Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമയപരിധി കഴിഞ്ഞു; കുവൈത്ത് അമീറിന്റെ ദൂതൻ ഖത്തറിൽ

ദോഹ ∙ ഉപരോധം നീക്കാനുള്ള ഉപാധികൾ പാലിക്കാൻ ഖത്തറിന് അയൽ ഗൾഫ് രാജ്യങ്ങൾ അനുവദിച്ച സമയപരിധി അർധരാത്രി അവസാനിച്ചു. പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കുന്ന കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ കത്തുമായി ദൂതൻ ഖത്തറിലെത്തിയത് അവസാന മണിക്കൂറുകളിലെ നയതന്ത്ര ദൗത്യത്തിന്റെ സൂചനയായി.

ഉപരോധം പ്രഖ്യാപിച്ച സൗദി, യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ ഇന്നു കയ്റോയിൽ നിർണായക യോഗം ചേരും. ഖത്തറിനെതിരെ നാലു രാജ്യങ്ങളും പ്രഖ്യാപിച്ച ഉപരോധം ഇന്നലെ ഒരു മാസം പിന്നിട്ടു.

അതിനിടെ, പ്രകൃതിവാതക ഉൽപാദനം 30% വർധിപ്പിക്കാനുള്ള പദ്ധതി ഖത്തർ പെട്രോളിയം പ്രഖ്യാപിച്ചു. സാമ്പത്തിക സ്വാശ്രയത്വം ശക്തമാക്കാനുള്ള നീക്കങ്ങളുടെ സൂചനയായി ഇതു വിലയിരുത്തപ്പെടുന്നു. മറ്റു പ്രകൃതിവാതക ഉൽപാദക രാജ്യങ്ങളായ യുഎസും റഷ്യയും ഓസ്ട്രേലിയയുമാകും ഖത്തറിന്റെ നീക്കംമൂലം സമ്മർദത്തിലാകുക. തങ്ങളുടെ ആവശ്യങ്ങളോടുള്ള ഖത്തറിന്റെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികളെന്നു യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ അബുദാബിയിൽ പറഞ്ഞു.

ഖത്തറിന്റെ ഔദ്യോഗിക പ്രതികരണം കഴിഞ്ഞ ദിവസം കുവൈത്തിനെ അറിയിച്ചെങ്കിലും വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ല. ഇതിന്റെ തുടർച്ചയായാണു കുവൈത്ത് അമീറിന്റെ ദൂതൻ ഖത്തറിലെത്തിയത്. പ്രശ്നം നയതന്ത്രതലത്തിൽ പരിഹരിക്കണമെന്നു യുകെ, ഫ്രാൻസ്, ജർമനി എന്നിവ ആവശ്യപ്പെട്ടു.