Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദക്ഷിണ കൊറിയൻ പ്രസിഡന്റ് ‘വൻ തോൽവി’യെന്ന് ഉത്തര കൊറിയ

South-Korean-President-Moon-Jae-in മൂൺ ജേ

സോൾ∙ ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ തോൽവിയെന്നു ഉത്തരകൊറിയയുടെ ഔദ്യോഗിക ദിനപത്രം. ദക്ഷിണകൊറിയൻ പ്രസിഡന്റായി 100 ദിനങ്ങൾ പിന്നിട്ട മൂണിന്റെ പ്രകടനത്തെക്കുറിച്ചുള്ള ലേഖനത്തിലാണ് പരാമർശം. കൊറിയകൾ തമ്മിൽ യുദ്ധമുണ്ടാകില്ലെന്നു മൂൺ വ്യക്തമാക്കിയിരുന്നു. എന്നാൽ അപകടകരമായ കളി കളിക്കുന്നതു നിർത്താൻ ഉത്തരകൊറിയയോട് അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്നാണ് ഉത്തരകൊറിയൻ പത്രമായ റോഡോങ് സിൻമൻ 100 ദിവസത്തെ മൂണിന്റെ പ്രകടനം പരമദയനീയമാണെന്നു ലേഖനമെഴുതിയത്. മൂണിന്റെ പേരെടുത്തു പറയാതെയായിരുന്നു പരാമർശം.

കൊറിയകൾ തമ്മിലുള്ള ബന്ധം പൂർണമായും ഉലച്ചിലിലാണ്. ഊഷ്മളമായ ബന്ധമുണ്ടാക്കുമെന്നു പറഞ്ഞ മൂണിന്റെ പ്രവൃത്തികളെല്ലാം വിപരീത ദിശയിലാണ്. കൊറിയൻ സൗഹൃദത്തെക്കുറിച്ചുള്ള ദക്ഷിണകൊറിയയുടെ പ്രസ്താവനകൾക്കു യാതൊരു ആത്മാർഥതയുമില്ല. ഒരേസമയം തന്നെ ദക്ഷിണകൊറിയൻ സ്ഥാനപതി ഉത്തരകൊറിയയ്ക്കെതിരെ ഉപരോധത്തിനു കരുക്കൾ നീക്കുകയും സൗഹൃദം വേണമെന്നു പറയുകയും ചെയ്യുന്നു –ലേഖനം പറയുന്നു. മൂണിനു ദക്ഷിണകൊറിയയിൽ വലിയ സ്വീകാര്യതയാണുള്ളത്. അഭിപ്രായ സർവേകളിലും മറ്റും വലിയ അംഗീകാരമാണ് ദക്ഷിണകൊറിയൻ ജനത അദ്ദേഹത്തിനു നൽകിയത്.

പുറത്താക്കപ്പെട്ട പ്രസിഡന്റായ പാർക് ജ്യൂൻ ഹൈക്കു പകരം വന്ന മൂൺ അധികാരത്തിലെത്തിയ കാലം മുതൽ ഉത്തരകൊറിയയുടെ മിസൈൽ–അണ്വായുധ സംഘർഷങ്ങൾ മൂലം വലയുകയായിരുന്നു. ഉത്തരകൊറിയയും അമേരിക്കയും തമ്മിലുള്ള ബന്ധം ഈയടുത്തായി പ്രക്ഷുബ്ധാവസ്ഥയിലാണ്. അമേരിക്കൻ പ്രവിശ്യയായ ഗുവാമിലേക്കു റോക്കറ്റുകൾ അയയ്ക്കുമെന്നു ഉത്തരകൊറിയയും, വാഷിങ്ടണിന്റെ ആയുധങ്ങൾ സുസജ്ജമാണെന്നു ട്രംപും പറഞ്ഞിരുന്നു.