Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാവികരുടെ സല്യൂട്ട് ഏറ്റുവാങ്ങി ഫിലിപ് രാജകുമാരൻ വിരമിച്ചു

prince-philip ഫിലിപ് രാജകുമാരൻ

ലണ്ടൻ∙ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരൻ (96) അറുപത്തിയഞ്ചു വർഷം നീണ്ട പൊതുജീവിതത്തിൽനിന്നു വിടവാങ്ങി. രാ‍ജ്ഞിയില്ലാതെ ഫിലിപ് രാജകുമാരൻ പങ്കെടുത്ത അവസാന ഔദ്യോഗിക ചടങ്ങ് കഴിഞ്ഞദിവസം നടന്നു. 

ബ്രിട്ടിഷ് നാവികസേനയുടെ ഭാഗമായ റോയൽ മറീൻസിന്റെ പരേഡായിരുന്നു ചടങ്ങ്. ബ്രിട്ടിഷ് നാവികർ നടത്തിയ 1664 മൈൽ നീണ്ട യാത്രയുടെ അവസാനപാദമായിരുന്നു ബക്കിങ്ങാം കൊട്ടാരവളപ്പിൽ നടന്ന പരേഡ്. റോയൽ മറീൻസിന്റെ ക്യാപ്ടൻ ജനറലാണ് ഫിലിപ് രാജകുമാരൻ. സൈനികരുടെ സല്യൂട്ട് സ്വീകരിച്ച ഫിലിപ്പിന് മൂന്നു തവണ അവർ അഭിവാദ്യം മുഴക്കുകയും ചെയ്തു.

രണ്ടാം ലോകമഹായുദ്ധ കാലത്ത് നാവികസേനയിൽ അംഗമായിരുന്നു ഫിലിപ്. ബ്രിട്ടിഷ് രാജ്ഞിയുടെ ഭർത്താവിന് എഡിൻബർഗിലെ പ്രഭു എന്ന സ്ഥാനമാണുള്ളത്. 1952ൽ എലിസബത്ത് ബ്രിട്ടിഷ് രാജ്ഞിയായതു മുതൽ അവരെ ഔദ്യോഗിക പരിപാടികളിലും വിദേശയാത്രകളിലും അനുഗമിച്ചുവരുന്നു. 

വിരമിക്കാനുള്ള തീരുമാനം തീർത്തും വ്യക്തിപരമാണെന്നും ഓർമക്കുറിപ്പുകൾ എഴുതാനാകും രാജകുമാരൻ ഇനി സമയം നീക്കിവയ്ക്കുകയെന്നും ബക്കിങ്ങാം കൊട്ടാരവുമായി അടുപ്പമുള്ളവർ പറയുന്നു. ഫിലിപ് രാജകുമാരൻ ഒറ്റയ്ക്ക് ഇനി ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുക്കില്ലെങ്കിലും രാജ്ഞിയോടൊപ്പം പരിപാടികളിൽ എത്താനിടയുണ്ടെന്നു കൊട്ടാര ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.

വില്യം, ഹാരി രാജകുമാരന്മാർ ഇനി കൂടുതൽ രാജകീയചുമതലകൾ ഏറ്റെടുക്കും. 1947 ലാണ് ഫിലിപ്പും എലിസബത്തും വിവാഹിതരായത്. നവംബറിൽ ഇവരുടെ എഴുപതാം വിവാഹ വാർഷികമാണ്. 

ഫിലിപ് രാജകുമാരന്റെ യാത്രകൾ, ചുമതലകൾ 

22,220 ഔദ്യോഗിക ചടങ്ങുകളിൽ രാജ്ഞിയില്ലാതെ ഒറ്റയ്ക്കും പങ്കെടുത്തു.

637 തവണ ഒറ്റയ്ക്ക് വിദേശയാത്രകൾ, സന്ദർശിച്ചത് 143 രാജ്യങ്ങൾ 

5496 പ്രസംഗങ്ങൾ ബ്രിട്ടിനിലും പുറത്തുമായി നടത്തി 

14 പുസ്തകങ്ങൾ രചിച്ചു 

പരിസ്ഥിതി, വ്യവസായം, സ്പോർട്സ്, വിദ്യാഭ്യാസം എന്നീ മേഖലകളിലെ 780 സംഘടനകളുടെ രക്ഷാധികാരിയോ പ്രസിഡന്റോ അംഗമോ ആയി പ്രവർത്തിച്ചു. 

കേംബ്രിജ്, എഡിൻബറ അടക്കമുള്ള സർവകലാശാലകളുടെ ചാൻസലറായിരുന്നു.

related stories