Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപിനെ കാണാൻ താൽപര്യമില്ലെന്ന് കൊല്ലപ്പെട്ട യുവതിയുടെ അമ്മ

Donald Trump

വാഷിങ്ടൺ∙ യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിനെ കാണാൻ താൽപര്യമില്ലെന്നു വെർജീനിയയിൽ നടന്ന വംശീയാക്രമണത്തിൽ കൊല്ലപ്പെട്ട യുവതിയുടെ അമ്മ. യുഎസ് സംസ്ഥാനമായ വെർജീനിയയിലെ ഷാർലറ്റ്‌സ്‌വിൽ പട്ടണത്തിൽ നാത്‌സി അനുകൂലികളായ തീവ്രദേശീയവാദികളുടെ പ്രതിഷേധ പ്രകടനത്തിനെതിരെ നടന്ന പ്രകടനത്തിലേക്കു കാർ പാഞ്ഞുകയറി മരിച്ച ഹീതർ ഹേയറിന്റെ (32) അമ്മ സൂസൻ ബ്രോയാണു ട്രംപിനെതിരെ രംഗത്തെത്തിയത്.

വൈറ്റ് ഹൗസിൽനിന്നു പലതവണ വിളിച്ചിരുന്നെങ്കിലും ട്രംപിനോടു സംസാരിക്കാൻ താൽപര്യമില്ലെന്നായിരുന്നു ബ്രോയുടെ പ്രതികരണം. വംശീയാക്രമണം സംബന്ധിച്ച് ‘ഇരുഭാഗത്തും തെറ്റുകളുണ്ട്’ എന്നു ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഹീതറിനെപ്പോലെയുള്ള പ്രക്ഷോഭകരെയും തീവ്രദേശീയവാദികളെയും ഒരേ തട്ടിൽ കാണുന്ന ട്രംപിന്റെ നിലപാടാണു ഹീതറിന്റെ അമ്മയെ പ്രകോപിപ്പിച്ചത്.

ട്വീറ്റിന് എതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഷാർലറ്റ്സ്‌വിൽ കോളജ് ക്യാംപസിൽ സ്ഥാപിച്ചിട്ടുള്ള, ആഭ്യന്തരയുദ്ധകാലത്തു വെള്ളക്കാരുടെ സേനാനായകനായിരുന്ന ജനറൽ റോബർട്ട് ഇ.ലീയുടെ പ്രതിമ നീക്കം ചെയ്യാനുള്ള തീരുമാനത്തിനെതിരെ തീവ്രദേശീയവാദികൾ രംഗത്തിറങ്ങിയതാണു സംഘർഷത്തിൽ കലാശിച്ചത്.

വർണവെറിയൻമാരെ നിലയ്ക്കു നിർത്തൂ: ട്രംപിനോട് ഷ്വാർസ്നഗർ

ലൊസാഞ്ചൽസ്‍ ∙ വംശീയതയോടുള്ള നിലപാടിൽ വ്യക്തത വരുത്താനും വർണവെറിയൻമാരെ നിലയ്ക്കുനി‍ർത്താനും അമേരിക്കൻ പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിനോടു നടനും കലിഫോർണിയ മുൻ ഗവർണറുമായ അർനോൾഡ് ഷ്വാർസ്നഗർ. വെർജീനിയ സംഭവത്തിൽ ട്രംപിന്റെ ട്വീറ്റിന് എതിരെയാണു ഷ്വാർസ്നഗറിന്റെ പ്രതികരണം.