Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപിന് ബ്രിട്ടനിൽ ‘രാജകീയ സ്വീകരണം’ നൽകുന്നതിനെതിരെ ലണ്ടൻ മേയർ

BRITAIN-POLITICS/LONDON സാദിഖ് ഖാൻ

ലണ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിന് ബ്രിട്ടനിൽ ‘രാജകീയ’ സ്വീകരണം നൽകാനുള്ള തീരുമാനത്തെ എതിർത്ത് ലണ്ടൻ മേയർ സാദിഖ് ഖാൻ. ബ്രിട്ടനിൽ ഒരുപാടു പേർ ശക്തമായി എതിർക്കുന്ന നിലപാടുകളുമായി മുന്നോട്ടുപോകുന്ന ട്രംപിന് ‘ചുവന്ന പരവതാനി’ വിരിക്കുന്നത് ഉചിതമല്ലെന്നു സാദിഖ് ഖാൻ പറ‍ഞ്ഞു. ട്രംപിന് വൻ സ്വീകരണം നൽകാനുള്ള നീക്കത്തിൽ ബ്രിട്ടനിൽ പൊതുവേ വ്യാപകമായ എതിർപ്പുണ്ട്. ട്രംപ് സന്ദർശനത്തിനെതിരായ ഓൺലൈൻ നിവേദനത്തിൽ ഒരുലക്ഷം പേർ ഒപ്പിട്ടിരുന്നു.

ജനുവരിയിൽ യുഎസ് സന്ദർശിച്ച ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസാ മേ ആണ് ട്രംപിനും ഭാര്യ മെലനിയയ്ക്കും എലിസബത്ത് രാജ്ഞിയുടെ ഔദ്യോഗിക ക്ഷണം കൈമാറിയത്. എന്നാൽ, സന്ദർശനം എന്നായിരിക്കും എന്ന കാര്യത്തിൽ വ്യക്തതയില്ല. ഈ വർഷം ഉണ്ടാവുമോ എന്ന കാര്യം സംശയമാണ്. ബ്രിട്ടിഷ് പാർലമെന്റ് ചേരുന്നതിനു മുന്നോടിയായുള്ള ഇത്തവണത്തെ രാജ്ഞിയുടെ പ്രസംഗത്തിൽ ട്രംപിന്റെ സന്ദർശനകാര്യം പരാമർശിച്ചിരുന്നില്ല. ഈ പ്രസംഗത്തിൽ രാഷ്ട്രത്തലവന്മാരുടെ സന്ദർശനകാര്യം പറയുന്നതാണ് പതിവ്.

ട്രംപിനെ മുൻപും എതിർത്തിട്ടുള്ളയാളാണ് സാദിഖ് ഖാൻ. മുസ്‍ലിം ഭൂരിപക്ഷ രാജ്യങ്ങളിൽനിന്നുള്ളവർക്കു ട്രംപ് യുഎസിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയപ്പോഴും ലണ്ടൻ ഭീകരാക്രമണത്തെക്കുറിച്ചു ട്രംപ് പ്രതികരിച്ചപ്പോഴും സാദിഖ് ഖാൻ ട്വിറ്ററിൽ വിമർശനവുമായി രംഗത്തുവന്നിരുന്നു.