Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തര കൊറിയൻ പ്രതിസന്ധി: പ്രകോപനം അരുതെന്ന് ട്രംപിനോട് ചൈനീസ് പ്രസിഡന്റ്

AFP_QF4I5 ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിങ്ങും കൂടിക്കാഴ്ചയ്ക്കിടെ(ഫയൽ ചിത്രം)

ബെയ്ജിങ് ∙ ഉത്തര കൊറിയയെ പ്രകോപിപ്പിക്കുന്ന പ്രതികരണങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കണമെന്നു ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിങ്, യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടു. ഇരുവരും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിലാണ് ചിൻ പിങ്ങിന്റെ നിർദേശം. ഉത്തര കൊറിയയെ ആണവവിമുക്തമാക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് ഇരുനേതാക്കളും ആവർത്തിച്ചു. ഉത്തര കൊറിയയും പ്രകോപനങ്ങളുണ്ടാക്കരുതെന്ന് ചൈനീസ് പ്രസിഡന്റ് പറഞ്ഞു.

35 ലക്ഷം പേർ പോരാട്ടത്തിന് തയാർ

പോങ്ങ്യാങ് ∙ അമേരിക്കയ്ക്കെതിരായ യുദ്ധത്തിനും യുഎൻ ഉപരോധത്തെ നേരിടാനും 35 ലക്ഷം പേർ സദാ സന്നദ്ധരാണെന്ന് ഉത്തര കൊറിയ. തൊഴിലാളികൾ, പാർട്ടി പ്രവർത്തകർ (ഒരു പാർട്ടിയേ ഉള്ളൂ), മുൻ സൈനികർ എന്നിവരടക്കമുള്ളവരാണ് എന്തിനും തയാറായി മുന്നോട്ടു വന്നിട്ടുള്ളതത്രേ.

ഉത്തര കൊറിയൻ പട്ടാളമായ പീപ്പിൾസ് ആർമിയിൽ ചേരാൻ ഇവർ തയാറാണെന്ന് ഔദ്യോഗിക ദിനപത്രമാണ് റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ച തലസ്ഥാനമായ പോങ്ങ്യാങ്ങിൽ യുഎസിനും യുഎന്നിനും എതിരെ പടുകൂറ്റൻ ജനകീയ റാലിയും നടന്നുവെന്നു പത്രം പറയുന്നു.

സൈനിക ഭീഷണികളും പ്രതിസന്ധികളുമുണ്ടാകുമ്പോൾ ഉത്തര കൊറിയയിൽ സൈന്യത്തിൽ ചേരാൻ ജനം മുന്നോട്ടുവരുന്നത് പതിവാണ്. 2015ൽ ഉത്തര – ദക്ഷിണ കൊറിയകൾക്കിടയിൽ മൈൻ സ്ഫോടനമുണ്ടായി സംഘർഷാവസ്ഥ രൂപപ്പെട്ടപ്പോൾ 10 ലക്ഷം പേരാണ് സൈന്യത്തിൽ ചേരാൻ തയാറായി എത്തിയത്.

വലിയ വില കൊടുക്കേണ്ടിവരും: ട്രംപ്

വാഷിങ്ടൻ ∙ എന്നാൽ ഡോണൾഡ് ട്രംപ് ഇന്നലെയും ‘തനതു ശൈലിയിൽ’ തന്നെ പ്രതികരണങ്ങൾ നടത്തി. യുഎസിന്റെയോ സഖ്യരാജ്യങ്ങളുടെയോ ഭൂപ്രദേശത്ത് ഏതെങ്കിലും വിധത്തിലുള്ള ആക്രമണം നടത്തിയാൽ ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ ദുഃഖിക്കേണ്ടി വരുമെന്നാണു ട്രംപിന്റെ താക്കീത്. ഒരാഴ്ചയായി തുടർന്നുവരുന്ന വാക്‌യുദ്ധം ഇന്നലെയും ട്രംപ് തുടർന്നു.

‘കിം ജോങ്ങും അദ്ദേഹത്തിന്റെ കുടുംബവും കാലങ്ങളായി ഇത്തരം ഭീഷണികൾ മുഴക്കുന്നുണ്ട്. അങ്ങനെയെന്തെങ്കിലും ചെയ്താൽ യുഎസ് സ്വീകരിക്കുന്ന നടപടികൾ കർശനമായിരിക്കും’ –ട്രംപ് പറഞ്ഞു. ബുദ്ധിശൂന്യമായ എന്തെങ്കിലും കിം ജോങ് ഉൻ ചെയ്താൽ കൊറിയയ്ക്കുള്ള സൈനിക മറുപടി തയാറും സജ്ജവുമാണ് – ട്രംപ് കൂട്ടിച്ചേർത്തു.

യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗൺ വക്താക്കളും ഇതേ ശബ്ദത്തിലാണ് പ്രതികരിച്ചത് – ‘ഈ രാത്രി വേണമെങ്കിൽ പോരാടാൻ ഞങ്ങൾ തയാറാണ്’. ദേശീയ സുരക്ഷാ സംഘവുമായും യുഎന്നിലെ അമേരിക്കൻ പ്രതിനിധി നിക്കി ഹാലിയുമായും ട്രംപ് ചർച്ച നടത്തി.