Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാനിൽ ടാങ്കർ ലോറി സ്ഫോടനം; മരണസംഖ്യ 160 ആയി

RSHussainOilTankerOverturend062617(30)

ലഹോർ∙ നാലു കുട്ടികൾ ഉൾപ്പെടെ ഒൻപതു പേർ കൂടി മരിച്ചതോടെ പാക്കിസ്ഥാനിൽ എണ്ണടാങ്കർ ലോറി സ്ഫോടനത്തിലും തീപിടിത്തത്തിലും കൊല്ലപ്പെട്ടവരുടെ എണ്ണം 160 ആയി. അറുപതു ശതമാനത്തിലേറെ പൊള്ളലേറ്റ 40 പേരുടെ ജീവൻ രക്ഷിക്കാൻ ആശുപത്രിയിൽ ഡോക്ടർമാർ തീവ്രപരിശ്രമത്തിലാണ്.

പഞ്ചാബ് പ്രവിശ്യയിൽ ഭവൽപുർ ജില്ലയിലെ അഹമ്മദ്പുർ ഷർഖിയയിലാണ് ഈദ് ആഘോഷത്തിനു തൊട്ടുമുൻപു വൻദുരന്തം. 40,000 ലീറ്റർ പെട്രോളുമായി കറാച്ചിയിൽ നിന്നു ഹൈവേയിലൂടെ ലഹോറിലേക്കു പോകുകയായിരുന്ന ടാങ്കറിന്റെ ടയർ പൊട്ടി വാഹനം ഇടിച്ചു നിന്നു. പുറത്തേക്ക് ഒഴുകിയ പെട്രോൾ ശേഖരിക്കാൻ ഗ്രാമീണർ ഓടിക്കൂടി.

ടാങ്കറിൽ നിന്ന് അകന്നുനിൽക്കാനുള്ള മുന്നറിയിപ്പ് അവഗണിച്ച് അവർ പെട്രോൾ ശേഖരിച്ചുകൊണ്ടിരിക്കേ സ്ഫോടനമുണ്ടായി അതിവേഗം തീപടരുകയും ജനങ്ങൾ കത്തിയെരിയുകയുമായിരുന്നു. പലരുടെയും മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്തവിധം കരിഞ്ഞുപോയി. ഡിഎൻഎ പരിശോധനയിലൂടെയേ ഇനി തിരിച്ചറിയാനാകൂവെന്നതാണു സ്ഥിതി.

സ്ഥലത്തെത്തിയ വാഹനങ്ങളിൽ നിന്നു ചിതറിയ തീപ്പൊരിയാണു വൻ തീപിടിത്തത്തിനിടയാക്കിയതെന്നു കരുതപ്പെടുന്നു. വാഹനങ്ങളും കത്തിച്ചാമ്പലായി. ഈദ് ആഘോഷത്തിനു കുടുംബവുമൊത്തു ലണ്ടനിലായിരുന്ന പ്രധാനമന്ത്രി നവാസ് ഷരീഫ് സന്ദർശനം വെട്ടിച്ചുരുക്കി വിക്ടോറിയ ആശുപത്രിയിലെത്തി പൊള്ളലേറ്റവരെ കണ്ടു.

ദുരന്തത്തിനിരയായവരുടെ ബന്ധുക്കളെ അദ്ദേഹം ആശ്വസിപ്പിച്ചു. സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്നു പ്രഖ്യാപിച്ച പ്രധാനമന്ത്രി നിരക്ഷരതയും ദാരിദ്ര്യവുമാണ് ഇത്തരം അപകടങ്ങൾക്കിടയാക്കുന്നതെന്നും പറഞ്ഞു. രണ്ടുവർഷം മുൻപു കറാച്ചിയിൽ സമാനമായ അപകടത്തിൽ 62 പേർ കൊല്ലപ്പെട്ടിരുന്നു.