Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുടിൻ, അതു കലക്കി: ട്രംപ്

trump-putin

വാഷിങ്ടൻ ∙ മോസ്‌കോയിലെ യുഎസ് എംബസിയിലെ നയതന്ത്രജ്ഞരുടെ എണ്ണം വെട്ടിക്കുറച്ച റഷ്യാ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ഉത്തരവിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അഭിനന്ദനം. സർക്കാരിന്റെ ചെലവു കുറയ്ക്കാൻ ഇതു സഹായിക്കുമെന്നു ട്രംപ് വ്യക്തമാക്കി. കഴിഞ്ഞ 30നാണ് യുഎസ് എംബസി, കോൺസുലേറ്റ് സ്റ്റാഫ് എണ്ണം 755 ആയി വെട്ടിക്കുറയ്ക്കാൻ പുടിൻ ഉത്തരവിട്ടത്. 

ഇതു സംബന്ധിച്ചു രണ്ടാഴ്ചയോളം മൗനം പാലിച്ചശേഷമാണു ട്രംപിന്റെ പ്രതികരണം. ഇരുരാജ്യങ്ങൾക്കിടയിലെ ബന്ധം ഏറ്റവും മോശമായി തുടരുന്നതിനിടെ പുടിന്റെ നടപടിയെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വിമർശിച്ചിരുന്നു. എന്നാൽ, വിശ്വസ്തരുമായുള്ള കൂടിയാലോചനകൾക്കുശേഷമാണു  റഷ്യയെ പ്രശംസിച്ചു ട്രംപ് പ്രസ്താവനയിറക്കിയത്.

ഇക്കാര്യത്തിൽ റഷ്യയുടെ തീരുമാനം പുനഃപരിശോധിക്കേണ്ട ആവശ്യമില്ലെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. ‘‘നമുക്ക് ഒരുപാടു പണം ലാഭിക്കാൻ കഴിയുന്ന കാര്യമാണത്.’’ – ട്രംപ് പറഞ്ഞു.യുക്രെയ്ൻ പ്രശ്നത്തിന്റെ പേരിൽ റഷ്യയ്ക്കെതിരെ യുഎസ് ചുമത്തിയ സാമ്പത്തിക ഉപരോധങ്ങളുടെ പേരിലാണു സമീപവർഷങ്ങളിൽ ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം മോശമായത്. 

കഴിഞ്ഞ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിനെ സഹായിക്കാനായി റഷ്യ ഇടപെട്ടതായുള്ള ആരോപണം ശക്തമായിരുന്നു. ഇതു സംബന്ധിച്ചുള്ള അന്വേഷണം യുഎസിൽ നടന്നുവരുന്നതിനിടെ, കഴിഞ്ഞ മാസം യുഎസ് കോൺഗ്രസ് റഷ്യയ്ക്കെതിരെയുള്ള ഉപരോധം ശക്തിപ്പെടുത്തി ഒരു നിയമംകൂടി പാസാക്കി. ഈ ബില്ലിനെ ട്രംപ് എതിർത്തെങ്കിലും പിന്തുണ ലഭിക്കാത്തതിനെ തുടർന്നു ബില്ലിൽ ഒപ്പുവയ്ക്കേണ്ടിവന്നു.

ആണവമാണ് വലിയ ഭീഷണി എന്ന് ട്രംപ്

വാഷിങ്ടൻ ∙ ബറാക് ഒബാമ യെ തോണ്ടാൻ കിട്ടുന്ന ഒരവസരവും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പാഴാക്കാറില്ല. കഴിഞ്ഞ ദിവസം ട്രംപ് ഒരു ചോദ്യമുന്നയിച്ചു: എന്താണു ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി? ‘‘ആഗോള താപനമാണ് ഏറ്റവും വലിയ ഭീഷണിയെന്ന് ഒബാമ പറഞ്ഞത് എനിക്കറിയാം. ഞാൻ പൂർണമായും വിയോജിക്കുന്നു. ആണവമാണു ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി; ഒരു സംശയവും വേണ്ട.’’ – ന്യൂജഴ്‌സിയിൽ മാധ്യമപ്രവർത്തകരോടു ട്രംപ് പറഞ്ഞു.

യുഎസ്, റഷ്യ, പാക്കിസ്ഥാൻ, ചൈന എന്നിവ അടക്കം ലോകത്തെ എല്ലാ രാജ്യങ്ങളുടെയും അണ്വായുധശേഖരം ഇല്ലായ്മചെയ്യുന്നതിനെ താൻ അനുകൂലിക്കുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ, അണ്വായുധം ഇല്ലായ്മചെയ്യുക എന്ന ലക്ഷ്യം നേടുംവരെ ലോകത്തെ ഏറ്റവും വലിയ ആണവശക്തി യുഎസ് ആയിരിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.