Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വടക്കൻ കൊറിയയിലെത്തിയ താരത്തിന് ബോധോദയം: ‘ദക്ഷിണ കൊറിയ നരകം’

Lim-Ji-Heun

സോൾ ∙ ദക്ഷിണ കൊറിയയിൽ എത്തി അറിയപ്പെടുന്ന ടിവി താരമായി മാറിയ ലിം ജി–ഹ്യൂൻ കഴിഞ്ഞ ദിവസം ഉത്തര കൊറിയയിലെ ടിവിയിൽ പ്രത്യക്ഷപ്പെട്ടു താൻ‌ സ്വദേശത്തു മടങ്ങിയെത്തിയെന്നും മുതലാളിത്ത ദക്ഷിണ കൊറിയ വാസ്തവത്തിൽ നരകമാണെന്നും പ്രസ്താവിച്ചു. ഇതേപ്പറ്റി ദക്ഷിണ കൊറിയ ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചു.

ലിം ജി–ഹ്യൂൻ 2014ൽ ആണ് ഉത്തര കൊറിയയിൽ നിന്നു കൂറുമാറി സോളിലെത്തിയത്. തുടർന്നു ദക്ഷിണ കൊറിയയിലെ ടിവി ചാനലുകളിൽ താൻ ഉത്തര കൊറിയയിൽ നിന്നു രക്ഷപ്പെട്ടതിന്റെ ചരിത്രം വിവരിക്കുകയും ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ അറിയപ്പെടുന്ന താരമായി മാറുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഇവർ പെട്ടെന്ന് ഉത്തര കൊറിയയുടെ ടിവി പരിപാടികളിൽ പ്രത്യക്ഷപ്പെട്ടു ദക്ഷിണ കൊറിയയെ തള്ളിപ്പറഞ്ഞത്.

നല്ലതുപോലെ ജീവിക്കുകയും ഭക്ഷിക്കുകയും ചെയ്യാം എന്നെല്ലാം ധരിച്ചാണു താൻ നേരത്തേ ദക്ഷിണ കൊറിയയിലേക്കു പോയതെന്നും അവിടെ ചെന്നപ്പോഴാണ് ആ നാടിന്റെ തനിനിറം മനസ്സിലായതെന്നും അവർ ഉത്തര കൊറിയയിലെ പുതിയ പരിപാടിയിൽ ‘കുറ്റസമ്മതം’ നടത്തുന്നു.

‘ദക്ഷിണ കൊറിയയിൽ പണമാണ് എല്ലാം. ജീവിതം ദുസ്സഹം. സ്വദേശത്തെക്കുറിച്ചും ഇവിടെയുള്ള ബന്ധുക്കളെക്കുറിച്ചും ഓർത്തു കരയാത്ത ഒരു രാത്രിപോലും ദക്ഷിണ കൊറിയയിൽ എനിക്കുണ്ടായിരുന്നില്ല,’ ലിം ജി–ഹ്യൂൻ പറയുന്നു. എന്നാൽ ചൈനയുടെ അതിർത്തിയിലെത്തി ഉത്തര കൊറിയയിലെ കുടുംബാംഗങ്ങളെ കാണാൻ ലിം ജി–ഹ്യൂൻ ചെന്നപ്പോൾ അവരെ ഉത്തര കൊറിയ തട്ടിക്കൊണ്ടുപോയി ഇങ്ങനെയെല്ലാം പറയിപ്പിക്കുന്നതാണെന്നു ദക്ഷിണ കൊറിയൻ അധികൃതർ കരുതുന്നു. ദക്ഷിണ കൊറിയയിൽ നിന്നു ‘കൂറുമാറി’ ചെല്ലുന്നവരെക്കൊണ്ടെല്ലാം ഈ മട്ടിൽ പറയിപ്പിക്കുന്നത് ഉത്തര കൊറിയയിൽ‌ പതിവാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.