLITICS-BREXIT

ബ്രസ്സൽസ്∙ ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ വിട്ടുപോകുമ്പോൾ ഇരുവശത്തും ഉണ്ടാകാവുന്ന പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ വേണ്ടിയുള്ള ചർച്ചകൾക്കു തുടക്കം. യൂറോപ്യൻ യൂണിയനെ പ്രതിനിധാനം ചെയ്തു ഫ്രാൻസിലെ മൈക്കൽ ബാർണിയറും യുകെയുടെ പ്രതിനിധി ഡേവിഡ് ഡേവിസും തമ്മിൽ ഇവിടെ ഔപചാരിക ചർച്ചകൾ ആരംഭിച്ചു.

ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ വിട്ടുപോകാൻ ജനഹിതപരിശോധനയിലൂടെ തീരുമാനം എടുത്ത് ഏകദേശം ഒരു വർഷം ആകുമ്പോഴാണു വേർപിരിയലിന്റെ പ്രായോഗിക പ്രശ്നങ്ങൾ ഇരുകൂട്ടർക്കും തലവേദനയില്ലാതെ പരിഹരിക്കാൻ വേണ്ടി ഇപ്പോൾ ചർച്ചകൾക്കു തുടക്കം കുറിച്ചിരിക്കുന്നത്. ഈ ചർച്ചകൾ പല ഘട്ടങ്ങളായി 2018 ഒക്ടോബറിനകം തീർക്കുകയും നേരത്തേ നിശ്ചയിച്ചപോലെ 2019 മാർച്ചിൽ അന്തിമ തീരുമാനത്തിലെത്തുകയും ചെയ്യുകയെന്നതാണ് ഉദ്ദേശ്യം.

ബ്രിട്ടനിലുള്ള യൂറോപ്യൻ യൂണിയൻ പൗരന്മാരുടെ അവകാശങ്ങൾ എന്തായിരിക്കണം എന്നു തീരുമാനിക്കുക, വടക്കൻ അയർലൻഡും അയർലൻഡും തമ്മിലുള്ള തുറന്ന അതിർത്തി ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വിലയിരുത്തുക തുടങ്ങിയ കാര്യങ്ങൾക്കാണു ചർച്ചയിൽ തുടക്കത്തിൽ പ്രാധാന്യം നൽകുന്നതെന്നു മൈക്കൽ ബാർണിയർ പറഞ്ഞു.

എന്നാൽ വേർപിരിയലിന്റെ ഭാഗമായി കണക്കാക്കിയിരിക്കുന്ന 10 കോടി യൂറോയുടെ സാമ്പത്തിക പ്രശ്നങ്ങൾ സംബന്ധിച്ച് അദ്ദേഹം നിശ്ശബ്ദത പാലിച്ചു.