Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപും മുഹമ്മദ് ബിൻ സൽമാനുമായി ഫോണിൽ ചർച്ച; സഹകരണത്തിനു ധാരണ

റിയാദ്∙ സൗദിയിലെ പുതിയ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ടെലിഫോൺ സംഭാഷണം നടത്തി. സ്ഥാനലബ്ധിയിൽ അദ്ദേഹം ‌മുഹമ്മദ് ബിൻ സൽമാനെ അഭിനന്ദിച്ചു. ഖത്തറിലെ സാഹചര്യമുൾപ്പെടെ ചർച്ച ചെയ്ത ഇരുവരും മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പുവരുത്താൻ കൂടുതൽ സഹകരിച്ചു പ്രവർത്തിക്കാൻ ധാരണയിലെത്തിയതായി വൈറ്റ് ഹൗസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഭീകരവാദ പ്രവർത്തനങ്ങൾക്കു ലഭിക്കുന്ന സഹായം ഇല്ലായ്മ ചെയ്യുന്നതിനു മുഖ്യപരിഗണന നൽകും. സൗദി–യുഎസ് സാമ്പത്തിക സഹകരണം കൂടുതൽ ദൃഢമാക്കാനും ഇസ്രയേൽ – പലസ്തീൻ വിഷയത്തിൽ ശാശ്വത സമാധാനം കൈവരിക്കുന്നതിനു നടപടികൾ കൈക്കൊള്ളാനും ചർച്ചയിൽ തീരുമാനിച്ചു. യുഎസ് പ്രസിഡന്റിനെ വൈറ്റ്ഹൗസിലെത്തി നേരിൽ സന്ദർശിച്ച ആദ്യ അറബ് നേതാവാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. മാർച്ചിലായിരുന്നു ഈ കൂടിക്കാഴ്ച. ട്രംപിന്റെ സൗദി സന്ദർശനവേളയിലും ഇവർ കണ്ടു.