Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലണ്ടൻ ബ്രിജ് ആക്രമണം: ഭീകരന്റെ സഹോദരിക്ക് ജോലി നഷ്ടമായി

london-attack-11-6-2017 ലണ്ടൻ ബ്രിജിൽ ആക്രമണം നടത്തിയ ഖുറം ബട്ട്.

ലണ്ടൻ∙ കഴിഞ്ഞ മാസം നാലിനു ലണ്ടൻ പാലത്തിൽ കാൽനടയാത്രക്കാരുടെ ഇടയിലേക്കു വാൻ ഓടിച്ചുകയറ്റിയ പാക്ക് വംശജനായ ഭീകരൻ ഖുറം ബട്ടിന്റെ സഹോദരിയെയും ഭർത്താവിനെയും ഹീത്രൂ വിമാനത്താവള അധിക‍‍ൃതർ ജോലിയിൽ നിന്നു പിരിച്ചുവിട്ടു. ഖുറത്തിന്റെ മൂത്ത സഹോദരി ഹലീമ ബട്ടും ഭർത്താവ് ഉസ്മാൻ ദറും ഹീത്രൂവിൽ സുരക്ഷാ ഉദ്യോഗസ്ഥരായിരുന്നു. ഇരുവരെയും ആക്രമണം അന്വേഷിക്കുന്ന പൊലീസ് ചോദ്യംചെയ്തിരുന്നു.

എന്നാൽ ഇവർക്കു ഭീകരപ്രവർത്തനവുമായി ബന്ധമില്ലെന്നും സഹോദരന്റെ പ്രവൃത്തിയിൽ ഇവർ ദുഃഖിതരാണെന്നും ‘ഡെയ്‍ലി മിറർ’ റിപ്പോർട്ടു ചെയ്തു. ലണ്ടൻ പാലത്തിലും സമീപത്തുള്ള ബറോ മാർക്കറ്റിലും നടന്ന ഭീകരാക്രമണങ്ങളുടെ നേതൃത്വം ഖുറത്തിനായിരുന്നുവെന്നു സുരക്ഷാ ഏജൻസികൾ കരുതുന്നു. ഖുറവും രണ്ടു കൂട്ടാളികളും ചേർന്നു ലണ്ടൻ പാലത്തിൽ യാത്രക്കാരുടെ ഇടയിലേക്കു വാൻ ഓടിച്ചുകയറ്റുകയും മാർക്കറ്റിൽ ഒട്ടേറെപ്പേരെ കുത്തി പരുക്കേൽപിക്കുകയും ചെയ്യുന്നതിനിടെ പൊലീസിന്റെ വെടിയേറ്റു കൊല്ലപ്പെട്ടിരുന്നു.

ആക്രമണത്തിൽ എട്ടു പേർ മരിച്ചു. സഹോദരിക്കൊപ്പം ഈസ്റ്റ് ലണ്ടനിലായിരുന്നു ഖുറം താമസിച്ചിരുന്നത്. ആക്രമണത്തിന് രണ്ടു മാസം മുൻപാണ് ഹലീമ ഹീത്രൂവിൽ ജോലിക്കു ചേർന്നത്. തന്ത്രപ്രധാനമായ ജോലിയിൽ വേണ്ടത്ര അന്വേഷണമില്ലാതെ ഭീകരപ്രവർത്തകന്റെ സഹോദരിയെ നിയമിച്ചതും അന്വേഷിക്കുന്നുണ്ട്.