Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജി 20 തുടങ്ങി; ആദ്യ കൂടിക്കാഴ്ചയിൽ മനം നിറഞ്ഞ് ട്രംപും പുടിനും

Donald Trump, Vladimir Putin

ഹാംബുർഗ്∙ ലോകം കാത്തിരുന്ന നിർണായക കൂടിക്കാഴ്ചകൾക്കു വേദിയൊരുക്കി ജി 20 സമ്മേളനത്തിനു തുടക്കമായി. ജി 20 നേതാക്കളെ സ്വാഗതം ചെയ്ത ജർമൻ ചാൻസലർ അംഗല മെർക്കൽ, ഇന്റർനെറ്റ് സുരക്ഷ ഉറപ്പാക്കുന്നതിനു കൂട്ടായ ശ്രമം നടത്തുമെന്നു പറഞ്ഞു. ഭീകരത, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിലുള്ള നിലപാടു വ്യക്തമാക്കി സമ്മേളന നയരേഖ പുറത്തിറക്കും.

സമ്മേളനം ഇന്നു കൂടിയുണ്ട്. പാരിസ് ഉടമ്പടിയിൽനിന്നു പിന്മാറിയ ട്രംപിന്റെ മനസ്സുമാറ്റാൻ ജി 20 യോഗം ശ്രമിക്കുമെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണ് ഇന്നലെ നടന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പു പ്രചാരണകാലം മുതൽ ട്രംപ്– പുടിൻ ബന്ധം വിവാദ വിഷയമായതുകൊണ്ടുതന്നെ ഇരു നേതാക്കളുടെയും ആദ്യ കൂടിക്കാഴ്ചയും ഹസ്തദാനവും ശ്രദ്ധേയമായി.

പുടിനുമായി കൂടിക്കാഴ്ച വലിയ ബഹുമതിയാണെന്നു ട്രംപ് പറഞ്ഞപ്പോൾ, പുടിനും അതേ സന്തോഷം പങ്കുവച്ചു. ഈ ചർച്ച ഒരു തുടക്കമാണെന്നും അമേരിക്കയുടെയും റഷ്യയുടെയും ക്ഷേമത്തിനുള്ള നല്ല കാര്യങ്ങൾക്കായി കാത്തിരിക്കുന്നെന്നും ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടിലേഴ്സനും റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. മെക്സിക്കോ പ്രസിഡന്റ് എൻറിക് പേനിയ നിയത്തോയുമായും ട്രംപ് ചർച്ച നടത്തി.

അനധികൃത കുടിയേറ്റം തടയാൻ മെക്സിക്കോ അതിർത്തിയിൽ യുഎസ് നിർമിക്കാനുദ്ദേശിക്കുന്ന മതിലിനെപ്പറ്റി കൂടിക്കാഴ്ചയിൽ പരാമർശമുണ്ടായില്ല. (ഇൻസെറ്റ്) ഹാംബുർഗിൽ തെരുവുയുദ്ധം ജി 20 സമ്മേളനം നടക്കുന്ന വേദിക്കു മുന്നിൽ മുതലാളിത്തത്തിനെതിരെ പ്രതിഷേധിച്ചവർ വാഹനങ്ങൾക്കും ബാരിക്കേഡുകൾക്കും തീയിട്ടതു സംഘർഷാവസ്ഥ സൃഷ്ടിച്ചു.

പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും മുളകുസ്പ്രേയും പ്രയോഗിച്ചു. പ്രക്ഷോഭകർ കനേഡിയൻ പ്രതിനിധികൾ വന്ന വാഹനത്തിന്റെ ടയറുകൾ കുത്തിക്കീറുകയും മംഗോളിയയുടെ കോൺസലേറ്റ് ഓഫിസിന്റെ ജനാലകൾ തകർക്കുകയും ചെയ്തു.

മുപ്പതോളം പേരെ അറസ്റ്റ് ചെയ്തു. ഒരു ലക്ഷത്തിലേറെപ്പേരാണു പ്രതിഷേധവുമായി അണിനിരന്നത്. ചെറിയൊരു വിഭാഗമാണ് അക്രമം അഴിച്ചുവിട്ടതെന്നു പൊലീസ് പറഞ്ഞു. 160 പൊലീസുകാർക്കു പരുക്കേറ്റു.