Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജപ്പാനിലെ ‘നഗ്നപുരുഷ’ ദ്വീപിന് ‌യുനെസ്കോ പൈതൃകപദവി

Okinoshima-island ഒക്കിനോഷിമ ദ്വീപ്

ടോക്കിയോ ∙ സ്ത്രീകൾക്കു പ്രവേശനമില്ലാത്ത ജപ്പാൻ ദ്വീപിന് യുനെസ്കോയുടെ ലോക പൈതൃകപദവി.  സ്ത്രീകൾക്കു പ്രവേശനമില്ലെന്നതു മാത്രമല്ല, ഇവിടേക്കു പ്രവേശിക്കാൻ പുരുഷൻമാർ വസ്ത്രങ്ങൾ ഉപേക്ഷിക്കുകയും വേണം. 700 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഒക്കിനോഷിമ പ്രദേശത്തിനാണ് അംഗീകാരം. തെക്കുപടിഞ്ഞാൻ ദ്വീപായ ക്യുഷുവിനും കൊറിയൻ പെനിൻസുലയ്ക്കും മധ്യത്തിലാണിത്. 17–ാം നൂറ്റാണ്ടിലെ ആരാധനാലയവും ബീച്ചിനു പ്രൗഢിയേറ്റുന്നു.

പോളണ്ടിലെ ക്രാക്കോവിൽ നടന്ന യുനെസ്കോയുടെ വാർഷിക സമ്മേളനമാണു പൈതൃക പദവി പ്രഖ്യാപിച്ചത്. ഇന്ത്യയിൽ അഹമ്മദാബാദിന് ഈ പദവി ലഭിച്ചിട്ടുണ്ട്. ഷിന്റോ ആരാധനാ വിഭാഗമായ മുനാകാത്ത തായ്ഷയുടെ ആരാധനാലയമായ ഒകിത്‌സുവിൽ ആരാധന നടത്താനുള്ള പുരോഹിതരാണ് സാധാരണ ഇവിടെയെത്തുന്നത്.

Okinoshima-temple ഒകിത്‌സു ആരാധനാലയം

എന്നാൽ എല്ലാ വർഷവും മേയ് 27ന് 200 പുരുഷന്മാർക്ക് ഇവിടം സന്ദർശിക്കാൻ അനുമതി നൽകാറുണ്ട്. 1904–05 കാലത്ത് റഷ്യ– ജപ്പാൻ നാവികയുദ്ധത്തിൽ വീരമൃത്യു വരിച്ചവരെ ആദരിക്കാനുള്ള പരിപാടിയിലാണ് ഇവർ പങ്കെടുക്കുക. ആ യാത്രയുടെ പ്രധാന നിബന്ധനയാണ് നഗ്നരായിരിക്കണമെന്നത്. ശുദ്ധി വരുത്താൻ കടലിൽ കുളിക്കുകയും വേണം.