Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വടക്കൻ അയർലൻഡിന് 100 കോടി പൗണ്ട്; കൺസർവേറ്റിവ്–ഡിയുപി കരാറായി

ലണ്ടൻ ∙ തെരേസ മേ സർക്കാരിനുള്ള പിന്തുണയ്ക്കു പകരം വടക്കൻ അയർലൻഡിനു 100 കോടി പൗണ്ടിന്റെ (8200 കോടിരൂപ) അധിക ഫണ്ട് ഉൾപ്പെടെ ആവശ്യങ്ങൾ അംഗീകരിച്ച് കൺസർവേറ്റിവ് പാർട്ടിയും ഡമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി(ഡിയുപി)യും ധാരണാപത്രത്തിൽ ഒപ്പിട്ടു.

വടക്കൻ അയർലൻഡിലെ പാർട്ടിയായ ഡിയുപി വിവിധ ആവശ്യങ്ങളുമായി വിലപേശിയപ്പോൾ രണ്ടാഴ്ചയിലേറെ നീണ്ട ചർച്ചയ്ക്കു ശേഷമാണു ധാരണയായത്. തിങ്കളാഴ്ച ഡിയുപി നേതാവ് ആർലീൻ ഫോസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ചർച്ചകൾക്കു നേതൃത്വംനൽകിയ ജെഫ്രി ഡോണൾഡ്സനും (ഡിയുപി) ഗാവിൻ വില്യംസനുമാണു (കൺസർവേറ്റിവ് പാർട്ടി) കരാറിൽ ഒപ്പിട്ടത്.

മേയ്ക്കു ഭരണം നിലനിർത്താൻ പാർലമെന്റിൽ എട്ടു സീറ്റ് കൂടി ആവശ്യമുണ്ട്. ഡിയുപിക്കുള്ളതു പത്ത് എംപിമാർ. പ്രാദേശിക തലത്തിലും അധികാരം പങ്കിടാൻ ആലോചനയുള്ളതായാണു സൂചനകൾ. പല സുപ്രധാന വിഷയങ്ങളിലും ഇരുപാർട്ടികളും തമ്മിൽ അഭിപ്രായവ്യത്യാസം നിലനിൽക്കുമ്പോൾ തന്നെയാണു സഹകരണത്തിനു ധാരണ.