Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസിൽ 20 കോടിയോളം പേരുടെ വ്യക്തിവിവരങ്ങൾ ചോർന്നു

വാഷിങ്ടൺ∙ യുഎസിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ കൈവശമുണ്ടായിരുന്ന 20 കോടിയോളം പേരുടെ വ്യക്തിവിവര ശേഖരം ചോർന്നതായി റിപ്പോർട്ട്. യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പു പ്രചാരണ ആവശ്യങ്ങൾക്കായി റിപ്പബ്ലിക്കൻ നാഷനൽ കമ്മിറ്റി സമാഹരിച്ച വിവരങ്ങളാണിത്. ഇവ സൂക്ഷിക്കാൻ കരാറേൽപിച്ച ഡീപ് റൂട് അനലറ്റിക്സ് എന്ന കമ്പനിയുടെ പക്കൽനിന്നാണു ചോർന്നതെന്നു ടെക്നോളജി ന്യൂസ് വെബ്സൈറ്റായ ഗിസ്മോഡോ റിപ്പോർട്ട് ചെയ്തു.

വിവിധ വിഷയങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ ജനങ്ങൾ നടത്തിയ പ്രതികരണം, മതനിലപാടുകൾ, രാഷ്ട്രീയ ചായ്‌വ്, വിവാദ വിഷയങ്ങളിലെ നിലപാടുകൾ തുടങ്ങിയവയെല്ലാം വിശദമായി വിശകലനം ചെയ്യുന്നതാണു വിവരശേഖരം. കഴിഞ്ഞ ജനുവരിയിലാണ് ഇത് അവസാനമായി പുതുക്കിയത്.

കുറച്ചുകാലത്തേക്ക് ഇവ ഓൺലൈനിൽ ലഭ്യമായിരുന്നതായാണു വിവരം. ഇക്കാലത്താവും ചോർന്നതെന്നും കരുതുന്നു. സംഭവത്തിന്റെ പൂർണഉത്തരവാദിത്തം തങ്ങൾ ഏറ്റെടുക്കുന്നതായി ഡീപ് റൂട് അനലറ്റിക്സ് സ്ഥാപകൻ അലക്സ് ലുൻഡ്രി പറഞ്ഞു.

അതേസമയം, 20 കോടിയോളം പേരുടെ വ്യക്തിവിവരങ്ങൾ ചോർന്നതു യുഎസിൽ വലിയ പ്രത്യാഘാതമുണ്ടാക്കിയേക്കും. ഈ വിവരങ്ങൾ വച്ചു വ്യക്തികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും വരെ സാധിക്കുമെന്നു വിലയിരുത്തപ്പെടുന്നു.