Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്രെൻഫെൽ ടവറിലെ തീപിടിത്തതിന് കാരണം തകരാറുള്ള ഫ്രിഡ്ജ്

Grenfell Tower

ലണ്ടൻ ∙ 79 പേരുടെ മരണത്തിന് ഇടയാക്കിയ പശ്ചിമ ലണ്ടനിലെ 24 നില ഗ്രെൻഫെൽ ടവറിലെ തീപിടിത്തതിനു കാരണം തകരാറുള്ള ഒരു ഫ്രിഡ്ജ്. സ്കോട്‌ലൻഡ് യാർഡിന്റെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹോട്പോയിന്റ് കമ്പനിയുടെ ഫ്രിഡ്ജ്, ഫ്രീസർ യൂണിറ്റുകളിൽ പരിശോധന നടത്താൻ ബ്രിട്ടിഷ് സർക്കാർ ഉത്തരവിട്ടു.

വിശദമായ അന്വേഷണത്തിനുശേഷം കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തേക്കുമെന്നു സ്കോട്‌ലൻഡ് യാർഡ്. ഫ്രിഡ്ജിൽ ഉപയോഗിച്ചിരുന്ന അലൂമിനിയം കൂട്ടുകൾ, വൈദ്യുതിയെ പ്രതിരോധിക്കാൻ ഉപയോഗിച്ചിരുന്ന ഇൻസുലേഷൻ വസ്തുക്കൾ തുടങ്ങിയവ നിലവാരമില്ലാത്തതായിരുന്നുവെന്നും ഗുണപരിശോധനയിൽ പരാജയപ്പെട്ടുവെന്നും ഡിറ്റക്ടീവ് സൂപ്രണ്ടും അന്വേഷണത്തിനു നേതൃത്വംനൽകുന്ന ഉദ്യോഗസ്ഥയുമായ ഫയോന മാക്‌ക്രോമാക് അറിയിച്ചു.

ഈ വസ്തുക്കൾ ബ്രിട്ടനിൽ ഉപയോഗിക്കുന്നതു നിയമവിധേയമാണോയെന്നു പരിശോധിക്കുമെന്നും അവർ പറഞ്ഞു. പടിഞ്ഞാറൻ ലണ്ടനിലെ കെൻസിങ്ടണിലുള്ള ഗ്രെൻഫെൽ ടവർ ഫ്ലാറ്റ് സമുച്ചയത്തിൽ 120 ഫ്ലാറ്റുകളാണുണ്ടായിരുന്നത്. ഈ മാസം 14ന് അർധരാത്രി കഴി‍ഞ്ഞ് ഒരു മണിയോടെയായിരുന്നു കെട്ടിടത്തിൽ അഗ്നിബാധയുണ്ടായത്. അറുന്നൂറോളം പേരാണു കെട്ടിടത്തിലുണ്ടായിരുന്നത്. മിക്കവരും ഉറക്കത്തിലായിരുന്നു.