Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലഹോറിൽ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം സ്ഫോടനം; 22 മരണം

lahore-blast ലഹോറിൽ പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രി ഷഹബാസ് ഷരീഫിന്റെ ഔദ്യോഗിക വസതിക്കു സമീപം ഉണ്ടായ ചാവേർ സ്ഫോടനത്തിൽ തകർന്ന വാഹനങ്ങൾ. ചിത്രം: എപി.

ലഹോർ ∙ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയും പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരനുമായ ഷഹബാസ് ഷരീഫിന്റെ ഔദ്യോഗിക വസതിക്കു സമീപം ഉണ്ടായ അതിശക്തമായ ചാവേർ സ്ഫോടനത്തിൽ പൊലീസുകാർ അടക്കം 22 പേർ കൊല്ലപ്പെട്ടു. 30 പേർക്കു പരുക്കേറ്റു. പരുക്കേറ്റവരിൽ പലരുടെയും സ്ഥിതി ഗുരുതരമാണ്. പൊലീസിനെ ലക്ഷ്യം വച്ചു നടത്തിയതാണു സ്ഫോടനമെന്നു ലഹോർ പൊലീസ് മേധാവി അമിൻ വെയിൻസ് സ്ഥിരീകരിച്ചു.

മോഡൽ ടൗണിൽ മുഖ്യമന്ത്രിയുടെ ഓഫിസ് കൂടിയായി പ്രവർത്തിക്കുന്ന വസതിയിൽ ഷഹബാസിന്റെ അധ്യക്ഷതയിൽ യോഗം നടക്കുമ്പോഴായിരുന്നു സ്ഫോടനം. വഴിയോര കച്ചവടക്കാരുടെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുകയായിരുന്നു പൊലീസും ലഹോർ വികസന അതോറിറ്റി ഉദ്യോഗസ്ഥരും. പൊലീസിനെ ലക്ഷ്യമിട്ടാണു ചാവേർ എത്തിയത്. കൊല്ലപ്പെട്ടവരിലും പരുക്കേറ്റവരിലും കൂടുതലും പൊലീസുകാരാണ്. 

സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പ്രധാനമന്ത്രി നവാസ് ഷരീഫ് ആക്രമണത്തെ അപലപിച്ചു. അഫ്ഗാൻ അതിർത്തിയിൽ തീവ്രവാദി ആക്രമണങ്ങൾ ഇപ്പോഴും പതിവായി നടക്കുന്നുണ്ടെങ്കിലും സാംസ്കാരിക തലസ്ഥാനമായ ലഹോറിൽ ആക്രമണങ്ങൾ കുറഞ്ഞുവരികയായിരുന്നു. ഏപ്രിലിൽ ജനസംഖ്യാ കണക്കെടുപ്പുകാരടക്കം 15 പേരും ഫെബ്രുവരിയിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരടക്കം 14 പേരും സ്ഫോടനങ്ങളിൽ കൊല്ലപ്പെടുകയുണ്ടായി.