Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എണ്ണക്കപ്പലുമായി യുഎസ് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു; 10 നാവികരെ കാണാതായി

USS-John-S.-McCain എണ്ണക്കപ്പലുമായി കൂട്ടിയിടിച്ച് യുഎസ് യുദ്ധക്കപ്പലിന്റെ താഴ്ഭാഗം തകർന്നനിലയിൽ.

സിംഗപ്പൂർ∙ സിംഗപ്പുരിന്റെ കിഴക്കൻ തീരത്തു മിസൈൽവേധ യുഎസ് യുദ്ധക്കപ്പൽ, എണ്ണ ടാങ്കറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്തു യുഎസ് നാവികരെ കാണാതായി. അഞ്ചുപേർക്കു പരുക്കേറ്റു. ഇടിയുടെ ആഘാതത്തിൽ കപ്പലിന്റെ അടിഭാഗം പിളർന്നുണ്ടായ വിള്ളലിലൂടെ  നാവികർ ഉറങ്ങുന്ന കംപാർട്ട്‌മെന്റുകളിൽ വെളളം കയറി.  തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 5.24നാണ് അപകടം. സിംഗപ്പുർ തുറമുഖത്തേക്കു പോകുകയായിരുന്ന യുഎസ്എസ് ജോൺ എസ്.മക്കെയ്‌നാണു അൽനിക് എംസി എന്ന എണ്ണ ടാങ്കറുമായി കൂട്ടിയിടിച്ചത്.

കൂട്ടിയിടിയിൽ കപ്പലിന്റെ ഒരു വശത്ത് ആറുമീറ്ററോളം വീതിയിൽ വിള്ളലുണ്ടായതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.    സിംഗപ്പുരും മലേഷ്യയും തമ്മിൽ സമുദ്രാതിർത്തി തർക്കമുള്ള പെട്രോ ബ്രാൻക മേഖലയിലാണു കൂട്ടിയിടി നടന്നത്. പസഫിക് മേഖലയിൽ രണ്ടു മാസത്തിനിടെ യുഎസ് യുദ്ധക്കപ്പലുകൾ നേരിടുന്ന രണ്ടാമത്തെ അപകടമാണിത്. ജൂൺ 17നു ജപ്പാൻ കടലിൽ യുഎസ്എസ് ഫിറ്റ്‌സ്‌ജെറാൾഡ്, ചരക്കുകപ്പലുമായി കൂട്ടിയിടിച്ച് ഏഴു യുഎസ് നാവികരാണു കൊല്ലപ്പെട്ടത്.

റിപ്പബ്ലിക്കൻ പാർട്ടി സെനറ്ററായ ജോൺ മക്കെയ്‌നിന്റെ അച്ഛന്റെയും മുത്തച്ഛന്റെയും പേരിലുള്ളതാണു യുഎസ്എസ് ജോൺ എസ്. മക്കെയ്ൻ. ഇരുവരും യുഎസ് സേനയിൽ അഡ്‌മിറലുകളായിരുന്നു.