Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപിന്റെ മനസ്സറിയും മലയാളികൾ

Trump

വാഷിങ്ടൻ ∙ ഡോണൾഡ് ട്രംപിനെ പിന്തുണയ്ക്കുന്ന അമേരിക്കൻ മലയാളികൾ അടുത്തകാലംവരെ വംശനാശഭീഷണി നേരിട്ടിരുന്ന കൂട്ടരായിരുന്നെങ്കിൽ, ഇപ്പോൾ സ്ഥിതി മാറി. യുഎസ് സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങുന്ന പ്രസിഡന്റ് ട്രംപിന്റെ മനസ്സിലിരിപ്പ് എന്താണെന്നതിനെപ്പറ്റി സൂചനകളെങ്കിലും തരാൻ പറ്റുന്ന ചുരുക്കം ചിലരായി അവർ ഇപ്പോൾ തിളങ്ങുകയാണ്. 

വിൻസൺ പാലത്തിങ്കലാണ് അക്കൂട്ടത്തിലൊരാൾ. 2008ൽ ബറാക് ഒബാമയെ പിന്തുണച്ച ഡമോക്രാറ്റ് ആയിരുന്നു വിൻസൺ. എന്നാൽ, പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ട്രംപ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ച നിമിഷം വിൻസൺ അദ്ദേഹത്തിനു പിന്തുണ പ്രഖ്യാപിച്ചു. യുഎസ് പ്രസിഡന്റ് പോയിട്ടു റിപ്പബ്ലിക്കൻ സ്ഥാനാർഥിയാകാൻ പോലും ട്രംപിനു കഴിയുമോ എന്നു സംശയിക്കപ്പെട്ട കാലത്തായിരുന്നു ഈ പ്രഖ്യാപനം.

മാറ്റം ഉറപ്പു നൽകി ഭരണം തുടങ്ങിയ ഒബാമയെ വിശ്വസിച്ച അമേരിക്കക്കാർ എട്ടു വർഷത്തിനു ശേഷം നിരാശരായെന്നാണു വിൻസന്റെ നിലപാട്. തൃശൂർ ഗവ. എൻജിനീയറിങ് കോളജിൽനിന്നു ബിരുദമെടുത്ത ഈ തൃപ്പൂണിത്തുറക്കാരൻ തുടർന്ന് ഐടി രംഗത്തേക്കു ചുവടുമാറ്റി. യോഗ്യതാ പത്രങ്ങളുടെ അടിസ്ഥാനത്തിൽ ട്രംപ് ഭരണകൂടം അദ്ദേഹത്തിനു ചീഫ് ഇൻഫർമേഷൻ ഓഫിസർ പദവി വാദ്ഗാനം ചെയ്തപ്പോൾ, അതു തിര‍ഞ്ഞെടുപ്പുകാലത്തെ പിന്തുണയ്ക്കുള്ള പാരിതോഷികമായാണ് ഉദ്ദേശിച്ചത്. പക്ഷേ, വാഗ്ദാനം വിൻസൺ നിരസിച്ചു. 

സർക്കാർ പദവിയിൽ ശമ്പളമായി ലഭിക്കാവുന്ന 1.6 ലക്ഷം ഡോളർ, 19 വർഷം മുൻപു വെർജീനിയയിൽ താൻ സ്ഥാപിച്ച അമരം ടെക്നോളജി കോർപറേഷനിൽനിന്നു കിട്ടുന്നതിനെക്കാൾ തുച്ഛമാണെന്ന് അദ്ദേഹം പറയുന്നു. എച്ച്1ബി വീസയിൽ അമേരിക്കയിലെത്തിയ നാനൂറോളം മലയാളികൾ ഇപ്പോൾ ഈ കമ്പനിയിൽ ജോലിചെയ്യുന്നുണ്ട്.

ട്രംപിനെ ആദ്യകാലം മുതൽ പിന്തുണയ്ക്കുന്ന മറ്റൊരു മലയാളി അമ്പലപ്പുഴക്കാരൻ മോഹൻ മാവുങ്കലാണ്. ജോൺസ് ഹോപ്കിൻസ് സർവകലാശാലയിൽനിന്നു ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി പഠിച്ച മോഹൻ ഇപ്പോൾ മേരിലാൻഡിലെ ലൈഫ്ബ്രിജ് ഹെൽത്ത് സിസ്റ്റംസിൽ സീനിയർ ന്യൂക്ലിയർ ടെക്നോളജിസ്റ്റാണ്. വിവിധ സംഘടനകളുടെ തലപ്പത്തു സജീവമാണു മോഹൻ. ‘അമേരിക്കയിൽനിന്നു ദൈവത്തെ ചവിട്ടിപ്പുറത്താക്കാൻ ശ്രമിച്ച’ ഡമോക്രാറ്റ് പാർട്ടിയെക്കൊണ്ടു മടുത്തപ്പോഴാണു ട്രംപിനു പിന്തുണ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം പറയുന്നു. 

ട്രംപിനു കീഴിൽ, യുഎസ് കീഴ്‌വഴക്കങ്ങൾ പലതും മാറിമറിയുകയാണ്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ഏതാനും ദിവസം മുൻപു വിദേശകാര്യ സെക്രട്ടറി വന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി കൂടിക്കാഴ്ച നടത്തുന്ന പതിവുണ്ടായിരുന്നു. നേതാക്കളുടെ കൂടിക്കാഴ്ചയിൽ നിന്ന് എന്തു പ്രതീക്ഷിക്കണമെന്നതിനെപ്പറ്റി രൂപം കിട്ടാനായിരുന്നു ഇത്. എന്നാൽ, അങ്ങനെയൊന്ന് ഇനിയുണ്ടാവില്ല.  

ഇപ്പോഴത്തെ സാഹചര്യത്തിൽ, റിപ്പബ്ലിക്കൻ കാഴ്ചപ്പാടുകളെപ്പറ്റി ഉൾക്കാഴ്ച നൽകാൻ വിൻസണെയും മോഹനെയുംപോലെയുള്ള അമേരിക്കൻ മലയാളികൾക്കു കഴിയും.