Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖത്തർ ദൗത്യവുമായി എർദോഗൻ ഇന്ന് സൗദിയിൽ

Erdogan

ദോഹ ∙ ഗൾഫ് പ്രതിസന്ധി പരിഹരിക്കാനുള്ള ചർച്ചകളുടെ ഭാഗമായി തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗന്റെ ഗൾഫ് പര്യടനം ഇന്ന് ആരംഭിക്കും. പരമാധികാരം അടിയറവയ്ക്കാതെ ചർച്ചയാകാമെന്ന ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എർദോഗന്റെ ദൗത്യത്തെക്കുറിച്ചു പ്രതീക്ഷ ഉയർന്നിട്ടുണ്ട്. 

സൗദി അറേബ്യയിലാണ് എർദോഗൻ ആദ്യമെത്തുന്നത്. ജിദ്ദയിൽ സൗദി ഭരണാധികാരി സൽമാൻ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദുമായും കൂടിക്കാഴ്ച നടത്തും. ഖത്തറിലെ തുർക്കിയുടെ സൈനികത്താവളം അടച്ചുപൂട്ടണമെന്നു സൗദി ഉൾപ്പെടെയുള്ള ഉപരോധരാജ്യങ്ങൾ നേരത്തേ ആവശ്യപ്പെട്ടിരുന്നു. 

സൗദിയിൽനിന്നു കുവൈത്തിലെത്തുന്ന എർദോഗൻ പ്രശ്നപരിഹാര ചർച്ചകളിൽ മധ്യസ്ഥത വഹിക്കുന്ന അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹുമായി ചർച്ച നടത്തും. തുടർന്നു നാളെ ഖത്തറിലെത്തി അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായും കൂടിക്കാഴ്ച നടത്തും. 

അതിനിടെ, ഖത്തറിന്റെ സ്പോർട്സ് ചാനലായ ബീഇൻ സ്പോർട്സ് നെറ്റ്‌വർക്ക് യുഎഇയിൽ വീണ്ടും സംപ്രേഷണമാരംഭിച്ചു. ഗൾഫ് പ്രതിസന്ധി രൂപംകൊണ്ടശേഷം ബീഇൻ സംപ്രേഷണം രാജ്യത്തു തടഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഖത്തർ പ്രഖ്യാപിച്ച ഭീകരവാദവിരുദ്ധ നിയമഭേദഗതികളെ യുഎഇ സ്വാഗതം ചെയ്തിരുന്നു.