Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപിന്റെ മരുമകൻ കുഷ്നർ ചർച്ചയ്ക്കായി ഇസ്രയേലിൽ

Benjamin Netanyahu-Jared Kushner യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകനും ഉപദേശകനുമായ ജാറെദ് കുഷ്നർ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനൊപ്പം.

ജറുസലം ∙ ഇസ്രയേൽ–പലസ്തീൻ സമാധാന ചർച്ചയ്ക്കു കളമൊരുക്കുന്നതിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകനും ഉപദേശകനുമായ ജാറെദ് കുഷ്‌നർ (36) എത്തി. കുഷ്നർ ഇന്നു പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് എന്നിവരെ കണ്ടു ചർച്ച നടത്തും. ഇസ്രയേൽ–പലസ്തീൻ സമാധാനക്കരാറാണു തന്റെ ആത്യന്തിക ലക്ഷ്യമെന്നു യുഎസ് പ്രസിഡന്റ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനുള്ള നടപടികൾക്കു തുടക്കമിടാൻ വേണ്ടിയാണു ട്രംപ് കുഷ്നറെ നിയോഗിച്ചിരിക്കുന്നതെന്നു കരുതുന്നു.

വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലം, ഗാസ മുനമ്പ് എന്നിവ ഇസ്രയേൽ കയ്യടക്കിയ 1967ലെ യുദ്ധത്തിന്റെ അൻപതാം വാർഷികമാണ്. ഈ പ്രദേശങ്ങൾ സ്വന്തമെന്ന് ഇസ്രയേൽ അവകാശപ്പെടുമ്പോൾ, ഇതൊരു സ്വതന്ത്ര പ്രദേശമാക്കണമെന്നു പലസ്തീൻ ആവശ്യപ്പെടുന്നു. ഇസ്രയേലിൽ എത്തിയ കുഷ്നർ പലസ്തീൻ പോരാളികളുടെ ആക്രമണത്തിൽ ഈയിടെ കൊല്ലപ്പെട്ട വനിതാ പൊലീസ് ഓഫിസറുടെ വസതി സന്ദർശിച്ച് അനുശോചനം അറിയിച്ചു.