Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറ്റാലിയൻ നായ നാട്ടിലേക്കു മടങ്ങും

Iceberg-and-Guisippe ഗിയുസെപ്പെയും  നായ ഐസ്‌ബർഗും

സൂറിക്∙ ഡെന്മാർക്കും ഇറ്റലിയും നയതന്ത്ര തലത്തിൽ ഏറ്റുമുട്ടിയ ‘പട്ടി’ പ്രശ്നത്തിന് ശുഭ പര്യവസാനം. ഡെന്മാർക്കിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഇറ്റലിക്കാരിയായ ഐസ്ബർഗ് എന്ന പട്ടിയെ, ഇറ്റലിയിലേക്കു തിരികെ അയയ്ക്കാൻ ഡെന്മാർക്ക് ഒടുവിൽ സമ്മതിച്ചതോടെ, ഐസ്ബർഗിന് വേണ്ടി അണിനിരന്ന മൂന്നേമുക്കാൽ ലക്ഷത്തോളം ഇറ്റലിക്കാർക്കാണ് ശ്വാസം നേരെ വീണത്.

ഇറ്റലിക്കാരനായ പാചകക്കാരൻ ഗിയുസെപ്പെ പെർണയ്ക്ക് ഡെന്മാർക്കിലെ റസ്റ്ററന്റിൽ ജോലി കിട്ടുന്നിടത്താണ് കാര്യങ്ങളുടെ തുടക്കം. ഗിയുസെപ്പെ രണ്ടു വയസ്സുകാരിയായ ഐസ്‌ബർഗുമായാണ് ഡെന്മാർക്കിനു പോയത്. വിമാനത്താവളത്തിലെ പരിശോധനകൾ കഴിഞ്ഞു പുറത്തിറങ്ങിയ ഐസ്ബർഗ്, അവിടെ കണ്ട മറ്റൊരു പട്ടിയുമായി കശപിശ കൂടിയതാണ് വിനയായത്. രാജ്യത്തു നിരോധിക്കപ്പെട്ട അർജന്റീനിയൻ മാസ്റ്റിഫ് വേട്ടപ്പട്ടി ഇനത്തിൽപ്പെട്ടതാണ് ഐസ്ബർഗ്. അതോടെ ഡെന്മാർക്ക് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടു.

ഡെന്മാർക്കിലെ നിരോധനത്തെക്കുറിച്ച് അജ്‌ഞനായിരുന്ന ഗിയുസെപ്പെയിൽനിന്ന് ഐസ്ബർഗിനെ പൊലീസ് പിടിച്ചെടുത്ത്‌ മൃഗസംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. ഇറ്റലിയിലേക്ക് തിരികെ കൊണ്ടുപൊയ്ക്കൊള്ളാം എന്ന് ഗിയുസെപ്പെ അപേക്ഷിച്ചെങ്കിലും ഡെന്മാർക്കിലെ നിയമം രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകുന്നതിന് തടസ്സമായി. നിരോധിച്ച വിഭാഗത്തിൽപ്പെട്ട നായയെ അടുത്ത ദിവസം കുത്തിവച്ചു കൊല്ലാനായിരുന്നു തീരുമാനം.

തുടർന്നാണ് മൃഗങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന ഇറ്റാലിയൻ സംഘടനയായ ‘എൻപ’യുടെ സഹായം ഗിയുസെപ്പെ അഭ്യർഥിക്കുന്നത്. സേവ് ഐസ്ബർഗ് എന്ന ഹാഷ് ടാഗുമായി ഉണർന്നുപ്രവർത്തിച്ച എൻപ, റോമിലെ ഡാനിഷ് എംബസിയെ ഇ മെയിൽ പ്രളയത്തിൽ മുക്കി.

ഓൺലൈൻ പെറ്റിഷനിൽ പോപ്പ് താരങ്ങളും രാഷ്ട്രീയക്കാരും ഉൾപ്പെടെ 3.74 ലക്ഷം പേരാണ്  ഒപ്പുവച്ചത്. ഇറ്റാലിയൻ വിദേശകാര്യമന്ത്രി അഞ്ജലിനോ അൽഫാനോയും റോമിലെ ഡെന്മാർക്ക്‌ സ്ഥാനപതിയും ഐസ്ബർഗിനായി കൈകോർത്തു. ഒടുവിൽ ഡെന്മാർക്ക് പരിസ്ഥിതികാര്യ മന്ത്രി എസ്ബൻ ലുണ്ടെ ലാർസൺ, ഐസ്ബർഗിന് ഇറ്റലിക്കു മടങ്ങാനുള്ള ഉത്തരവിൽ ഒപ്പുവച്ചു. ഐസ്ബർഗിന് ഇറ്റലിയിലേക്ക് വീണ്ടും സ്വാഗതം എന്ന് ഇറ്റാലിയൻ വിദേശകാര്യമന്ത്രി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.